ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 14, 2022
രാജ്യത്തെ ചില്ലറ വിലക്കയറ്റം 6 ശതമാനം മറികടന്നു
ജനുവരി മാസത്തില്‍ ഇന്ത്യയുടെ റീറ്റെയില്‍ പണപ്പെരുപ്പം 6.01% ആയി ഉയര്‍ന്നു. ചില്ലറ വിലക്കയറ്റത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ഞആക) യുടെ അനുമാനമായിരുന്ന ആറ് ശതമാനത്തെയാണ് ഇത് മറികടന്നത്. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, ടെലികോം എന്നീ മേഖലയിലെ വിലക്കയറ്റമാണ് കുതിച്ചുചാട്ടത്തിന് കാരണമായത്.
എയര്‍ ഇന്ത്യയുടെ തലപ്പത്ത് ഇല്‍ക്കര്‍ ഐസി
എയര്‍ ഇന്ത്യയുടെ എംഡിയും സിഇഒയുമായി ഇല്‍ക്കര്‍ ഐസിയെ ടാറ്റ സണ്‍സ് നിയമിച്ചു. അന്‍പത്തൊന്നുകാരനായ ഇദ്ദേഹം ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേസ് സിഇഒ ആയിരുന്ന അലക്സ് ക്രൂസിനെ എയര്‍ ഇന്ത്യയുടെ സാരഥിയാക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പിന്നാലെയാണ് ഇല്‍ക്കര്‍ ഐസിയുടെ രംഗപ്രവേശനം ടാറ്റ സണ്‍സ് തിങ്കളാഴ്ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. 2015 ഏപ്രിലില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഐസി ജനുവരി അവസാനമാണ് സ്ഥാനമൊഴിഞ്ഞത്.
പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ കമ്പനിയായി ഡാബര്‍ ഇന്ത്യ ലിമിറ്റഡ്
പാക്കേജ്ഡ് ഗുഡ്‌സ് വിഭാഗത്തില്‍ പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ കമ്പനിയായി ഡാബര്‍ ഇന്ത്യ ലിമിറ്റഡ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ഉല്‍പ്പന്നത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏകദേശം 27,000 മെട്രിക് ടണ്ണോളം ശേഖരിച്ച് സംസ്‌കരിച്ച് കമ്പനി പുനരുപയോഗം ചെയ്തതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വര്‍ധനവ്
ഇന്ത്യയുടെ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ ത്രൈമാസത്തില്‍ ഉണ്ടായിരുന്ന 75 ദശലക്ഷം ടണ്ണില്‍ നിന്ന് 2022 ജനുവരിയില്‍ 6.13% ഉയര്‍ന്ന് 79.60 ദശലക്ഷം ടണ്ണായി.
ടിഡബ്ല്യുഎസ് വിപണിയില്‍ 'ബോട്ട്' ബ്രാന്‍ഡ് ഒന്നാമത്
ഇന്ത്യയുടെ യഥാര്‍ത്ഥ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) വിപണിയില്‍ 2021-ല്‍ 74.7% വാര്‍ഷിക വളര്‍ച്ചയുണ്ടായി. 20.3 ദശലക്ഷം യൂണിറ്റുകള്‍ ഷിപ്പിംഗ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതിയുടെ അഞ്ചില്‍ രണ്ട് ഭാഗവുമായി BoAt മുന്നിലെത്തി. മുന്‍നിരയിലെ മറ്റ് ഏഴ് ബ്രാന്‍ഡുകളുടെ സംയുക്ത വിഹിതത്തേക്കാള്‍ കൂടുതലാണ് ഇത്.
ചെഞ്ചുവപ്പില്‍ ഓഹരി വിപണി; 1,747 പോയ്ന്റ് ഇടിഞ്ഞ് സെന്‍സെക്സ്
2022ലെ ഏറ്റവും വലിയ വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇന്‍ട്രാ ഡേയില്‍ 2021 നവംബര്‍ 26നുണ്ടായ താഴ്ചയേക്കാള്‍ കൂടുതല്‍ ഇടിവും സൂചികകളില്‍ ഇന്നുണ്ടായി. അങ്ങനെ തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഒഴുകി പരന്നത് ചുവപ്പ് മാത്രം. സെന്‍സെക്സ് 1,747 പോയ്ന്റ് ഇടിഞ്ഞ് 56,406ലും നിഫ്റ്റി 532 പോയ്ന്റ് താഴ്ന്ന് 16,843ലും ക്ലോസ് ചെയ്തു. സെന്‍സെക്സിലെ ഇടിവ് മൂന്ന് ശതമാനം. നിഫ്റ്റിയിലേത് 3.06 ശതമാനവും.
വിശാല വിപണിയിലെ താഴ്ച ഇതിനേക്കാള്‍ ഏറെയായിരുന്നു. മിഡ്കാപ് സൂചിക മൂന്നര ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ സ്മോള്‍കാപ് സൂചിക നാല് ശതമാനത്തോളമാണ് താഴ്ന്നത്. എല്ലാ സെക്ടറുകളും ചുവപ്പണിഞ്ഞ് താഴ്ച രേഖപ്പെടുത്തിയ ദിവസമാണിന്ന്.
ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ 59 ശതമാനം കുതിച്ചു ചാട്ടം
ബജറ്റ് 2022 ലെ ക്രിപ്‌റ്റോ ടാക്‌സ് പ്രഖ്യാപനം വന്നെങ്കിലും നിലവില്‍ ഇന്ത്യന്‍ ക്രിപ്റ്റോ പ്രേമികളെ അതില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് അത് പിന്തിരിപ്പിച്ചിട്ടില്ലെന്ന് കണക്കുകള്‍. ക്രിപ്റ്റോ ടാക്‌സ് പ്രഖ്യാപിച്ചെങ്കിലും അത് നിയമവിധേയമാക്കിയിട്ടില്ല എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ബജറ്റിന് ശേഷം ക്രിപ്റ്റോ സൈന്‍ അപ്പുകള്‍ വര്‍ധിച്ചതായി മുന്‍നിര എക്‌സ്‌ചേഞ്ചുകള്‍.
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ WazirX, CoinSwitch Kuber, Unocoin എന്നിവ 2022 ബജറ്റ് ദിവസം മുതല്‍, അതായത് 2022 ഫെബ്രുവരി 1 മുതല്‍ സൈന്‍-അപ്പുകളില്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്ലാറ്റ്ഫോമുകളില്‍ ചേരുന്ന പുതിയ നിക്ഷേപകരുടെ എണ്ണം 35%-59% വര്‍ധിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 37040 രൂപയായി. ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 4630 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില 4680 രൂപയായിരുന്നു. അതേസമയം അന്താരാഷ്ട്ര വിലകളിലെ നേട്ടം കണക്കിലെടുത്ത് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ദൃഢമായി. എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.8% ഉയര്‍ന്ന് 3 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 49,506 രൂപയിലെത്തി. വെള്ളി കിലോയ്ക്ക് 1% ഉയര്‍ന്ന് 63,630 രൂപയായി.