Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 08, 2022
ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികന്‍
ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ പട്ടിക പ്രകാരം 59 കാരനായ അദാനിയുടെ ആസ്തി തിങ്കളാഴ്ച 88.5 ബില്യണ്‍ ഡോളറിലെത്തി. മുകേഷ് അംബാനിയുടെ 87.9 ബില്യണ്‍ ഡോളറിനെ മറികടന്നു. തന്റെ സ്വകാര്യ സമ്പത്തില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ കുതിച്ചുയര്‍ന്നതോടെ, ഈ വര്‍ഷം ഏഷ്യയിലെ ഒന്നാമന്‍ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്ത് നേടിയ വ്യക്തി അഥവാ 'വെല്‍ത്ത് ഗെയിനറാ'ണ് അദാനി.
ഇപിഎഫ്ഒ; പലിശ നിരക്ക് പരിഷ്‌കരിക്കാനുള്ള യോഗം മാര്‍ച്ച് ആദ്യം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) 2021-22 ലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് അന്തിമമാക്കുന്നതിനുള്ള ചര്‍ച്ച മാര്‍ച്ച് ആദ്യവാരം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗം ഗ്വാഹത്തിയില്‍ ആവും ചേരുക. 2020-21 വര്‍ഷത്തേക്ക് മുന്‍വര്‍ഷത്തെപ്പോലെ 8.5% പലിശ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് സൂചന പുറത്തുവിട്ടിട്ടില്ല. യോഗത്തിന് ശേഷം അറിയിപ്പു വരും.
ജനുവരിയില്‍ രാജ്യത്ത് വാഹന വില്‍പ്പന കുറഞ്ഞു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് ഇപ്പോഴും തുടരുന്നു. സെമികണ്ടക്ടറുകളുടെ ക്ഷാമവും ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാം വാഹനങ്ങളുടെ വില്‍പ്പനയെ ബാധിച്ചു. എങ്കിലും വരും മാസങ്ങളില്‍ നില മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ഓട്ടോമൊബീല്‍ മേഖല.
റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ വാഹന രജിസ്ട്രേഷനില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയേക്കാള്‍ 2022 ജനുവരിയില്‍ 11 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കോവിഡ് വ്യാപിക്കുന്നതിന് മുമ്പുള്ള 2020 ജനുവരിയേക്കാള്‍ 18 ശതമാനം കുറവുമാണ് ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍.
കോജെന്റ് ഇ-സര്‍വീസസ് ഐപിഒയ്ക്ക്
കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് (സിഎക്‌സ്) സേവന ദാതാക്കളായ കോജെന്റ് ഇ-സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 150 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 9,468,297 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.
പുതിയ ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങളെയും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നതിനും, ഐടി ആസ്തികളിലും നിലവിലുള്ള ഐടി അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദാം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരായിരിക്കും ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം
തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. പവന് ഇന്നലെ 80 രൂപയാണ് ഉയര്‍ന്നതെങ്കില്‍ ഇന്ന് 160 രൂപ ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരുപവന്‍ സ്വര്‍ണത്തിന് 36,320 രൂപയായി. ഇന്നലെ 36,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസം ഉയരാതെ നിന്ന സ്വര്‍ണവില ഇന്നലെയാണ് കയറാന്‍ തുടങ്ങിയത്. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 4540 രൂപയാണ്. 24 കാരറ്റ് വിഭാഗത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4953 രൂപയുമാണ് വില. ഗ്രാമിന് 30 രൂപയാണ് രണ്ട് ദിവസത്തില്‍ ഉയര്‍ന്നത്.
ആഭ്യന്തര സര്‍വീസ് വിപുലമാക്കുമെന്ന് ഇന്‍ഡിഗോ
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വീസ് വിപുലമാക്കുമെന്ന് കമ്പനി സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ ഭാട്ടിയ. കാര്‍ഗോ ഫ്രാഞ്ചൈസിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദമാക്കി.
ചാഞ്ചാട്ടത്തിനൊടുവില്‍ മുന്നേറ്റത്തോടെ ക്ലോസ് ചെയ്ത് ഓഹരിവിപണി
മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി. ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ സൂചികകള്‍ മുന്നേറ്റം നടത്തി. സെന്‍സെക്സ് 187.39 പോയ്ന്റ് ഉയര്‍ന്ന് 58808.58 പോയ്ന്റിലും നിഫ്റ്റി 53.20 പോയ്ന്റ് ഉയര്‍ന്ന് 17266.80 പോയ്ന്റിലും ക്ലോസ് ചെയ്തു.
1062 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2180 ഓഹരികളുടെ വിലിയിടിഞ്ഞു. 83 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഡിവിസ് ലാബ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാല്‍ ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐഒസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോജക്റ്റ്സ് തുടങ്ങിയവയുടെ ഓഹരി വില താഴ്ന്നു.
ഓട്ടോ, മെറ്റല്‍, ഫാര്‍മ, പിഎസ്യു ബാങ്ക് ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ സ്മോള്‍ കാപ്, മിഡ്കാപ് സൂചികകള്‍ 0.45-1.4 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പന്ത്രണ്ടെണ്ണം ഇന്ന് നേട്ടമുണ്ടാക്കി. നിറ്റ ജലാറ്റിന്‍ 19.99 ശതമാനം നേട്ടമാണ് ഇന്നുണ്ടാക്കിയത്. ഓഹരി വില 51.20 രൂപ വര്‍ധിച്ച് 307.35 രൂപയില്‍ എത്തിയതോടെയാണിത്. എവിറ്റിയുടെ ഓഹരി വില 9.93 ശതമാനം ഉയര്‍ന്നു. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (4.98 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.41 ശതമാനം), സ്‌കൂബീഡേ (1.27 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.07 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (0.73 ശതമാനം) തുടങ്ങിയ ഇന്ന് ഓഹരി വില വര്‍ധിച്ച കേരള കമ്പനികളില്‍ പെടുന്നു.
ഞായറാഴ്ചയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
കോവിഡ് സാഹചര്യം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം ഞായറാഴ്ച നടപ്പിലാക്കി വരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനവും 28 മുതല്‍ പൂര്‍ണതോതിലാക്കും. 50 ശതമാനം കുട്ടികളുമായി ക്ലാസുകള്‍ വൈകിട്ടുവരെ നടത്തും. അതിനുവേണ്ട തയാറെടുപ്പുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും.
Next Story
Videos