ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 12, 2022

ഇന്‍ഫോസിസ്: അറ്റലാഭത്തില്‍ 12 ശതമാനം വര്‍ധന
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരായ ഇന്‍ഫോസിസിന്റെ അറ്റലാഭം മൂന്നാംപാദത്തില്‍ 12 ശതമാനം വര്‍ധിച്ചു. 2021 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കമ്പനി 5,809 കോടി രൂപയാണ് അറ്റലാഭം നേടിയത്. തൊട്ടുമുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,197 കോടി രൂപയായിരുന്നു.

വരുമാനം 23 ശതമാനം ഉയര്‍ന്ന് 31,867 കോടി രൂപയായി. ഇന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില 1.1 ശതമാനം ഉയര്‍ന്ന് 1,877.60 രൂപയിലെത്തി.
അറ്റലാഭം ഉയരാതെ വിപ്രോ
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ അറ്റാദായത്തില്‍ വിപ്രോ നേടിയത് നാമമാത്രമായ വര്‍ധന മാത്രം. തൊട്ടുമുന്‍വര്‍ഷം ഇതേ കാലത്ത് അറ്റലാഭം 2,968 കോടി രൂപയായിരുന്നുവെങ്കില്‍ ഇന്ന് പുറത്തുവിട്ട ഫലപ്രകാരം മൂന്നാംപാദ അറ്റലാഭം 2,969 കോടി രൂപ മാത്രമാണ്. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 30 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
എല്ലാം സമയദോഷം: വിജയ് ശേഖര്‍ ശര്‍മ
പേ ടിഎമ്മിന്റെ മാതൃകമ്പനി വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില ബുധനാഴ്ചയും ഇടിവ് തുടരുമ്പോള്‍ ഐപിഒ നടത്തിയ സമയത്തെ പഴിച്ച് കമ്പനി സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. ഓഹരി വിപണിയില്‍ വിവിധ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്ന ഘട്ടത്തിലായിപ്പോയി കമ്പനിയുടെ ഐപിഒയെന്ന് സെക്വയ കാപ്പിറ്റല്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രാജന്‍ ആനന്ദനുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം പറയുന്നു. കമ്പനിയുടെ പേയ്‌മെന്റ് റവന്യുവിനെ ജനങ്ങള്‍ മൂല്യം കുറച്ച് കാണുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭത്തിലേക്കാണ് പേടിഎമ്മിന്റെ കണ്ണെന്ന് വിജയ് ശേഖര്‍ ശര്‍മ പറയുന്നു.
എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പൊതു പെരുമാറ്റ ചട്ടം കൊണ്ടുവരുന്നു
രാജ്യത്തെ വമ്പന്‍ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടായ്മ സൃഷ്ടിക്കുന്നു. ബൈജൂസ്, അണ്‍അക്കാഡമി, അപ് ഗ്രാഡ്, വേദാന്തു തുടങ്ങിയ വമ്പന്മാര്‍ ഇന്ത്യ എഡ്‌ടെക് കണ്‍സോര്‍ഷ്യം എന്ന സംഘടന രൂപീകരിച്ച് പൊതുപെരുമാറ്റ ചട്ടം കൊണ്ടുവരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കയച്ച കത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എഡ്‌ടെക് രംഗത്ത് റെഗുലേറ്ററി ചട്ടങ്ങളുടെ പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാര്‍.
എല്‍ ഐ സിയുടെ മൂല്യം 15 ലക്ഷം കോടി രൂപ?
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എല്‍ ഐ സി) യുടെ മൂല്യം 15 ലക്ഷം കോടി രൂപയായേക്കുമെന്ന സൂചനകള്‍. എല്‍ ഐ സിയുടെ മൂല്യം തീരുമാനിച്ചുകൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെങ്കിലും കേന്ദ്രം 15 ലക്ഷം കോടി രൂപയെന്ന മൂല്യത്തിലേക്കാണ് നോട്ടമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്‍ ഐ സിയുടെ എംബഡഡ് വാല്യു നാല് ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഭാവി ലാഭത്തിന്റെ ഇപ്പോഴത്തെ മൂല്യവും ആസ്തികളുടെ അറ്റമൂല്യവും ചേര്‍ന്നുള്ളതാണ് എംബഡഡ് വാല്യു. ഇന്‍ഷുറന്‍സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ കണക്കാണ്. പൊതുവേ, ഇന്‍ഷുറന്‍സ് കമ്പനികളുടെ എംബഡഡ് വാല്യുവിന്റെ 3-5 മടങ്ങായിരിക്കും ആ കമ്പനിയുടെ മൂല്യം.
തുടര്‍ച്ചയായ നാലാം ദിവസവും മുന്നേറ്റം തുടര്‍ന്ന് സൂചികകള്‍
റിയല്‍റ്റി, ഓട്ടോ, എനര്‍ജി, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്സ് 533.15 പോയ്ന്റ് ഉയര്‍ന്ന് 61150.04 പോയ്ന്റിലും നിഫ്റ്റി 156.50 പോയ്ന്റ് ഉയര്‍ന്ന് 18212.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
1694 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയിടിഞ്ഞു. 54 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
15 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് കൂടി. കേരള ആയുര്‍വേദ (5.96 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5.50 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (5.38 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.10 ശതമാനം), ഫെഡറല്‍ ബാങ്ക് (2.02 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. കിറ്റെക്സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, പാറ്റ്സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ഹാരിസണ്‍സ് മലയാളം, ധനലക്ഷ്മി ബാങ്ക് തുടങ്ങി 14 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it