ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 17, 2022

2021 ഡിസംബര്‍ മാസത്തില്‍ ജിയോയ്ക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ

2021 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ മൊബൈല്‍ നെറ്റ്വര്‍ക്ക് വരിക്കാരുടെ എണ്ണം കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 1.28 കോടി ഉപഭോക്താക്കളുടെ കുറവാണ് കഴിഞ്ഞ വര്‍ഷാവസാനം റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിയ എന്നിവയുടെ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഭാരതി ഐയര്‍ടെല്ലിന്റേത് വര്‍ധിച്ചു.

റിലയന്‍സ് ജിയോയാണ് ഉപഭോക്താക്കളുടെ നഷ്ടത്തില്‍ മുന്നിലുള്ളത്. 2021 ഡിസംബറില്‍ 1.29 കോടി ഉപഭോക്താക്കള്‍ കുറഞ്ഞ് 41.57 കോടിയായപ്പോള്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത് 16.14 ലക്ഷം ഉപഭോക്താക്കളെയാണ്. ഡിസംബറിലെ കണക്കുകള്‍ പ്രകാരം 26.55 കോടി ഉപഭോക്താക്കളാണ് വൊഡഫോണ്‍ ഐഡിയയ്ക്ക് ഉള്ളത്.

യുക്രെയ്നിലേക്കുള്ള വിമാന നിയന്ത്രണങ്ങള്‍ നീക്കി

യുക്രെയ്നിലേക്കുള്ള വിമാന നിയന്ത്രണങ്ങള്‍ നീക്കി. നിലവിലുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. അധിക സര്‍വീസുകളും തുടങ്ങും.

യുഎഇയിലെ ആദ്യ ഡിജിറ്റല്‍ ബാങ്ക്; എംഎ യൂസഫലിയും ഡയറക്റ്റര്‍ ആയേക്കും

16,000 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനവുമായി യുഎഇയിലെ ആദ്യ ഡിജിറ്റല്‍ ബാങ്ക് സാന്‍ഡ് ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും. ആദിത്യ ബിര്‍ലയും ലുലു ഗ്രൂപ്പും ബാങ്കിന്റെ ഓഹരിയുടമകളിലുണ്ടെന്നാണ് വിവരം. 2 മാസത്തിനുള്ളില്‍ ഐപിഒയിലൂടെ മൂലധന സമാഹരണവും നടക്കും.

ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ തുടങ്ങിയവയുടെ ഉടമകളായ ഇമാര്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ മുഹമ്മദ് അലബ്ബാര്‍ ആണ് ചെയര്‍മാന്‍. ബാങ്കിന്റെ സഹസ്ഥാപകന്‍ ഒലിവര്‍ ക്രിസ്പിനാണ് സിഇഒ. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലുണ്ടാകും.

കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണ്ട

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഇനി നിര്‍ബന്ധമില്ല. അതേസമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. ഇതിന്റെ ഡിജിറ്റല്‍ പകര്‍പ്പ് മതിയാകും. ഗോവയില്‍ നിന്നുള്ളവര്‍ക്കും പുതിയ ഇളവുണ്ട്. രണ്ട് അഥവാ ഫുള്‍ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗം വരുന്നവര്‍ക്കും സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

കമ്പനികള്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ വര്‍ധനവ്

കഴിഞ്ഞ അര്‍ധവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ കമ്പനികള്‍ പുതുതായി ജീവനക്കാരെ നിയമിക്കുന്നത് 30 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ശക്തമായ വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്നു. പുതിയ (TeamLease EdTech's Flagship 'Career Outlook Report')റിപ്പോര്‍ട്ട് പ്രകാരം, 47 ശതമാനത്തിലധികം കമ്പനികള്‍ ഈ അര്‍ധ വര്‍ഷത്തില്‍ (ജനുവരി-ജൂണ്‍ 2022) പുതിയ നിയമനങ്ങള്‍ നടത്തിയേക്കും.

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി സെറോധ സഹസ്ഥാപകന്‍

സെറോധ (Zerodha) സഹസ്ഥാപകന്‍ നിഖില്‍ കാമത്തും അഭിജിത് പൈയും ചേര്‍ന്ന് ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ആയഓമ്‌നി പ്രസന്റില്‍ (Omnipresent Robot Tech) നിക്ഷേപ വിഭാഗമായ Gruhas Proptech വഴി നിക്ഷേപം നടത്തിയതായി വാര്‍ത്താ ഏജന്‍സി PTI റിപ്പോര്‍ട്ട്.

പവര്‍ മേഖല തിളങ്ങി, ബാങ്ക് ഓഹരികള്‍ നിറംമങ്ങി; ഇടിവോടെ ഓഹരി സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 104.67 പോയ്ന്റ് താഴ്ന്ന് 57892.01 പോയ്ന്റിലും നിഫ്റ്റി 17.60 പോയ്ന്റ് താഴ്ന്ന് 17304.60 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

1241 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 2042 ഓഹരികളുടെ വില ഇടിഞ്ഞു. 100 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞു.

ടാറ്റ കണ്‍സ്യമൂര്‍ പ്രോഡക്റ്റ്സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ബാങ്ക് സൂചികയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ പവര്‍ സൂചിക രണ്ടു ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകളും ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഏഴെണ്ണം ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്സ്പിന്‍ ഇന്ത്യ (4.93 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.53 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (0.97 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (0.78 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.20 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.18 ശതമാനം), ധനലക്ഷ്മി (0.07 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, എവിറ്റി, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 22 കേരള കമ്പനികളുടെ ഓഹരി വില താഴ്ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it