ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 17, 2022

കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ വാക്സിന്‍ രണ്ടു ദിവസത്തിനകം
സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്സീന്‍ (ഐപിവി), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്‌ക്കെതിരെയുള്ള ന്യുമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്സീന്‍ (പിസിവി), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്സിന്‍ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിട്ടുള്ളത്.
ഐപിഒ നിയമങ്ങള്‍ കടുപ്പിച്ച് സെബി, വിജ്ഞാപനം പുറത്തിറക്കി
മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ജനുവരി 14 ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നിയമങ്ങള്‍ കര്‍ശനമാക്കി. പുതിയ നിയമങ്ങള്‍ അനുസരിച്ച് ഐപിഓയിലെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) നിയമങ്ങളും കടുപ്പിച്ചു. ഐപിഒയ്ക്ക് മുമ്പ് കമ്പനിയില്‍ 20% ല്‍ കൂടുതല്‍ ഓഹരിയുള്ള ഓഹരി ഉടമകള്‍ക്ക് അവരുടെ 50% ല്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ ഇനി അനുവാദമുണ്ടായിരിക്കില്ല.
കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളില്‍ നിന്നും സര്‍ക്കാരിന് ലാഭവിഹിതം 6,600 കോടി രൂപ
ഗെയില്‍, എന്‍എംഡിസി, പവര്‍ ഗ്രിഡ് എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളില്‍ (സിപിഎസ്ഇ) നിന്നും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 6,600 കോടി രൂപ ലഭിച്ചു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്നും (എന്‍പിസിഐഎല്‍) പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്നും യഥാക്രമം 972 കോടി രൂപയും 2506 കോടി രൂപയും ഡിവിഡന്റ് ട്രഞ്ചായി സര്‍ക്കാരിന് ലഭിച്ചതായാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ തിങ്കളാഴ്ച ട്വീറ്റിലൂടെ അറിയിച്ചത്.
യൂറോപ്പിലെ സിടിസിയെ ഏറ്റെടുത്ത് ടെക് മഹീന്ദ്ര
യൂറോപ്പ് ആസ്ഥാനമായുള്ള സിടിസി (Com tec Co IT (CTC) ) യുടെ 100% ഓഹരികളും ഏറ്റെടുത്തതായി ഐടി ഭീമനായ ടെക് മഹീന്ദ്ര തിങ്കളാഴ്ച പ്രഖ്യാപിച്ചു. 310 ദശലക്ഷം യൂറോയ്ക്ക് (ഏകദേശം 2,628 കോടി രൂപ ) ആണ് ഏറ്റെടുക്കല്‍ നടന്നത്.
2010 ഏപ്രിലിലെ സത്യം ഏറ്റെടുക്കലിന് ശേഷം സ്ഥാപനം നടത്തിയ ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലാണ് CTC ഏറ്റെടുക്കല്‍.
ഏറ്റവും പുതിയ മോഡലിന് ആദ്യ ദിനം തന്നെ 7,738 ബുക്കിംഗുകള്‍ ലഭിച്ചതായി കിയ
ഓര്‍ഡര്‍ ആരംഭിച്ചതിന്റെ ആദ്യ ദിവസം തന്നെ തങ്ങളുടെ വരാനിരിക്കുന്ന മോഡല്‍ ക്യാരന്റെ 7,738 ബുക്കിംഗുകള്‍ ലഭിച്ചതായി വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. ജനുവരി 14 ന് ആണ് 25,000 രൂപ പ്രാരംഭ ബുക്കിംഗ് തുകയോടെ കമ്പനി പുതിയ മോഡലിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചത്.
നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
പുറത്തുവരുന്ന മൂന്നാംപാദ ഫലങ്ങളും ആസന്നമായ ബജറ്റും ഓഹരി നിക്ഷേപകരെ ചുവടുമാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടോ? ഇന്ന് ഓഹരി സൂചികകളുടെ ചലനം നല്‍കുന്ന സൂചന അതാണ്. മികച്ച കമ്പനികളില്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുക എന്നതായിരുന്നു ഇന്ന് വിപണിയുടെ പൊതുസ്വഭാവം. വലിയ ചാഞ്ചാട്ടങ്ങള്‍ വിപണിയില്‍ പ്രകടമായില്ല. സെന്‍സെക്സ് 86 പോയ്ന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 61,309ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 53 പോയ്ന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 18,309 ലും ക്ലോസ് ചെയ്തു.
മെട്രോ ബ്രാന്‍ഡ്സിന്റെ ഓഹരി വില ഇന്ന് 20 ശതമാനത്തോളം ഉയര്‍ന്നു. പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിരിക്കുന്ന ഈ കമ്പനിയുടെ മികച്ച മൂന്നാംപാദ ഫലങ്ങളാണ് ഓഹരി വില ഉയരാനിടയാക്കിയത്.
കേരള കമ്പനികളുടെ പ്രകടനം
ഇന്‍ഡിട്രേഡ് ഓഹരി വില ഇന്ന് 14.83 ശതമാനമാണ് ഉയര്‍ന്നത്. ഹാരിസണ്‍ മലയാളത്തിന്റെ ഓഹരി 9.67 ശതമാനം നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ് (5.14 ശതമാനം), റബ്ഫില (7.11 ശതമാനം) ഓഹരികള്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ഫാക്ടിന്റെ ഓഹരി വില 3.79 ശതമാനം ഉയര്‍ന്നു.



Related Articles
Next Story
Videos
Share it