Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 07, 2022
സമ്പദ് വ്യവസ്ഥ 9.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി എന്‍എസ്ഒ റിപ്പോര്‍ട്ട്
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2021-22 ല്‍ വളര്‍ച്ചയിലേക്ക് മടങ്ങുമെന്ന് എന്‍എസ്ഒ റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 7.3% ചുരുങ്ങലില്‍ നിന്നും 9.2% വളര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായിവെള്ളിയാഴ്ച പുറത്തിറക്കിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (NSO) കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്
ഡിസംബര്‍ 31ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 1.466 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 633.614 ബില്യണ്‍ ഡോളറായി. ഡിസംബര്‍ 24ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 587 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 635.08 ബില്യണ്‍ ഡോളറായിരുന്നു. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഒല ഇലക്ട്രിക്
ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഒല ഇലക്ട്രിക്. ഡെലിവറി കൃത്യമായി നടത്താത്തതിനും സമയക്രമം പാലിക്കാത്തതിനും ഉപഭോക്തൃ പരാതികള്‍ പെരുകി വരുന്നതായി ഡീലര്‍മാരുടെ സംഘടനയുടെ ആരോപണങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ പ്രഖ്യാപനം.
ഫോണ്‍ പേയ്ക്ക് പ്രതിമാസം 150 ദശലക്ഷം സജീവ ഉപയോക്താക്കള്‍
ഡിസംബറില്‍ 651 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക പേയ്മെന്റ് മൂല്യം (ടിപിവി) ലോഗിന്‍ ചെയ്തതായും 150 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെ (എംഎയു) റിപ്പോര്‍ട്ട് ചെയ്തതായും പ്രമുഖ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമായ ഫോണ്‍പേ വെള്ളിയാഴ്ച അറിയിച്ചു. പുതിയ കണക്കു പ്രകാരം നാലില്‍ ഒരു ഇന്ത്യക്കാര്‍ വീതം ഇപ്പോള്‍ ഫോണ്‍പേ ഉപയോഗിക്കുന്നുവെന്ന് കമ്പനി പുറത്തുവിട്ട് പ്രസ്താവനയില്‍ അവകാശപ്പെടുന്നു.
ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി തായ്്‌ലാന്‍ഡ്
ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താന്‍ തായ്ലന്‍ഡ്. എന്നാല്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ മൂലധനനേട്ട നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അതിവേഗം വ്യാപിക്കുന്ന ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഘട്ടംഘട്ടമായി നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തായ്ലന്‍ഡ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്
കേരളത്തില്‍ ഇന്നും സ്വര്‍ണവില ഇടിവ്. ഇന്നലെ 4495 രൂപയായിരുന്നു ഒരു ഗ്രാമിന്, ഇന്ന് 4460 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണ വില കഴിഞ്ഞ ദിവസം 36120 രൂപയായിരുന്നത് ഇന്നലെ 35960 രൂപയും ഇന്ന് 35680 രൂപയായും കുറഞ്ഞു. ഇന്നലെ 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. ഇന്ന് 280 രൂപയുടെ കുറവുണ്ടായി. രണ്ട് ദിവസം കൊണ്ട് പവന്‍ സ്വര്‍ണ വില 440 രൂപ കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായി.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ മുന്നേറ്റത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 142.81 പോയ്ന്റ് ഉയര്‍ന്ന് 59744.65 പോയ്ന്റിലും നിഫ്റ്റ് 66.80 പോയ്ന്റ് ഉയര്‍ന്ന് 17818.70 പോയ്ന്റിലും ക്ലോസ് ചെയ്തു. 1910 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1235 ഓഹരികളുടെ വിലിയിടിഞ്ഞു. 78 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീസിമന്റ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, എല്‍ & ടി, ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബാങ്ക്, മെറ്റല്‍, എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ് സെക്ടറല്‍ സൂചികകളില്‍ 05-1 ശതമാനം നേട്ടം രേഖപ്പെടുത്തി. ഓട്ടോ, കാപിറ്റല്‍ ഗുഡ്സ്, ഫാര്‍മ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഇന്‍ഡിട്രേഡ് (5.96 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.99 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.93 ശതമാനം), എവിറ്റി (3.71 ശതമാനം), നിറ്റ ജലാറ്റിന്‍ (2.53 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.47 ശതമാനം), സിഎസ്ബി ബാങ്ക് (2.29 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. എഫ്എസിടി, ഈസ്റ്റേണ്‍ ട്രെഡ്സ്, റബ്ഫില ഇന്റര്‍നാഷണല്‍, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ആസ്റ്റര്‍ ഡി എം, കിറ്റെക്സ് തുടങ്ങി 16 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വീണ്ടും അയ്യായിരത്തിന് മുകളിലേക്ക്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും 5000 മുകളിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്.
Next Story
Videos