ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 28, 2022

സെബിയുടെ തലപ്പത്തേക്ക് മാധബി പുരി ബുച്ച്
മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) തലപ്പത്തേക്ക് മാധബി പുരി ബുച്ച്. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ചെയര്‍പേഴ്സണായി മാധബി പുരി ബുച്ചിനെ നിയമിച്ചു. സെബിയുടെ മുഴുവന്‍ സമയ അംഗമെന്ന നിലയിലുള്ള ഇവരുടെ കാലാവധി 2021 ഒക്ടോബറിലായിരുന്നു അവസാനിച്ചത്. സെക്യൂരിറ്റീസ് മാര്‍ക്കറ്റ് റെഗുലേറ്ററിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായിരിക്കും പുരി ബുച്ച്. സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ഇവര്‍.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയില്‍, ജിഡിപി നിരക്ക് പുതുക്കി സര്‍ക്കാര്‍

ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ഔദ്യോഗിക മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) തിങ്കളാഴ്ച പുറത്തുവിട്ടു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൂന്നാം പാദത്തില്‍ (Q3FY22) ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 5.4% വികസിച്ചെങ്കിലും മുമ്പത്തെ രണ്ട് പാദങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണ്. വിപണി പ്രതീക്ഷയായ 5.9% ന് താഴെയാണ് ഇത്. ജനുവരിയില്‍ പുറത്തിറക്കിയ എസ്റ്റിമേറ്റില്‍ മാത്രമല്ല, ഗ്രാമീണ ഡിമാന്‍ഡിലെ ദൗര്‍ബല്യവും പണപ്പെരുപ്പ സമ്മര്‍ദവും കാരണം, 2022 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ പ്രവചിച്ചിരുന്ന 9.2 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമായി സര്‍ക്കാര്‍ പുതുക്കി.


ഡെലിവറി സേവന ദാതാക്കളായ വിസാര്‍ഡിനെ ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്‌സ്
മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (എംഎല്‍എല്‍) ഡെലിവറി സേവന ദാതാക്കളായ വിസാര്‍ഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തതായി അറിയിച്ചു. ഏറ്റെടുക്കല്‍ മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ നിലവിലുള്ള ലാസ്റ്റ്-മൈല്‍ ഡെലിവറി ബിസിനസിനെയും അതിന്റെ ഇലക്ട്രിക് വാഹന അധിഷ്ഠിത ഡെലിവറി സേവനങ്ങളെയും കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് കരുതുന്നത്.
ഉല്‍പ്പാദനം പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റായി വര്‍ധിപ്പിച്ചതായി കിയ ഇന്ത്യ
ഉല്‍പ്പാദനം പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റായി വര്‍ധിപ്പിച്ചതായി വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യ. 4 ലക്ഷം ആഭ്യന്തര വില്‍പ്പനയും 1 ലക്ഷം കയറ്റുമതിയും ഉള്‍പ്പെടെ അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് അടുത്തിടെ 5 ലക്ഷം ക്യുമുലേറ്റീവ് ഡിസ്പാച്ചുകള്‍ കടന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
സ്‌കോഡ സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിച്ചു
പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡയുടെ സെഡാന്‍ മോഡലായ സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.0 ഠടക പവര്‍ പതിപ്പുകളുടെ വില 10.69 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് ആരംഭിക്കുന്നത്. ആക്ടീവ്, ആമ്പീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന സ്ലാവിയയുടെ 1.5 ഠടക പവര്‍ പതിപ്പുകള്‍ മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. സ്‌റ്റൈല്‍ വകഭേദത്തില്‍ വിത്ത് സണ്‍റൂഫ്, വിത്തൗട്ട് സണ്‍റൂഫ് ഓപ്ഷനുകളും ചെക്ക് കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
കേരളത്തില്‍ സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധനവ്
സംസ്ഥാനത്തു സ്വര്‍ണവില (Gold Price Today) കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഉയര്‍ന്നത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഗ്രാമിന് 4635 രൂപയായിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഈ നിലയില്‍ സ്വര്‍ണവില ഉയരാനുള്ള കാരണമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആശങ്കകള്‍ക്ക് നടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
രാവിലെ ആയിരത്തിലേറെ പോയ്ന്റ് ഇടിഞ്ഞ് പിന്നീട് 1500 ലേറെ പോയ്ന്റ് തിരിച്ചുകയറി, ഒടുവില്‍ 389 പോയ്ന്റ് നേട്ടത്തോടെ ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തു. യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം തന്നെയാണ് വിപണിയെ ഉലയ്ക്കുന്ന മുഖ്യ ഘടകങ്ങളില്‍ ഒന്ന്. എന്നിരുന്നാലും മുഖ്യ സൂചികകള്‍ ഏതാണ്ട് 0.7 ശതമാനം നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്.
മെറ്റല്‍, ഐറ്റി, റിയാല്‍റ്റി എന്നിവയില്‍ നിക്ഷേപകര്‍ വാങ്ങല്‍ താല്‍പ്പര്യം കാണിച്ചതാണ് സൂചികകളെ ഉയര്‍ത്തിയത്. വിശാല സൂചികകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ 0.8 ശതമാനത്തോളം നേട്ടം കാണിച്ചു. സെന്‍സെക്സ് 389 പോയ്ന്റ് നേട്ടത്തില്‍ 56,247ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 135 പോയ്ന്റ് നേട്ടത്തോടെ 16,794ലും ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റല്‍ സൂചിക ഏതാണ്ട് അഞ്ചുശതമാനത്തോളം ഉയര്‍ന്നു
കേരള കമ്പനികളുടെ പ്രകടനം
വി ഗാര്‍ഡ് (5.53 ശതമാനം), കിറ്റെക്സ് (5.57 ശതമാനം), കിംഗ്സ് ഇന്‍ഫ്ര (4.98 ശതമാനം), എവിറ്റി നാച്വറല്‍ (4.77 ശതമാനം), സ്‌കൂബിഡേ (3.43 ശതമാനം) തുടങ്ങിയ കമ്പനികളെല്ലാം ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ജിയോജിത് ഓഹരി വില ഇന്ന് രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it