ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 08, 2021


കര്‍ഷകരുമായി കേന്ദ്രം നടത്തിയ എട്ടാം ചര്‍ച്ചയും പരാജയം


കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടു കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ച പരാജയം. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയാണു വഴിയടഞ്ഞത്. അടുത്ത ചര്‍ച്ച ഈ മാസം 15ന്. കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പു നല്‍കിയില്ല. എന്നാല്‍ ഭേദഗതികള്‍ ആകാമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചു.

40,000 ഡോളര്‍ വിലനിലവാരത്തില്‍ നിന്ന് ബിറ്റ്‌കോയിന്‍ താഴേക്ക്

ചരിത്രത്തില്‍ ആദ്യമായി 40,000 ഡോളര്‍ തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന്‍ വെള്ളിയാഴ്ച്ച 5 ശതമാനത്തിലേറെ ഇടിഞ്ഞു. കഴിഞ്ഞ സെഷനില്‍ ബിറ്റ്കോയിന്‍ ഒന്നിന് 40,402.46 ഡോളര്‍ (ഏകദേശം 29.62 ലക്ഷം രൂപ) വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച 'ബിറ്റ്സ്റ്റാംപ്' വിപണിയില്‍ 36,618.36 (26.84 ലക്ഷം രൂപ) ഡോളറിലേക്ക് ബിറ്റ്കോയിന്‍ കാലിടറി.


ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ്

2021 ഏപ്രില്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് സാധ്യത. കഴിഞ്ഞ പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് പറഞ്ഞു. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 7.7 ശതമാനം ചുരുങ്ങുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (എന്‍എസ്ഒ) വ്യാഴാഴ്ച പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണിത്.


ആദിത്യ പുരി സ്ട്രൈഡ്സ് ഗ്രൂപ്പില്‍ ചേര്‍ന്നു

സ്ട്രൈഡ്സ് ഗ്രൂപ്പിന്റെ ഉപദേശകനായി മുന്‍ എച്ച്ഡിഎഫ്സി ബാങ്ക് മേധാവി ആദിത്യ പുരി ചുമതലയേറ്റു. സ്ട്രൈഡ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ട്രൈഡ് ഫാര്‍മ കമ്പനിയുടെ അസോസിയേറ്റ് ഡയറക്ടര്‍ പദവിയും ആദിത്യ പുരി വഹിക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറിലായിരുന്നു ആദിത്യ പുരി എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും വിരമിച്ചത്.

ഇന്ത്യ സബ്‌സിഡികള്‍ കുറയ്ക്കണമെന്ന് ലോക വ്യാപാര സംഘടന

ഇന്ത്യ സബ്‌സിഡികള്‍ കുറയ്ക്കണമെന്ന് ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ). അടിസ്ഥാന സൗകര്യ വികസനത്തിനു പണം വേണമെങ്കില്‍ ഇത് മാത്രമാണ് നിലവിലെ മാര്‍ഗമെന്നും ഡബ്ലയുടിഓ. ആഭ്യന്തര വിപണിയെ സംരക്ഷിക്കാനെന്നോണം താരിപ്പു നിരക്കുകളില്‍ ഇന്ത്യ ഇടയ്ക്കിടെ വരുത്തുന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇന്ത്യയുടെ വ്യാപാര നയ അവലോകനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ ഡബ്ല്യുടിഒ പറയുന്നു. 2015-20 കാലയളവിലെ ഇന്ത്യയുടെ വ്യാപാര നയം സംബന്ധിച്ച ചര്‍ച്ച ജനീവയില്‍ ഇന്നു പൂര്‍ത്തിയാവും. കാര്‍ഷിക മേഖലയിലുള്‍പ്പെടെ ഇന്ത്യയുടെ ഇറക്കുമതി നയം ഉദാരമാക്കണമെന്നും അമിതമായ ഇറക്കുമതി തടയാനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്നും ഇതിനോടകം പല വികസിത രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുമുണ്ട്.


ബിപിസിഎല്‍ ഓഹരി വില്‍പന നീളാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ബിപിസിഎല്‍ ഓഹരി വില്‍പന മാര്‍ച്ചിനകം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു നീളാന്‍ സാധ്യതയേറെയെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നു നിക്ഷേപകര്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചെങ്കിലും ഫിനാന്‍ഷ്യല്‍ ബിഡിന് ആര്‍ക്കൊക്കെ അര്‍ഹതയുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്. വില്‍പന ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാകണമെങ്കില്‍ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പണവും അന്തിമ ജേതാവിനെ പ്രഖ്യാപിക്കലുമെല്ലാം അതിവേഗം നടക്കണം.

റബ്ബര്‍വില വര്‍ധിച്ചേക്കും

സ്വാഭാവിക റബ്ബറിന്റെ ഉല്‍പാദനത്തില്‍ നടപ്പു വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ 12.59 ദശലക്ഷം ടണ്ണില്‍ നിന്ന് 9 ശതമാനം കറവുണ്ടാകുമെന്നാണ് അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്റെ നിരീക്ഷണം. വിദേശ വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ഡിമാന്റും കാരണം ഇന്ത്യന്‍ വിപണിയില്‍ ആര്‍ എസ് എസ് 4 ഇനത്തില്‍പെട്ട റബറിന്റെ വ്യാപാരം കഴിഞ്ഞ ആഴ്ചകളില്‍ സ്ഥിരതപുലര്‍ത്തിയിരുന്നു. എന്നാല്‍ ഉല്‍പാദനം ഏറ്റവും വര്‍ധിക്കുന്ന സീസണ്‍ വരാനിരിക്കുന്നത് വിപണിയെ ബാധിച്ചേക്കും.


ഐറ്റി, ഓട്ടോ ഓഹരികളുടെ കരുത്തില്‍ വിപണി റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചു. സെന്‍സെക്സ് 689.19 പോയ്ന്റ് ഉയര്‍ന്ന് 48782.51 പോയ്ന്റിലും നിഫ്റ്റി 209.90 പോയ്ന്റ് ഉയര്‍ന്ന് 14374.25 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലുണ്ടായ ഉണര്‍വും ഇന്ത്യന്‍ വിപണിക്ക് നേട്ടമായി. 1763 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1350 എണ്ണത്തിന് കാലിടറി. 154 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.









Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it