ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 31, 2021

ടെക്‌സ്‌റ്റൈല്‍ മേഖല: ജി എസ് ടി നിരക്ക് 12%ആക്കാനുള്ള തീരുമാനം മാറ്റി
ഉയര്‍ത്താനുള്ള തീരുമാനം 2022 ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുണിത്തരങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ നീട്ടിവച്ചു. വിഷയം 2022 ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 5% ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന തുണിത്തരങ്ങള്‍ക്ക് 12% ആക്കി ഉയര്‍ത്താനായിരുന്നു ശുപാര്‍ശയുണ്ടായിരുന്നത്. 2022 ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രഖ്യാപനം.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടില്ല: റവന്യൂ സെക്രട്ടറി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി നല്‍കാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് റെവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. പോര്‍ട്ടലില്‍ നടപടികള്‍ പ്രശ്നമില്ലാതെ നടത്താനാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് മൂന്നു മണി വരെയായി 5.62 കോടി ഐ.ടി.ആര്‍ ഫയല്‍ ചെയ്തുവെന്നും ഇന്നു മാത്രം 20 ലക്ഷം ഐ.ടി.ആര്‍ ഫയല്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ വാക്‌സിന്‍ ജനുവരി ഒന്നുമുതല്‍
സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെ പ്രായക്കാരുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍
സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കൊപ്രയുടെ താങ്ങുവില കേന്ദ്ര ഗവണ്‍മെന്റ് പുതുക്കി
എഫ് എ ക്യൂ നിലവാരത്തിലുള്ള ആട്ടു കൊപ്രയുടേയും ഉണ്ടകൊപ്രയുടെയും 2022 സീസണിലെ താങ്ങുവില പുതുക്കി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവായി. ആട്ടു കൊപ്രക്ക് കിന്റലിന് 10590 രൂപയും ഉണ്ടകൊപ്രയ്ക്ക് കിന്റലിന് 11000 രൂപയുമാണ് പതുക്കിയ വില. കഴിഞ്ഞ സീസണില്‍ ഇത് യഥാക്രമം 10335 ഉം 10,600 ഉം ആയിരുന്നു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതുക്കിയ താങ്ങുവിലയ്ക്ക് അംഗീകാരം നല്‍കിയത്.
ഒല വീണ്ടും സ്‌കൂട്ടര്‍ ബുക്കിംഗ് ആരംഭിക്കുന്നു
ബുക്ക് ചെയ്തവര്‍ക്കെല്ലാം ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിക്കുമെന്നും അടുത്ത ബുക്കിംഗിനുള്ള വിന്‍ഡോ വൈകാതെ തുറക്കുമെന്നും ചെയര്‍മാന്‍ ഭവിഷ് അഗര്‍വാള്‍. 2021 ഓഗസ്റ്റില്‍ ഡെലിവറി ആരംഭിക്കുമെന്ന് പറഞ്ഞ ഒല, പിന്നീട് നീട്ടിവച്ചിരുന്നു. 99,999 രൂപയുടെ S1 മോഡലും 1,29,999 രൂപയുടെ S1 Pro മോഡലുമാണ് ഒല പുറത്തിറക്കിയത്.
ഇപിഎഫ്- ആധാര്‍ ലിങ്ക് ഇന്ന് കൂടി
യുഎഎന്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ 2022 ജനുവരി ഒന്ന് മുതല്‍ മാസാന്ത വരി നിക്ഷേപിക്കാനാവില്ല. ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ 2021 ഡിസംബര്‍ 31ന് മുമ്പ് ഇപിഎഫ്ഒ മെമ്പര്‍ സേവാ പോര്‍ട്ടലില്‍ കയറി ലിങ്ക് ചെയ്തിരിക്കണം.
വാട്ടര്‍ മെട്രോ : കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ട് കൈമാറി
കേരളത്തില്‍ വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം.ആര്‍.എല്ലിനു കൈമാറി. ഷിപ്യാര്‍ഡിലെ ഷിപ്പ് ടെര്‍മിനലില്‍ ബോട്ടിനുള്ളില്‍ നടന്ന ചടങ്ങിലാണ് ബോട്ട് കൈമാറിയത്. ചടങ്ങില്‍ ബോട്ടിന് മുസിരിസ് എന്ന് നാമകരണം ചെയ്തു. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 10 നോട്ടിക്കല്‍മൈല്‍ ആണ് വേഗത.
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുംബൈ പോലീസ്
കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മുംബൈ പോലീസ്. മുംബൈയിലെ ജനങ്ങള്‍ ബീച്ച്, തുറസ്സായ സ്ഥലങ്ങള്‍, പാര്‍ക്ക് തുടങ്ങിയ പൊതുവിടങ്ങള്‍ വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ സന്ദര്‍ശിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ജനുവരി 15 വരെയാണ് നിയന്ത്രണം.
ഓഹരി വിപണി നേട്ടത്തോടെ പുതുവര്‍ഷത്തിലേക്ക്
2020 ലെ അവസാന ദിവസം നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്സ് 459.50 പോയ്ന്റ് ഉയര്‍ന്ന് 58253.82 പോയ്ന്റിലും നിഫ്റ്റി 150 പോയ്ന്റ് ഉയര്‍ന്ന് 17354 പോയ്ന്റിലും ക്ലോസ് ചെയ്തു. മെറ്റല്‍, ഓട്ടോ ഓഹരികളാണ് ഇന്ന് കൂടുതല്‍ തിളങ്ങിയത്. 2335 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 947 ഓഹരികളുടെ വില മാത്രമാണ് ഇടിഞ്ഞത്.
90 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി, അള്‍ട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എന്‍ടിപിസി, സിപ്ല, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് കാലിടറി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പിഎസ് യു ബാങ്ക്, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
വര്‍ഷാന്ത്യ ദിനത്തില്‍ മികച്ച പ്രകടനത്തോടെ കേരള കമ്പനികള്‍. 20 കേരള കമ്പനികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി. സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (5.23 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.96 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.91 ശതമാനം), കിറ്റെക്സ് (3.69 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.17 ശതമാനം), എവിറ്റി (2.03 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it