ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 15, 2022

രാജ്യത്തെ കയറ്റുമതിയില്‍ 25.28 ശതമാനം വര്‍ധനവ്

രാജ്യത്തെ ധനക്കമ്മി 17.43 ബില്യണായി വര്‍ധിച്ചപ്പോഴും കയറ്റുമതിയില്‍ വര്‍ധനവ്. ഇറക്കുമതിയിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 25.28 ശതമാനം ഉയര്‍ന്ന് 34.50 ബില്യണ്‍ യുഎസ് ഡോളറിലേക്കാണുയര്‍ന്നത്. ഇറക്കുമതി 23.54 ശതമാനം വര്‍ധിച്ച് 51.93 ബില്യണ്‍ ഡോളറിലെത്തി. പ്രധാനമായും എന്‍ജിനീയറിംഗ്, പെട്രോളിയം, രത്‌ന, ജ്വല്ലറി മേഖലകളുടെ ആരോഗ്യകരമായ പ്രകടനത്തിന്റെ ഫലമായിട്ടാണിത്.

സൊമാറ്റോ ഓഹരികള്‍ ഐപിഒ ഇഷ്യൂ വിലയേക്കാള്‍ ഇടിഞ്ഞു

സൊമാറ്റോയുടെ ഓഹരികള്‍ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ചൊവ്വാഴ്ച ബിഎസ്ഇയില്‍ 75.75 രൂപയെന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഐപിഒ ഇഷ്യൂ വിലയായ 76 രൂപയ്ക്ക് താഴെയാണ് ഇപ്പോള്‍ ഓഹരികള്‍. ഓഹരി വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പ് മള്‍ട്ടിബാഗറായി മാറിയിരുന്നു ഈ സ്‌റ്റോക്ക്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ മൂന്ന് മാസത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി താഴേക്ക് പതിച്ചിരിക്കുകയാണ്.

വയനാട് തുരങ്കപാത ഉള്‍പ്പെടെ 44 പുതിയ പദ്ധതികള്‍ക്ക് കിഫ്ബി ധനാനുമതി

കേരള വികസനത്തിന് 44 പുതിയ പദ്ധതികള്‍ക്ക് കിഫ്ബി ധനാനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ (KIIFB) 43 ാമത് ബോര്‍ഡ് യോഗത്തില്‍ 6943.37 കോടി രൂപയാണ് പുതിയ പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്.

വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. കേരളത്തിന്റെ സ്വപ്നപദ്ധതിക്കു തുക അനുവദിച്ച വിവരം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത.

ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലും ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലുമായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 4397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും, ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ 4 പദ്ധതികള്‍ക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ 7 പദ്ധതികള്‍ക്കും, വെസ്റ്റ്‌കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും, ആയുഷ് വകുപ്പിനു കീഴില്‍ കീഴില്‍ IRIAയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കി.

എല്‍ഐസി ഐപിഒ; 'സെബി'യുടെ അംഗീകാരം വരും ആഴ്ചകളില്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രം

എല്‍ഐസി പ്രഥമ ഓഹരി വില്‍പ്പനയ്ക്കായി സെബിയുടെ അംഗീകാരം മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രം. മാര്‍ച്ച് 31 മുന്‍പ് തന്നെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം. കരടു രേഖയായ ഡ്രാഫ്റ്റ് റെഡ്ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) 'സെബി'യുടെ പരിഗണനയിലാണ്. അംഗീകാരം ലഭിക്കുന്നതോടെ അന്തിമ രേഖയായ റെഡ്ഹെറിംഗ് പ്രോസ്പെക്റ്റസ് പുറത്തിറങ്ങും.

മുന്നേറ്റം വീണ്ടെടുത്ത് വിപണി

രണ്ടു ദിവസത്തെ രക്തച്ചൊരിച്ചിലിനു ശേഷം കുതിപ്പുമായി ഓഹരി സൂചികകള്‍. സെന്‍സെക്സ് 1736.21 പോയ്ന്റ് ഉയര്‍ന്ന് 58142.05 പോയ്ന്റിലും നിഫ്റ്റി 509.70 പോയ്ന്റ് ഉയര്‍ന്ന് 17352.50 പോയ്ന്റിലും ക്ലോസ് ചെയ്തു. ഇന്നലെ പത്തുമാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച വിപണി ഓട്ടോ, ഐറ്റി, ബാങ്ക്, മെറ്റല്‍ തുടങ്ങിയ ഓഹരികളുടെ കരുത്തിലാണ് ഇന്ന് മുന്നേറിയത്.

1996 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1286 ഓഹരികളുടെ വിലിയിടിഞ്ഞു. 90 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ശ്രീ സിമന്റ്സ്, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവയുടെ വില ഇന്ന് ഉയര്‍ന്നു. സിപ്ല, ഒഎന്‍ജിസി തുടങ്ങിയവയുടെ വിലയിടിഞ്ഞു.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ബാങ്ക്, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്സ്, പി എസ് യു ബാങ്ക്, ഐറ്റി, എഫ്എംസിജി സെക്ടറല്‍ സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ രണ്ടു ശതമാനമുയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കിറ്റെക്സ് (9.48 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.92 ശതമാനം), നിറ്റ ജലാറ്റിന്‍ (4.80 ശതമാനം), ഫെഡറല്‍ ബാങ്ക് (4.47 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.99 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.94 ശതമാനം) തുടങ്ങി 18 കേരള ഓഹരികളുടെ വില ഉയര്‍ന്നു.

മണപ്പുറം ഫിനാന്‍സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 10 കേരള കമ്പനികളുടെ വിലയിടിഞ്ഞു. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

Related Articles
Next Story
Videos
Share it