ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 04, 2022

കേരളത്തിന്റെ ആഭ്യന്തര വരുമാന വളര്‍ച്ച കുത്തനെ താഴേക്കെന്ന് റിപ്പോര്‍ട്ട്

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക കണക്കുകളനുസരിച്ച് കേരളത്തിന്റെ ജിഎസ്ഡിപി അഥവാ സംസ്ഥാന ആഭ്യന്തര വരുമാന വളര്‍ച്ച 2020-21 സാമ്പത്തിക വര്‍ഷം മൈനസ് 11.2% ആയി കുറഞ്ഞു. ടൂറിസം ഉള്‍പ്പെടുന്ന സേവന മേഖലയ്ക്കു വന്ന ഇടിവാണ് സമ്പദ് വ്യവസ്ഥയെ ഉലച്ചത്. ആഭ്യന്തര വരുമാനം 2019-20ല്‍ 2.2% ആയി കുറഞ്ഞിരുന്നു. 2018-19ല്‍ 6.2% വളര്‍ച്ചയുണ്ടായ സ്ഥാനത്ത് നിന്നായിരുന്നു ഈ കണക്കെത്തിയത്. എന്നാല്‍ ബിസിനസും ജോലികയും അവതാളത്തിലായതോടെ അത് ഈ വര്‍ഷം മൈനസ് 11.2 ശതമാനത്തിലേക്കു എത്തുകയായിരുന്നു. ക്വിക് എസ്റ്റിമേറ്റ് വിലയിരുത്തലാണിത്.

വൈദ്യുതിയിന്മേല്‍ ജിഎസ്ടി; സര്‍ക്കാരുകള്‍ക്ക് നഷ്ടം 59,700 കോടി

വൈദ്യുതിയെ ചരക്ക് സേവന നികുതിക്ക് (ജി എസ് ടി) കീഴില്‍ കൊണ്ടുവരുന്നത് സര്‍ക്കാരുകള്‍ക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിയുടെ ഏറ്റവും കുറഞ്ഞ സ്ലാബായ അഞ്ച് ശതമാനത്തിന്‍ കീഴിലായാല്‍ പോലും പ്രതിവര്‍ഷം സര്‍ക്കരുകള്‍ക്ക് 59,700 കോടിയുടെ വാര്‍ഷിക നഷ്ടം ഉണ്ടായേക്കും. ഏണസ്റ്റ് ആന്‍ഡ് യങ് (Ernst & Young) ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ എസ്ബിഐ

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ നിക്ഷേപകരുടെ ഒരു മാര്‍ക്വീ സെറ്റില്‍ നിന്ന് പൈന്‍ ലാബ്‌സ് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പുറമെ ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ടില്‍ നിന്ന് 100 ദശലക്ഷം ഡോളറും സമാഹരിച്ചിരുന്നു. ഓഫ്‌ലൈന്‍ പോയിന്റ് ഓഫ് സെയില്‍ വഴി മര്‍ച്ചന്റ് കൊമേഴ്‌സ് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ പൈന്‍ ലാബ്‌സ് ആലോചിക്കുന്നുണ്ട്.

മെട്രോയില്‍ സന്നദ്ധ സേനാംഗങ്ങള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് ലോക്‌നാഥ് ബെഹ്‌റ

സന്നദ്ധ സേനാംഗങ്ങള്‍ക്ക് കൊച്ചി മെട്രോയില്‍ ഇളവ് പ്രഖ്യാപിച്ച് ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്തെ സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കുക. ടിക്കറ്റില്‍ 50 ശതമാനമാണ് കൊച്ചി മെട്രോയില്‍ ഇളവ് ലഭിക്കുക.

ഒമിക്രോണ്‍ ഭീതി അവഗണിച്ച് ഓഹരി വിപണി; തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റം

പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 20,000ത്തിന് മുകളില്‍ പോയാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ മുംബൈ. വാരാന്ത്യ കര്‍ഫ്യുവിലേക്ക് ഡെല്‍ഹി നീങ്ങുന്നു. ജനങ്ങളെ വീണ്ടും വീടുകളിലേക്ക് ചുരുക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്ത് പലഭാഗങ്ങളില്‍ വരുമ്പോഴും തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി സൂചികകള്‍ മുന്നേറി. ഒമിക്രോണ്‍ ഭീതിയെ വകഞ്ഞുമാറ്റിയാണ് വിപണിയുടെ പോക്ക്. സെന്‍സെക്സ് 672.71 പോയ്ന്റ് അഥവാ 1.14 ശതമാനം ഉയര്‍ന്ന് 59,855.93ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 179.55 പോയ്ന്റ് അഥവാ 1.02 ശതമാനം ഉയര്‍ന്ന് 17,805.25ലും ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. വണ്ടര്‍ലയുടെ ഓഹരി വില 2.69 ശതമാനം ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വിലയും 2.73 ശതമാനം താഴ്ന്നു. സിഎസ്ബി ബാങ്ക് ഓഹരി വില ഇന്ന് 6.02 ശതമാനമാണ് ഉയര്‍ന്നത്. എഫ് എ സി ടി ഓഹരി വില 4.17 ശതമാനവും കിറ്റെക്സ് ഓഹരി വില 5.50 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it