ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 28, 2021
ബാങ്ക് തട്ടിപ്പുകള്‍ കൂടിയെങ്കിലും തട്ടിപ്പ് തുക കുറഞ്ഞെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്
ഏപ്രില്‍-സെപ്റ്റംബര്‍ വരെ 4,071 ബാങ്കിംഗ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,499 ആയിരുന്നുവെന്നും 2020-21 ലെ ഇന്ത്യയിലെ ബാങ്കിംഗ് ട്രെന്‍ഡ്& പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കി. എന്നിരുന്നാലും, ഈ ബാങ്കിംഗ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട തുക മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 64,261 കോടി രൂപയില്‍ നിന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 36,342 കോടി രൂപയായി കുറഞ്ഞു.
ഐപിഒ; ചില ചട്ടങ്ങള്‍ പരിഷ്‌കരിച്ച് സെബി
ഐപിഒ വിപണി വെളിപ്പെടുത്തലുകള്‍ പരിഷ്‌കരിക്കുന്നതിന് സെബി നിരവധി പുതിയ നടപടികള്‍ അംഗീകരിക്കുന്നതായി റിപ്പോര്‍ട്ട്. പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്ന സാഹചര്യത്തില്‍ കമ്പനികളുടെ നിര്‍ബന്ധിത വെളിപ്പെടുത്തലിന് റെഗുലേറ്റേഴ്സ് ബോര്‍ഡ് അംഗീകാരം നല്‍കി. പുതിയ കാലത്തെ നിരവധി ടെക്നോളജി കമ്പനികള്‍ അവരുടെ കരട് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസില്‍(DRHP )കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ഏറ്റെടുക്കല്‍ ആവശ്യത്തിനായി പുതിയ ഫണ്ടുകള്‍ സ്വീകരിച്ചതിന്റെ വെളിച്ചത്തിലാണ് ഈ നിയമം വരുന്നത്.
ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിതത്തിൽ ഫ്‌ളിപ്കാര്‍ട്ട് മുന്നിലെന്ന് റിപ്പോര്‍ട്ട്
എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പൂള്‍ അഥവാ ഇഎസ്ഓപി ഏറ്റവുമധികമുള്ള ഇന്ത്യയിലെ കമ്പനി ഫ്‌ളിപ്കാര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ട് 17,000 കോടി രൂപയുടെ സ്റ്റാഫുകള്‍ക്കുള്ള സ്റ്റോക്ക് ഓപ്ഷനുകള്‍ അനുവദിച്ചെന്നും എക്സിക്യൂട്ടീവ് സെര്‍ച്ച് സ്ഥാപനമായ ലോംഗ്ഹൗസ് കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ടിനെ അധികരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. ഡാറ്റ പ്രകാരം ഒയോ, സൊമാറ്റോ, പേടിഎം, നൈക എന്നിവയും മുന്നിലുണ്ട്.
ആദായനികുതി വകുപ്പിനെ പൊളിച്ചുപണിയാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(CBDT) ആദായനികുതി വകുപ്പിനെ മൊത്തത്തില്‍ പുനഃസംഘടിപ്പിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഡിപ്പാര്‍ട്ട്മെന്റിലെ 10 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പാനല്‍, വകുപ്പിന്റെ പങ്കും പ്രവര്‍ത്തനങ്ങളും വീണ്ടും വിലയിരുത്തുകയും നികുതിദായകനും വകുപ്പും തമ്മിലുള്ള ഭൗതിക സമ്പര്‍ക്കം കുറച്ച് മുഖമില്ലാത്ത ഭരണത്തിലെ അപാകതകള്‍ ഇല്ലാതാക്കുകയും ചെയ്യും. അടിമുടി ഡിജിറ്റലാകാനാണ് വകുപ്പ് തയ്യാറെടുക്കുന്നത്.
ഐറ്റി, ഓട്ടോ ഓഹരികള്‍ തുണച്ചു, സൂചികകളില്‍ മുന്നേറ്റം
ഐറ്റി, ഓട്ടോ, കാപിറ്റല്‍ ഗുഡ്സ്, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍, തുടര്‍ച്ചയായ രണ്ടാം സെഷനിലും മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്സ് 477.24 പോയ്ന്റ് ഉയര്‍ന്ന് 57897.48 പോയ്ന്റിലും നിഫ്റ്റി 147 പോയ്ന്റ് ഉയര്‍ന്ന് 17233.30 പോയ്ന്റിലും ക്ലോസ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും ആഗോള വിപണിയുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണിയും നേട്ടമുണ്ടാക്കുകയായിരുന്നു.
2519 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 773 ഓഹരികളുടെ വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. 99 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഏഷ്യന്‍ പെയ്ന്റ്സ്, മഹീന്ദ്ര & മഹീന്ദ്ര, ടൈറ്റന്‍ കമ്പനി, അള്‍ട്രാ ടെക് സിമന്റ്, സണ്‍ ഫാര്‍മ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 25 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 5.94 ശതമാനം നേട്ടവുമായി എഫ്എസിടി മുന്നില്‍ നില്‍ക്കുന്നു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (5 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.97 ശതമാനം), എവിറ്റി (4.77 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.76 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.29 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.74 ശതമാനം), അപ്പോളോ ടയേഴ്സ് (3.50 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.64 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, കേരള ആയുര്‍വേദ എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.