ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 30, 2021

ബാങ്ക് അക്കൗണ്ട് കെ വൈ സി പുതുക്കല്‍ മാര്‍ച്ച് വരെ നീട്ടി

ബാങ്ക് അക്കൗണ്ടുകളിലെ കെവൈസിക്കുള്ള സമയപരിധി നീട്ടി. ആര്‍ബിഐ അറിയിപ്പ് പ്രകാരം അക്കൗണ്ട് ഹോള്‍ഡര്‍മാരുടെ പുതുക്കിയ വിവരങ്ങള്‍ 2022 മാര്‍ച്ച് 31 വരെ ബാങ്കുകള്‍ക്ക് സ്വീകരിക്കാം.

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

2020- 21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള GSTR 9 & 9C ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയാണ് അവസാന തീയതിയായ 2021 ഡിസംബര്‍ 31 ല്‍ നിന്നും 2022 ഫെബ്രുവരി 28 വരെ നീട്ടിയത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെയറക്ട് ടാക്സസ് & കസ്റ്റംസ് (CBIC) ആണ് ഔദ്യോഗികമായി അറിയിപ്പ് പുറത്തുവിട്ടിട്ടുള്ളത്. 202021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫോം GSTR-9-ല്‍ വാര്‍ഷിക റിട്ടേണും ഫോം GSTR-9 ഇ യില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അനുരഞ്ജന പ്രസ്താവനയും reconciliation statementനല്‍കുന്നതിനുള്ള അവസാന തീയതിയും 31.12.2021 ല്‍ നിന്ന് 28.02.2022 ലേക്ക് നീട്ടി.

ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി വര്‍ധന; എതിര്‍ത്ത് സംസ്ഥാനങ്ങള്‍

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി, ജനുവരി 1 മുതല്‍ ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് വിവിധ സര്‍ക്കാരുകളുടെ ആവശ്യം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റിന് മുമ്പുള്ള യോഗത്തില്‍ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ തുണിത്തരങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 12 ആയി ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അറിയിച്ചു. നിലവില്‍ 5 ശതമാനമാണ് ഇവയ്ക്ക് ജിഎസ്ടി.

ഒമിക്രോണിനെതിരെ വാക്‌സിനുകള്‍ പ്രതിരോധം കൂട്ടും'; ലോകാരോഗ്യ സംഘടന പറയുന്നത്

ഇന്ത്യയില്‍ ഫെബ്രുവരി ആദ്യവാരത്തോടെ ഒമിക്രോണ്‍ വകഭേദം അതിന്റെ ഉയര്‍ന്ന തലത്തിലെത്തുമെന്നാണ് ഇതിനോടകം ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോവിഡ് സുനാമിയാണ് രാജ്യം അഭിമുഖീകരിക്കേണ്ടി വരികയെന്നും അവര്‍ പറഞ്ഞു. അതേസമയം ലോകമെമ്പാടും ഒമിക്റോണ്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചപ്പോള്‍, വാക്സിനുകള്‍ ഇപ്പോഴും ഫലപ്രദമാണെന്ന് തെളിയിക്കുന്നതായി ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.

സ്വര്‍ണവില കുത്തനെ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 75 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഒരു പവന്‍ വിലയില്‍ ഒറ്റ ദിവസം കൊണ്ട് 600 രൂപയും ഉയര്‍ന്നു. ഇതോടെ ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4590 രൂപയാണ്. ഒരു പവന് വില 36720 രൂപ. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 4515 രൂപയും പവന് 36120 രൂപയുമായിരുന്നു.

അതേസമയം 24 കാരറ്റ് വിഭാഗത്തില്‍ സ്വര്‍ണ്ണ വില 27 രൂപ ഗ്രാമിന് കുറഞ്ഞു. ഇന്നലെ ഗ്രാമിന് 4926 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 4899 രൂപയായി. ഒരുപവന്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 39408 രൂപയായിരുന്നു ഇന്നലെ.

നേരിയ ഇടിവോടെ ഓഹരി സൂചികകള്‍

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍. സെന്‍സെക്സ് 12.17 പോയ്്ന്റ് ഇടിഞ്ഞ് 57794.32 പോയ്ന്റിലും നിഫ്റ്റി 9.60 പോയ്ന്റ് താഴ്ന്ന് 17204 പോയ്ന്റിലും ക്ലോസ് ചെയ്തു. 1711 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1447 ഓഹരികളുടെ വിലയിടിഞ്ഞു. 89 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സിപ്ല, എച്ച് സി എല്‍ ടെക്നോളജീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമാണ് ഇ്ന്ന് നേട്ടമുണ്ടാക്കിയത്. എഫ്എസിടി (7.99 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (7.76 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്സ് (6.14 ശതമാനം), ധനലക്ഷ്മി ബാങ്ക് (5.23 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.97 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കിറ്റെക്സ്, എവിറ്റി, ആസ്റ്റര്‍ ഡി എം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it