ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 18, 2022

100 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരം; കരാര്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

ഇന്ത്യയും(INDIA) യുണൈറ്റഡ് അറബ് എമിറേറ്റ്‌സും(UAE )വെള്ളിയാഴ്ച പുതിയ വ്യാപാര നിക്ഷേപ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഉല്‍പ്പന്നങ്ങളുടെ താരിഫുകളും വെട്ടിക്കുറയ്ക്കുകയും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനുമാണ് പുതിയ കരാര്‍ ലക്ഷ്യമിടുന്നത്.

ജിഡിപി 5.8 ശതമാനമായി വളരാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (GDP) 5.8 ശതമാനമായി വളരാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. FY22 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 5.8 ശതമാനമായിരിക്കും. മുഴുവന്‍ വര്‍ഷത്തെ (FY22) ജിഡിപി വളര്‍ച്ച നരത്തെ കണക്കാക്കിയ 9.3 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി പരിഷ്‌കരിച്ചിരിച്ചതായും എസ്ബിഐ റിപ്പോര്‍ട്ട്.

90 ശതമാനം യൂണികോണുകളും പൊട്ടാന്‍ കാത്തിരിക്കുന്ന കുമിളകളെന്ന് പൊറിഞ്ചു വെളിയത്ത്

ഏറെ കെട്ടിഘോഷിച്ച് ഐപിഒ(IPO)യിലെത്തിയ പല പുത്തന്‍ കമ്പനികളുടെയും ഓഹരിവിലകള്‍ കുത്തനെ ഇടിയുകയാണ്. നൈക, പേടിഎം തുടങ്ങിയ കമ്പനികള്‍ വലിയ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയിരിക്കുന്നത്. സമാനമായി കുമിളകള്‍ പോലെ ഊതിവീര്‍പ്പിച്ച പല കമ്പനികളും തകരുമെന്നാണ് ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയും പ്രശസ്ത പോര്‍ട്ട്ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് (PorinjuVeliyath)പറയുന്നത്. 90 ശതമാനം യൂണികോണുകളും പൊട്ടാനിരിക്കുന്ന കുമിളകളാണെന്ന് അദ്ദേഹം പറയുന്നു.

ട്വിറ്ററിലൂടെയാണ് പൊറിഞ്ചു വെളിയത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 'ദശാബ്ദത്തിലെ ഏറ്റവും മോശം സ്റ്റാര്‍ട്ട് അപ്പ്' എന്ന അടിക്കുറിപ്പോടെ വേറെ ഒരാള്‍ ട്വീറ്റ് ചെയ്ത ബൈജൂസ് 12-18 മാസത്തിനുള്ളില്‍ ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന വാര്‍ത്ത റിട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഗോള്‍ഡന്‍ വിസ നിര്‍ത്തിവച്ച് യുകെ

വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നല്‍കിവന്നിരുന്ന ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ യുകെ നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുകെയുടെ ഈ തീരുമാനം. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളില്‍നിന്നുള്ള ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയ്ക്കായുള്ള പുതിയ അപേക്ഷകള്‍ നിര്‍ത്തലാക്കിയതായി യുകെ അറിയിച്ചു. ഈ അവസരം യുകെയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാലും അഴിമതിക്കാരായ ആളുകള്‍ യുകെയിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരമായി ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയെ കാണുന്നതുമാണ് ഈ തീരുമാനമെടുക്കാന്‍ യുകെയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ഇന്ത്യന്‍ ഓയില്‍ 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ റിഫൈനറും ഫോസില്‍ ഇന്ധന റീറ്റെയ്‌ലറുമായ ഇന്ത്യന്‍ ഓയില്‍ 1,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി കമ്പനി വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് ഇവി വിപ്ലവം സാധ്യമാക്കുന്നതിനുള്ള പ്രയത്‌നങ്ങളില്‍ ലക്ഷ്യങ്ങളില്‍ ആദ്യത്തേത് തങ്ങള്‍ കൈവരിച്ചുതായി ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്)വി സതീഷ് കുമാര്‍ പറഞ്ഞു.

ആശങ്ക ഒഴിഞ്ഞില്ല; തുടര്‍ച്ചയായി മൂന്നാംദിനവും ഓഹരി വിപണിയില്‍ ഇടിവ്

തുടര്‍ച്ചയായി മൂന്നാം ദിവസവും ഇടിവോടെ ഓഹരി വിപണി. ഈ ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ വലിയ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തിന് അറുതി വരാത്തത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. സെന്‍സെക്സ് 54 പോയ്ന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞ് 57,833ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 28 പോയ്ന്റ് (0.16 ശതമാനം) താഴ്ന്ന് 17,276ലും ക്ലോസ് ചെയ്തു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്കാപ് സൂചികയും സ്മോള്‍ കാപ് സൂചികയും 0.8 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

എട്ടോളം കമ്പനികള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്സ്, കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്ര, സ്‌കൂബിഡേ എന്നീ കമ്പനികളുടെ ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്നു. ഗോള്‍ഡ് ലോണ്‍ രംഗത്തെ എന്‍ബിഎഫ്സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഇന്ന് ഒരുശതമാനത്തിലേറെ ഉയര്‍ന്നു. കേരളം ആസ്ഥാനമായുള്ള മറ്റ് എന്‍ബിഎഫ്സികളുടെ ഓഹരി വിലകള്‍ ഇന്ന് താഴ്ചയിലായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it