ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 23, 2021

കാര്‍ഡ് ടോക്കണൈസേഷന്‍ നടപ്പാക്കാന്‍ സമയം നീട്ടി നല്‍കി ആര്‍ബിഐ

കാര്‍ഡ്-ഓണ്‍-ഫയല്‍ (CoF) ടോക്കണൈസേഷന്‍ സമയപരിധി 6 മാസം നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). 2021 ഡിസംബര്‍ 31 വരെ ആയിരുന്ന അവസാന തീയതി 2022 ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

എച്ച്എസ്ബിസി അസറ്റ് മാനേജ്‌മെന്റ് എല്‍&ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിനെ ഏറ്റെടുക്കുന്നു

എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയുടെ (എച്ച്എസ്ബിസി) ഉപസ്ഥാപനമായ എച്ച്എസ്ബിസി അസറ്റ് മാനേജ്‌മെന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിനെ (എല്‍ടിഎഫ്എച്ച്) ഏറ്റെടുക്കുന്നു. 425 മില്യണ്‍ ഡോളറിന്റെ (3,200 കോടി രൂപ) ആണ് ഇടപാട്. എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡിനെ (എല്‍ടിഐഎം) പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടു.

ഹീറോ മോട്ടോകോര്‍പ്പ് വിലയുയര്‍ത്തുന്നു

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, 2022 ജനുവരി 4 മുതല്‍ വിലയുയര്‍ത്തുന്നു. 100 മുതല്‍ 2000 രൂപവരെയാകും വര്‍ധനവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന കംപോണന്റ് വിലയുടെ ആഖാതം ഭാഗികമായി നികത്തുന്നതിനാണ് വില പരിഷ്‌കരണം ആവശ്യമായി വന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഇഡിക്കെതിരെ നിയമപോരാട്ടത്തിനായി ആമസോണ്‍

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോണ്‍. 2019 ലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ആമസോണ്‍ കോടതിയിലേക്ക് എത്തിയത്. ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ ആമസോണ്‍ കമ്പനി 2019 ല്‍ നിക്ഷേപിച്ച 200 ദശലക്ഷം ഡോളറിന് മുകളില്‍ മാസങ്ങളായി എന്‍ഫോഴ്‌സെമെന്റ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ആമസോണും ഫ്യൂചര്‍ ഗ്രൂപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ തന്നെ കേന്ദ്ര ബിന്ദുവാണ് ഈ ഇടപാട്.

മെര്‍ക്ക് ആന്‍ഡ് കമ്പനിയുടെ ആന്റിവൈറല്‍ ഗുളികയ്ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം

മുതിര്‍ന്ന രോഗികള്‍ക്ക് കോവിഡ് രോഗത്തിനെതിരെ നല്‍കുന്ന മെര്‍ക്ക് ആന്‍ഡ് കോയുടെ ആന്റിവൈറല്‍ ഗുളികയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍, അംഗീകാരം നല്‍കി. റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സ് ഉപയോഗിച്ച് വികസിപ്പിച്ച മെര്‍ക്കിന്റെ മരുന്ന്, മോള്‍നുപിരാവിര്‍, അസുഖത്തിന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികളുടെ ക്ലിനിക്കല്‍ ട്രയലില്‍ ആശുപത്രിവാസവും മരണവും ഏകദേശം 30% കുറയ്ക്കുന്നതായി കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ദിവസത്തെ ഇറക്കത്തിന് ശേഷം ഉയര്‍ന്ന് കേരളത്തിലെ സ്വര്‍ണവില!

ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ നിന്നും രണ്ട് ദിവസം ഇറക്കം പ്രകടമാക്കിയ സ്വര്‍ണവിപണി വീണ്ടും നേരിയ തോതില്‍ ഉയര്‍ന്നു.രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില ഒരു ഗ്രാമിന് 4535 രൂപയാണ്. 20 രൂപയാണ് ഇന്നലത്തെ സ്വര്‍ണ്ണവിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4570 രൂപയായിരുന്നു ഇക്കഴിഞ്ഞ ദിവസത്തെ ഇറക്കത്തിന് മുമ്പ് സ്വര്‍ണവില നിന്നിരുന്നത്. പിന്നീട് സ്വര്‍ണവില പവന് 36560 രൂപയില്‍ നിന്ന് 36240 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില ഇന്ന് പവന് 36360 രൂപയായി.

ഓഹരി സൂചികകള്‍ ഇന്ന് മുന്നോട്ട്

ഒമിക്രോണ്‍ ഭീതിയെ മറികടന്ന് വര്‍ഷാവസാനത്തില്‍ ഓഹരി വിപണി മറ്റൊരു റാലിക്ക് സാക്ഷ്യം വഹിക്കുമോ? നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് അതാണ്. തുടര്‍ച്ചയായി മൂന്നാംദിവസവും സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തതോടെ വിപണിയില്‍ സാന്താറാലി വരുമെന്ന പ്രതീക്ഷയ്ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്.

ഇടയ്ക്ക് ലാഭമെടുക്കലില്‍ അല്‍പ്പം ഉലഞ്ഞെങ്കിലും സൂചികകള്‍ ഇന്ന് മുന്നോട്ട് തന്നെയാണ് നീങ്ങിയത്. വ്യാപാര അന്ത്യത്തില്‍ സെന്‍സെക്സ് 384 പോയ്ന്റ് ഉയര്‍ന്ന് 57,315 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 118 പോയ്ന്റ് ഉയര്‍ന്ന് 17,073ലും ക്ലോസ് ചെയ്തു.

മെഡ്പ്ലസ് ഓഹരികള്‍ കുതിച്ചുയര്‍ന്നു

ഇന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇഷ്യു പ്രൈസിനേക്കാള്‍ 27.5 ശതമാനം പ്രീമിയത്തില്‍ 1,015 ട്രേഡിംഗ് ആരംഭിച്ച ഓഹരി, ആദ്യദിനത്തില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 40.5 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. മെഡ്പ്ലസിന്റെ ഇഷ്യു പ്രൈസ് 796 രൂപയായിരുന്നു.

വിശാല വിപണിയും ഇന്ന് മികച്ച നേട്ടം കൈവരിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചിക ഒരു ശതമാനം നേട്ടം കൊയ്തപ്പോള്‍ സ്മോള്‍ കാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

വെറും ആറ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. ഫാക്ടിന്റെ ഓഹരി വില ഇന്ന് ഏഴര ശതമാനത്തോളം കൂടി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴികെ കേരളം ആസ്ഥാനമായുള്ള മറ്റ് മൂന്ന് ബാങ്കുകളുടെയും, സി എസ് ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു.

Related Articles
Next Story
Videos
Share it