ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 22, 2021

എല്‍ഐസിയുടെ എയുഎം 37 ട്രില്യണ്‍, പല രാജ്യങ്ങളുടെയും ജിഡിപിയെക്കാള്‍ ഉയരത്തില്‍

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന പൊതുമേഖലാ സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അതിന്റെ വലുപ്പം കൊണ്ട് തന്നെ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന ഈ ഇന്‍ഷുറന്‍സ് ഭീമന്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ മൂല്യം അഥവാ എയുഎം(asset under managemetn) പല പ്രമുഖ രാജ്യങ്ങളുടെയും ജിഡിപിക്കും മുകളിലാണ്.

ഫോക്സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനിയായ ഭാരത് എഫ്ഐഎച്ച് ഐപിഓയ്ക്ക്

ഐഫോണും ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകളുമടക്കം നിര്‍മിക്കുന്ന ഫോക്സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനിയായ ഭാരത് എഫ്ഐഎച്ച് ഐപിഒ വഴി പ്രാരംഭ ഓഹരി വില്പന വഴി 5000 കോടി സമാഹരിക്കുന്നു. പുതിയ ഓഹരികളിലൂടെ 2,500 കോടിയും ഓഫര്‍ ഫോര്‍ സെയില്‍വഴി 2,500 കോടി രൂപയുമാകും സമാഹരിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഐപിഓയ്ക്കുവേണ്ടി സെബിയില്‍ പത്രിക സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

രാജ്യത്തെ വിവിധ ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നതായി റിപ്പോര്‍ട്ട്. ഒപ്പൊ പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. നികുതി അടയ്ക്കാതിരിക്കാനായി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ പല ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് വ്യക്തമാക്കിയ ഒപ്പൊ തങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു.

ആകാശ എയര്‍ ബുധനാഴ്ച ബ്രാന്‍ഡ് ലോഗോ പുറത്തിറക്കി

രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയര്‍ ബുധനാഴ്ച ബ്രാന്‍ഡ് ലോഗോ പുറത്തിറക്കി. 'inspired by elements of the sky''എന്ന ലോഗോയാണ് പ്രകാശനം ചെയ്തത്. ഔദ്യോഗിക ട്വീറ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സോണി - സീ ലയനത്തിന് അംഗീകാരമായി

സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്സ് ഇന്ത്യയും സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും ലയിച്ചു. ഡയറക്ടര്‍ ബോഡ് ലയനത്തിന് അംഗീകാരം നല്‍കിയതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. പുതിയ കമ്പനിയില്‍ സോണിക്ക് 50.86ശതമാനവും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15ശതമാനവും പങ്കാളിത്തവുമുണ്ടാകും. പുനീത് ഗോയങ്ക തന്നെയാകും സിഇഒ.

ആഡംബരക്കപ്പലില്‍ പുതുവത്സരാഘോഷമൊരുക്കി കെഎസ്ആര്‍ടിസി

ആഡംബരക്കപ്പലില്‍ പുതുവത്സരാഘോഷം സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്റെ കപ്പല്‍ വാടകയ്‌ക്കെടുത്ത് അതിലാകും ആഘോഷ രാത്രി. കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ നിന്നു പുറപ്പെടുന്ന നെഫരറ്റിറ്റി എന്ന ക്രൂയിസര്‍ കപ്പലിലാണ് 5 മണിക്കൂര്‍ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

കാര്‍ഡ് ടോക്കണൈസേഷന്‍; കൂടുതല്‍ സമയം വേണമെന്ന ആവശ്യവുമായി കമ്പനികളും ബാങ്കുകളും

'കാര്‍ഡ് ടോക്കണൈസേഷന്‍' രീതി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവുമായി കമ്പനികളും ബാങ്കുകളും. പുതിയ രീതി നടപ്പാക്കാൻ ആറ് മാസമെങ്കിലും സമയം നീട്ടി നൽകണം എന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്‌വര്‍ക്കിനുമല്ലാതെ രാജ്യത്തു മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്‌ക്കോ ജനുവരി 1 മുതല്‍ കാര്‍ഡ് നമ്പരോ ഡിഫോള്‍ട്ട് വിവരങ്ങളോ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ.

ഓഹരി സൂചികയില്‍ ഇന്നും മുന്നേറ്റം

ഇന്ത്യന്‍ ഓഹരി സൂചിക തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്സ് 611.55 പോയ്ന്റ് ഉയര്‍ന്ന് 56,930.56 പോയ്ന്റിലും നിഫ്റ്റി 184.70 പോയ്ന്റ് ഉയര്‍ന്ന് 16955.50 പോയ്ന്റിലും ക്ലോസ് ചെയ്തു. ആഗോള വിപണി ശക്തമായത് ഇന്ത്യന്‍ വിപണിക്കും നേട്ടമായി. 2365 ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. 885 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ഡിവിസ് ലബോറട്ടറീസ്, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിആ ലൈഫ് ഇന്‍ഷുറന്‍സ്, വിപ്രോ, അദാനി പോര്‍ട്സ്, ഐഒസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 24 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 9.88 ശതമാനം നേട്ടവുമായി കിറ്റെക്സ് മുന്നില്‍ നില്‍ക്കുന്നു. മണപ്പുറം ഫിനാന്‍സ് (5.27 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.97 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.07 ശതമാനം), കെഎസ്ഇ (3.21 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.92 ശതമാനം), എഫ്എസിടി (2.65 ശതമാനം), അപ്പോളോ ടയേഴ്സ് (2.54 ശതമാനം) തുടങ്ങിയ കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it