ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 28, 2022

സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അനന്ത നാഗേശ്വരന്‍
സാമ്പത്തിക സര്‍വേയ്ക്കും കേന്ദ്ര ബജറ്റിനും മുന്നോടിയായി വി അനന്ത നാഗേശ്വരനെ സര്‍ക്കാര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) ആയി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (പിഎംഇഎസി) മുന്‍ അംഗമായിരുന്നു അദ്ദേഹം. 2021 ഡിസംബര്‍ 17-ന്‌ശേഷം ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ടാറ്റ ഗ്രൂപ്പിന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വായ്പ നല്‍കും
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ടാറ്റ ഗ്രൂപ്പിന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വായ്പ നല്‍കും. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ പിന്‍വലിക്കാനും പ്രവര്‍ത്തനചെലവിനുള്ള പണംകണ്ടെത്താനുമാണ് ബാങ്കുകളുടെ സംഘം സഹായിക്കുക. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫാ ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളാണ് വായ്പ നല്‍കുക.
നിലവിലുള്ള വായ്പകള്‍ പുനക്രമീകരിക്കാനും ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ട്. നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യക്ക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് നേരത്തെ വായ്പനല്‍കിയിട്ടുള്ളത്. ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനാല്‍ കൂടുതല്‍ വായ്പ എല്‍ഐസി നല്‍കില്ല.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സ്റ്റാറ്റ്സിന്റെ 50ശതമാം ഓഹരികളുമാണ് ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള താലസ് ലിമിറ്റഡിന് സര്‍ക്കാര്‍ കൈമാറിയത്. കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റയെത്തിയത്.
മാന്യവര്‍ ബ്രാന്‍ഡ് ഐപിഓയ്ക്ക്
എത്തിനിക് വെയര്‍ ബ്രാന്‍ഡായ മാന്യവാറിന്റെ മാതൃകമ്പനി വേദാന്ത് ഫാഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന അടുത്താഴ്ച ആരംഭിക്കും. ഫെബ്രുവരി നാല് മുതല്‍ എട്ടുവരെയാണ് പ്രാഥമിക ഓഹരി വില്‍പ്പന നടക്കുക. 824 രൂപ മുതല്‍ 866 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. വിപണിയില്‍ നിന്ന് 3,149 കോടി രൂപയാണ് സമാഹരണലക്ഷ്യം.
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 75 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസം മുന്‍പ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്നലെ വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36720 രൂപയും 36400 രൂപയുമായിരുന്നു സ്വര്‍ണവില.
നേട്ടം കളഞ്ഞുകുളിച്ച് സൂചികകള്‍, ഇടിവോടെ ക്ലോസിംഗ്
വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സൂചികകള്‍ ഈ ദിവസത്തെ നേട്ടം മുഴുവന്‍ കളഞ്ഞുകുളിച്ചു. ഇന്ന് വ്യാപാരത്തിനിടെ മുന്നേറ്റം തുടര്‍ന്ന സെന്‍സെക്സ് 807 പോയ്ന്റ് വരെ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സൂചിക താഴേക്ക് പോയി. 77 പോയ്ന്റ്, 0.13 ശതമാനം ഇടിവോടെ 57,200ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി എട്ട് പോയ്ന്റ് താഴ്ന്ന് 17,102ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി ഒരു ഘട്ടത്തില്‍ 271 പോയ്ന്റ് ഉയര്‍ന്നിരുന്നു. ഇന്ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്സും നിഫ്റ്റിയും മൂന്ന് ശതമാനം വീതമാണ് ഇടിഞ്ഞത്. വിശാല വിപണിയില്‍ ഇന്ന് മുന്നേറ്റമായിരുന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
മുഖ്യ സൂചികകള്‍ താഴ്ചയിലായിരുന്നുവെങ്കിലും കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ നേട്ടത്തിലായി. കേരളം ആസ്ഥാനമായുള്ള മൂന്ന് എന്‍ ബി എഫ് സികളുടെ ഓഹരി വിലകളും ഇന്ന് കൂടി. മണപ്പുറത്തിന്റെ ഓഹരി വില രണ്ട് ശതമാനത്തിലേറെ വര്‍ധിച്ചു. സ്‌കൂബിഡേയുടെ ഓഹരി വിലയിലും രണ്ടുശതമാനത്തിലേറെ ഉയര്‍ച്ചയുണ്ടായി.





Related Articles
Next Story
Videos
Share it