ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 10, 2022

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 52 ശതമാനം വര്‍ധിച്ചു

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് (2021 ഡിസംബര്‍ 2021) ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 52 ശതമാനം വര്‍ധിച്ചതായി റേറ്റിംഗ് ഏജന്‍സിയായ കഇഞഅ പറയുന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം കുറവായിരുന്നു. എന്നാല്‍ 2021 ഡിസംബറിനെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവുണ്ടായതായാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

മഹീന്ദ്രയുടെ ഉപകമ്പനിയായ സാംഗ് യോംഗിനെ ഏറ്റെടുത്ത് എഡിസണ്‍ മോട്ടോഴ്‌സ്

കടക്കെണിയിലായ ദക്ഷിണ കൊറിയന്‍ കാര്‍നിര്‍മാതാക്കളായ സാംഗ് യോംഗ് മോട്ടോര്‍ കമ്പനിയെ എഡിസണ്‍ മോട്ടോഴ്സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തു. 1890 കോടി രൂപ(255 ദശലക്ഷം ഡോളര്‍)യുടേതാണ് ഇടപാട്. കമ്പനിയില്‍ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സാംഗ് യോംഗ്് മോട്ടോര്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു. രാജ്യാന്തരതലത്തിലുള്ള മഹീന്ദ്രയുടെ ഉപകമ്പനികളിലൊന്നാണ് സാംഗ് യോംഗ് മോട്ടോര്‍.

സിഎസ്ബി ബാങ്ക് എംഡി നേരത്തെ വിരമിക്കുന്നു

സിഎസ്ബി ബാങ്കിനെ അഞ്ചു വര്‍ഷം നയിച്ച എംഡിയും സിഇഒ യുമായ സി. വിആര്‍. രാജേന്ദ്രന്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ നേരത്തെ വിരമിക്കും. മാര്‍ച്ച് 31 വരെ ബാങ്കിനെ അദ്ദേഹം നയിക്കും. 2022 ഡിസംബര്‍ എട്ടുവരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. 2016 ഡിസംബര്‍ ഒന്‍പതിനാണ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അദ്ദേഹം ചുമതലയേറ്റത്. സിഎസ്ബി ബാങ്കിനെ ലാഭത്തിലേയ്ക്ക് നയിച്ചത് രാജേന്ദ്രന്റെ നേതൃത്വത്തിലാണ്.

കോവിഡ്;സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും പരിശോധന വേണ്ട

ഐസിഎംആര്‍ ഏറ്റവും പുതിയ കോവിഡ് പരിശോധനാ മാര്‍ഗരേഖ പുതുക്കി. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും പരിശോധന വേണ്ട. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും മാത്രം പരിശോധന മതി. ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങള്‍ ഉള്ളവരും പരിശോധിക്കണം. ഹോം ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കും ലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍ക്കും പരിശോധന വേണ്ട. ആഭ്യന്തരയാത്രക്കാര്‍ക്കും പരിശോധന നടത്തേണ്ട.

സ്വര്‍ണവില ഇടിഞ്ഞു

തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 4450 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4460 രൂപയായിരുന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്. സ്വര്‍ണവിലയില്‍ മാറ്റമുണ്ടായ അവസാന മൂന്ന് ദിവസങ്ങളിലുമായി ഒരു പവന്‍ സ്വര്‍ണ വില 520 രൂപ കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവും ഈ ദിവസങ്ങളില്‍ ഉണ്ടായി.

ഉല്‍പ്പാദനച്ചെലവ് കൂടുന്നു; ഇലക്ട്രിക് ഉപകരണങ്ങളുടെ വില ഉയരും

ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുവര്‍ഷം ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ക്ക് വില ഉയര്‍ന്നിരുന്നു. ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും വില ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മാതാക്കള്‍. വാഷിംഗ് മെഷീനുകള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെ വില ഉയരും.

പാനസോണിക്, എല്‍ജി, ഹയര്‍ തുടങ്ങിയ കമ്പനികള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളൊക്കെ ഈ പാദത്തില്‍ തന്നെ വില ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ്. ജനുവരി- മാര്‍ച്ച് കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 5-7 ശതമാനം വില വര്‍ധിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഇഎഎംഎ) അറിയിച്ചിട്ടുണ്ട്. ഹയര്‍ എസി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ മുതലായവയ്ക്ക് 3-5 ശതമാനം വില വര്‍ധിപ്പിക്കും.

ഗൂഗ്ള്‍ പേ ുള്‍പ്പെടെ യുപിഐ പണിമുടക്കി

ഓണ്‍ലൈന്‍ പേമെന്റ് സേവന ആപ്പുകളായ ഗൂഗ്ള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവ നിശ്ചലമായി. ഇന്നലെ (ജനുവരി 09)ഓടെയാണ് യുപിഐ ആപ്പുകള്‍ മുടങ്ങിയത്. സാങ്കേതിക തകരാറായതാണെന്നും ഉടന്‍ പരിഹരിച്ചെന്നും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ (എന്‍പിസിഐ) അറിയിച്ചു.

18000 തൊട്ട് നിഫ്റ്റി; 60,000 ല്‍ സെന്‍സെക്സ്, സൂചികകളില്‍ മുന്നേറ്റം

ദുര്‍ബലമായ ആഗോള വിപണിയും വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഓഹരി സൂചിക മുന്നേറി. സെന്‍സെക്സ് 650.98 പോയ്ന്റ് ഉയര്‍ന്ന് 60395.63 പോയ്ന്റിലും നിഫ്റ്റി 190.60 പോയ്ന്റ് ഉയര്‍ന്ന് 18003.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക്, ഐറ്റി, ഓട്ടോ, കാപിറ്റല്‍ ഗുഡ്സ്, പവര്‍ ഓഹരികളുടെ കരുത്തിലായിരുന്നു ഇന്ന് വിപണിയുടെ മുന്നേറ്റം. 2472 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 948 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. 88 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

കിറ്റെക്സിന്റെയും സഹോദര സ്ഥാപനമായ സ്‌കൂബീഡേയുടെയും ഓഹരി വിലയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ദിവസമായിരുന്നു ഇന്ന്. കിറ്റെക്സ് ഓഹരി വിലയില്‍ 17.22 ശതമാനം വര്‍ധനയാണ് ഒറ്റ ദിവസം ഉണ്ടാക്കിയത്. 39.55 രൂപ ഉയര്‍ന്ന് 269.25 രൂപയിലെത്തി.

സ്‌കൂബീഡേ ഗാര്‍മന്റ്സ് ഓഹരി വില 15.50 രൂപ വര്‍ധിച്ച് (10 ശതമാനം) 170.50 രൂപയിലുമെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ (ഒക്ടോബര്‍ - ഡിസംബര്‍) വരുമാനത്തില്‍ ഉണ്ടായ വന്‍ വര്‍ധനയാണ് കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരി വില കൂടാന്‍ പ്രധാന കാരണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it