ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 19, 2022

രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 6.7% വര്‍ധിച്ചു

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 6.7% വര്‍ധിച്ചതായി ഏവിയേഷന്‍ മന്ത്രാലയം. ഡിസംബറില്‍ ഏകദേശം 1.12 കോടി ആഭ്യന്തര യാത്രക്കാര്‍ ആഭ്യന്തര യാത്രകള്‍ നടത്തി, നവംബറില്‍ 1.05 കോടിയായിരുന്നു കണക്ക്.

ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി 1,200 കോടി രൂപയുടെ വേദാന്ത ഓഹരികള്‍ വിറ്റ് സിറ്റി ബാങ്ക്

പ്രമുഖ ആഗോള ബാങ്കായ സിറ്റി ബാങ്ക് ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി ബുധനാഴ്ച, 1,200 കോടി രൂപയുടെ വെദാന്ത ലിമിറ്റഡ് ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു. 3.2 കോടിയിലധികം ഓഹരികള്‍ ഓരോന്നിനും ശരാശരി 314.65 രൂപയ്ക്കാണ് വിറ്റത്. 1,204.48 കോടി രൂപയുടെ ഇടപാട് ആണിതെന്നും ബിഎസ്ഇ ബള്‍ക്ക് ഡാറ്റ കാണിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിപണി മൂല്യം മൂന്നുലക്ഷം കോടി കടന്ന് അദാനി ഗ്രീന്‍ എനര്‍ജി

അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 0.77 ശതമാനം നഷ്ടത്തില്‍ വ്യാപാരം നടന്നപ്പോഴാണ് അദാനി ഗ്രീന്‍ എനര്‍ജിയില്‍ ഈ മുന്നേറ്റം. നടപ്പ് സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദഫലം പുറത്തുവിട്ടതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണം.

അദാനി ഗ്രൂപ്പിന് കീഴിയുള്ള കമ്പനികളുടെയെല്ലാം വിപണിമൂല്യത്തില്‍ കുതിപ്പുണ്ടായിട്ടുണ്ട്. അദാനി ട്രാന്‍സ്മിഷന്‍(2.15ലക്ഷം കോടി), അദാനി എന്റര്‍പ്രൈസസ്(2 ലക്ഷംകോടി), അദാനി ടോട്ടല്‍ ഗ്യാസ് (1.95 ലക്ഷംകോടി), അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (1.52 ലക്ഷംകോടി)എന്നിങ്ങനെയാണ് കമ്പനികളുടെ വിപണിമൂല്യം.

യുഎസ് 5ജി തരംഗം; അപകട സാധ്യത കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍

യുഎസ് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വെറൈസണും എടി&ടിയും 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത് കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍. 5ജി സേവനം വ്യാപിപ്പിക്കുന്നത് വ്യോമയാന രംഗത്തെ ബാധിക്കുമെന്ന് യുഎസ് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാനങ്ങള്‍ പറക്കുന്ന ഉയരം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സമാന റേഡിയോ തരംഗങ്ങളാണ് (സി ബാന്‍ഡ്) 5ജി ഇന്റര്‍നെറ്റിനും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് യുഎസിലേക്കുള്ള വിവിധ സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കിയത്.

ഓഹരി സൂചികളില്‍ ഇന്നും ഇടിവ്

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 656.04 പോയ്ന്റ് താഴ്ന്ന് 60098.82 പോയ്ന്റിലും നിഫ്റ്റി 174.60 പോയ്ന്റ് താഴ്ന്ന് 17938.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1432 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1766 ഓഹരികളുടെ വില കുറഞ്ഞു. 72 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഏഷ്യന്‍ പെയ്ന്റ്സ്, ശ്രീ സിമന്റ്സ്, ഇന്‍ഫോസിസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.

സെക്ടറല്‍ സൂചികകളുടേത് ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. ഓട്ടോ, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. അതേസമയം ബാങ്ക്, എഫ്എംസിജി, ഐറ്റി, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ (3.03 ശതമാനം), എഫ്എസിടി (2.85 ശതമാനം), കിറ്റെക്സ് (1.76 ശതമാനം), ആസ്റ്റര്‍ ഡി എം (1.74 ശതമാനം), എവിറ്റി (1.38 ശതമാനം), നിറ്റ ജലാറ്റിന്‍ (1.25 ശതമാനം), ഈ്സ്റ്റേണ്‍ ട്രെഡ്സ് (1.14 ശതമാനം) തുടങ്ങിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, പാറ്റ്സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, അപ്പോളോ ടയേഴ്സ് തുടങ്ങി 14 കേരള ഓഹരികളുടെ വിലയില്‍ ഇന്ന് ഇടിവുണ്ടായി.

സംസ്ഥാനത്ത് കോവിഡ് കൂടുന്നു, 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് ബുധനാഴ്ച 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8193 പേര്‍ രോഗമുക്തി നേടി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it