ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 17, 2021
ആമസോണിന് 200 കോടി പിഴ, ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കി
അമേരിക്കന്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് 200 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI). ഫ്യൂച്ചര്‍ കൂപ്പണ്‍സുമായുള്ള 2019ലെ കരാറും സിസിഐ റദ്ദ് ചെയ്തിട്ടുണ്ട്. റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതികള്‍ പരിശോധിച്ചാണ് നടപടി.
ബാങ്കുകളിലെ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കുന്നു
സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകളിലെ പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 51 % പങ്കാളിത്തത്തില്‍ നിന്ന് 26 % ആയി കുറയ്ക്കുന്നതാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്
ബാങ്ക് സമരത്തെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നത് 37000 കോടി രൂപയുടെ ചെക്കുകള്‍
ദ്വിദിന ബാങ്ക് പണിമുടക്ക് മൂലം രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 38 ലക്ഷം ചെക്കുകള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 37000 കോടി രൂപയുടെ മൂല്യമുള്ളതാണ് ഈ ചെക്കുകള്‍ എന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. ചെന്നൈയിലും ദില്ലിയിലും മുംബൈയിലുമാണ് ചെക്ക് ക്ലിയറിംഗ് സെന്ററുകളുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിലായ 38 ലക്ഷം ചെക്കുകളാണ് ഇവിടെ എത്തി ക്ലിയറിങ് കാത്തിരിക്കുന്നത്. ചെന്നൈയില്‍ മാത്രം 10600 കോടി രൂപ മൂല്യം വരുന്ന 10 ലക്ഷം ചെക്കുകളുണ്ട്. മുംബൈയില്‍ 15400 കോടിയുടെ 18 ലക്ഷം ചെക്കുകള്‍, ദില്ലിയില്‍ 11000 കോടി രൂപയുടെ 11 ലക്ഷം ചെക്കുകളുമാണ് നടപടി കാത്തുകിടക്കുന്നത്.
കെല്ലിന് ദക്ഷിണകൊറിയന്‍ കമ്പനിയുടെ എക്‌സ്‌പോര്‍ട്ട് ഓര്‍ഡര്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ (KEL) കുണ്ടറ യൂണിറ്റിന് ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സംഗ്ഷിന്‍ റോളിംഗ് സ്‌റ്റോക് ടെക്‌നോളജിയില്‍ നിന്ന് 3സണ ഓള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. 22 ഓള്‍ട്ടര്‍നേറ്ററുകള്‍ക്കാണ് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. കേരളസര്‍ക്കാറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് KEL.
ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ച് സ്വര്‍ണം
ഈ ആഴ്ചയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ ഉയര്‍ച്ച. രണ്ട് ദിവസമായി കുത്തനെ ഉയര്‍ന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് വന്ന സ്വര്‍ണവില ഇന്നലെ പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു. ഇന്ന് അവിടെ നിന്ന് വീണ്ടും വില വര്‍ധിക്കുകയായിരുന്നു.
രാജ്യം രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് അമിത് ഷാ
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒയോ ഐപിഒയ്‌ക്കെതിരെ എഫ് എച് ആര്‍ ഐ
ഒയോ ഐപിഒക്കുള്ള നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റാലിറ്റി സംഘടനയായ എഫ് എച് ആര്‍ ഐ സെബിയെ സമീപിച്ചു. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് കാരണം പറഞ്ഞാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് കമ്പനി.
ലാഭമെടുപ്പില്‍ മുങ്ങി ഓഹരി സൂചികകള്‍; നിഫ്റ്റി 17000 ത്തിന് താഴെ
നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു. ഐറ്റി ഒഴികെയുള്ള ഓഹരികളെല്ലാം ഇന്ന് വ്യാപകമായി വിറ്റഴിക്കപ്പെട്ടു.സെന്‍സെക്സ് 889.40 പോയ്ന്റ് താഴ്ന്ന് 57011.74 പോയ്ന്റിലും നിഫ്റ്റി 263.20 പോയ്ന്റ് ഇടിഞ്ഞ് 16985.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 913 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2221 ഓഹരികളുടെ വില ഇടിഞ്ഞു. 76 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. വിപ്രോ, ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്നോളജീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്സ്പിന്‍ ഇന്ത്യ (3.84 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.09 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.57 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.15 ശതമാനം), കെഎസ്ഇ (0.54 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം കിറ്റെക്സ്, നിറ്റ ജലാറ്റിന്‍, കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, എവിറ്റി, ഫെഡറല്‍ ബാങ്ക് തുടങ്ങി 23 കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. ഇന്‍ഡിട്രേഡ് (ജെആര്‍ജി) യുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കോവിഡ് മരണം; നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കേരളത്തെ വിമര്‍ശിച്ച് സുപ്രീംകോടതി
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി. 40000 ത്തോളം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് വെറും 548 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ 50000 രൂപയുടെ സഹായം അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇത് സംസ്ഥാനങ്ങളുടെ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്.