ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 20, 2021

ഒമിക്രോണ്‍ വ്യാപനത്തില്‍ ഭീതി: എണ്ണവിലയില്‍ 2 ശതമാനം ഇടിവ്

യു.എസിലും യൂറോപ്പിലും ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണ വിലയില്‍ ഇടിവ്. ഒമിക്രോണിനെ തടയാന്‍ ബിസിനസുകള്‍ക്കു മേല്‍ നിയന്ത്രണം വന്നേക്കുമെന്ന ആശങ്ക ഉയര്‍ന്നാല്‍ ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടായേക്കുമെന്നതിനെ തുടര്‍ന്നാണ് വിലയില്‍ രണ്ടു ശതമാനം കുറഞ്ഞത്. ബ്രെന്റ് ക്രൂഡിന്റെ വില 1.36 ഡോളര്‍ കുറഞ്ഞ് ബാരലിന് 72.16 ഡോളറായി.

26,300 ടൂവീലറുകള്‍ തിരികെ വിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബ്രേക്ക് പ്രശ്നം സംശയിക്കുന്നതിനാല്‍ 'മുന്‍കരുതല്‍ നടപടി' എന്ന നിലയില്‍ റോയല്‍ എന്‍ഫീല്‍ഡ്, 2021 സെപ്റ്റംബര്‍ 1 നും 2021 ഡിസംബര്‍ 5 നും ഇടയില്‍ നിര്‍മ്മിച്ച ക്ലാസിക് 350-ന്റെ 26,300 യൂണിറ്റുകള്‍ തിങ്കളാഴ്ച തിരിച്ചുവിളിച്ചു.

ഇക്സിഗോ ഐപിഓയ്ക്ക് അനുമതി

ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ഇക്സിഗോ നടത്തുന്ന ലെ ട്രാവന്യൂസ് ടെക്നോളജി ലിമിറ്റഡിന് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1,600 കോടി രൂപ സമാഹരിക്കാനുള്ള മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. ഐപിഒ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുതിയ കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തില്‍ യുകെ

കോവിഡ് ഉള്‍പ്പെടെ സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാനൊരുങ്ങി യുകെയിലെ ഒരു കൂട്ടം ഗവേഷകര്‍. കുറഞ്ഞ ചെലവില്‍ mRNA വാക്സിനുകളും ചികിത്സകളും അതിവേഗം വികസിപ്പിക്കാനും വന്‍തോതില്‍ നിര്‍മിക്കാനും പുതിയ വഴികള്‍ ഉപയോഗിക്കുന്നു.

ഇന്‍ട്രാനാസല്‍ വാക്സിന് അനുമതി തേടി ഭാരത് ബയോടെക്

ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് കോവിഡ് -19 ഇന്‍ട്രാനാസല്‍ വാക്സിന്‍ (ബിബിവി 154) ഘട്ടം-3 പരീക്ഷണങ്ങള്‍ നടത്താന്‍ ഭാരത് ബയോടെക് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടിയതായി റിപ്പോര്‍ട്ട്.

പാനമ പേപ്പേഴ്‌സ്; ഐശ്വര്യ റായ് ബച്ചനെ ഇ ഡി ചോദ്യം ചെയ്തു

വിദേശ നാണയ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ് ബച്ചനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്റേറ്റ് ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ചോദ്യം ചയ്യെലില്‍ മൊഴി രേഖപ്പെടുത്തി.

ഒമിക്രോണ്‍; ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി വിമാനത്താവളങ്ങള്‍

ഒമിക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ആര്‍ടിപിസിആര്‍ കര്‍ശനമാക്കി. ടെസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സുവിധ പോര്‍ട്ടലില്‍ സൗകര്യം ലഭ്യമാകും.

ഒമിക്രോണ്‍ ഭീതിയില്‍ വിപണി, സൂചികകളില്‍ ഇന്നും ഇടിവ്

ഒമിക്രോണ്‍ വകഭേദത്തില്‍ പകച്ച് വിപണി. തുടര്‍ച്ചയായ രണ്ടാം സെഷനിലും സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 1189.73 പോയ്ന്റ് ഇടിഞ്ഞ് 55822.01 പോയ്ന്റിലും നിഫ്റ്റി 371.00 പോയ്ന്റ് ഇടിഞ്ഞ് 16614.20 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

621 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2604 ഓഹരികളുടെ വിലയിടിഞ്ഞു. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ സിപ്ല, എച്ച് യു എല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. റിയല്‍റ്റി, ബാങ്ക്, കാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍ സൂചികകളില്‍ 3-4 ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ മൂന്നു ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 0.34 ശതമാനം നേട്ടമാണ് കമ്പനി നേടിയത്. സിഎസ്ബി ബാങ്ക് , ഹാരിസണ്‍സ് മലയാളം, നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, എഫ്എസിടി, കിറ്റെക്സ്, ആസ്റ്റര്‍ ഡി എം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അപ്പോളോ ടയേഴ്സ്, കെഎസ്ഇ തുടങ്ങി 28 കേരള കമ്പനികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായില്ല.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it