Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 31, 2022
അടുത്ത സാമ്പത്തിക വര്‍ഷം എട്ടരശതമാനം വളര്‍ച്ചയെന്ന് ഇക്കണോമിക് സര്‍വെ
വരുന്ന സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ രാജ്യം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ അനുമാനം. പൊതുബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സര്‍വെ വളര്‍ച്ച സംബന്ധിച്ച് വളരെ യാഥാസ്ഥികമായ ചിത്രമാണ് നല്‍കുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നായിരുന്നു നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ അനുമാനം. ഇതില്‍ നിന്നും വ്യത്യസ്തമായ കണക്കാണ് സാമ്പത്തിക സര്‍വെയിലുള്ളത്.
ജിഎസ്ടി കളക്ഷന്‍ തുടര്‍ച്ചയായ നാലാം മാസവും 1.3 ലക്ഷം കോടി കവിഞ്ഞു
ജനുവരിയില്‍ ജിഎസ്ടി കളക്ഷന്‍ 1.38 ലക്ഷം കോടി രൂപ കവിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ച. 36 ലക്ഷം ത്രൈമാസ റിട്ടേണുകള്‍ ഉള്‍പ്പെടെ 2022 ജനുവരി 30 വരെ സമര്‍പ്പിച്ച ജിഎസ്ടിആര്‍-3 ബി റിട്ടേണുകളുടെ ആകെ എണ്ണം 1.05 കോടിയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
49.1 ശതമാനം നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് സാമ്പത്തിക സര്‍വെ
2021-22 സാമ്പത്തിക സര്‍വേ പ്രകാരമാണ് ഇന്ത്യന്‍ ബാങ്കുകളില്‍ ഉള്ള മൊത്തം നിക്ഷേപത്തിന്റെ 49.1 ശതമാനവും ഡിഐസിജിസി സ്‌കീമിന് കീഴില്‍ ലഭ്യമായ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ലെന്ന് തെളിഞ്ഞത്.
സ്വര്‍ണവില വീണ്ടും കുറഞ്ഞു
തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില കുറഞ്ഞതിന് ശേഷം ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.
ബജറ്റ് വാരത്തിന് വെടിക്കെട്ട് തുടക്കം; സെന്‍സെക്സ് 814 പോയ്ന്റ് ഉയര്‍ന്നു
കേന്ദ്ര ബജറ്റിന് ഒരു ദിനം മുമ്പേ ഓഹരി വിപണിയില്‍ കാളക്കൂറ്റന്മാര്‍ റാലി തുടങ്ങി. രാജ്യത്തിന്റെ വളര്‍ച്ചാ ഗതിവേഗം കൂട്ടുന്ന, പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്ന ഒന്നാകും നാളെ അവതരിപ്പിക്കുന്ന ബജറ്റെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് ഇന്നത്തെ വിപണി മുന്നേറ്റത്തിന് ഒരു കാരണം. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് ഇന്ന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും വിപണിയില്‍ ആവേശം ചൊരിഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എട്ടുമുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടാന്‍ പാകത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സജ്ജമായെന്ന് സാമ്പത്തിക സര്‍വെ പറയുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 1000 പോയിന്റോളം ഉയര്‍ന്നിരുന്നു. 814 പോയ്ന്റ് നേട്ടത്തില്‍ 58,014ലായിരുന്നു ക്ലോസിംഗ്. അതേ സമയം നിഫ്റ്റി ഇന്‍ട്രാഡേയില്‍ 17,400 തൊട്ടെങ്കിലും 238 പോയ്ന്റ് നേട്ടത്തില്‍ 17,340ലായിരുന്നു ക്ലോസിംഗ്. രണ്ട് മുഖ്യ സൂചികകളും ഇന്ന് 1.4 ശതമാനം നേട്ടമുണ്ടാക്കി. വിശാല വിപണിയിലും മുന്നേറ്റം പ്രകടനമായിരുന്നു. ബിഎസ്ഇ മിഡ് കാപ് സൂചിക 1.7 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍കാപ് സൂചിക 0.9 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
വെറും ആറുകമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് താഴേക്ക് പോയത്. സ്‌കൂബി ഡേ, വെര്‍ട്ടെക്സ് ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ താഴ്ന്നു. കിറ്റെക്സ് ഓഹരി വില 3.45 ശതമാനം ഇടിഞ്ഞു. ജിയോജിത് ഓഹരി വില 2.33 ശതമാനവും കൊച്ചിന്‍ മിനറല്‍സിന്റെ ഓഹരി വില 2.65 ശതമാനവും താഴേക്ക് പോയി.
കോവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാംപിളുകളാണു പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണു പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ 42.4 ശതമാനം.
അടുത്ത ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും
അടുത്ത ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.
Next Story
Videos