ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 05, 2021
കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് മധ്യത്തോടെയുണ്ടാകുമെന്ന് എസ്ബിഐ റിസര്‍ച്ച്
രാജ്യത്ത് ഓഗസ്റ്റ് മധ്യത്തോടെ കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയേക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. സെപ്റ്റംബറോടെ ഇത് അധികരിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്സിനേഷനാണ് മഹാമാരിയില്‍ നിന്ന് രക്ഷനേടാനുള്ള ഏക മാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 20.8 ശതമാനത്തിന് ആദ്യ ഡോസ് ലഭിച്ചു. 4.6 ശതമാനം പേര്‍ക്ക് മാത്രമാണ് പൂര്‍ണമായി വാക്‌സിന്‍ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇ-കൊമേഴ്സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പറിയിച്ച് ടാറ്റ ഗ്രൂപ്പ്
ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പിന്നാലെ പുതിയ ഇ-കൊമേഴ്സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്. 'ഇന്‍വെസ്റ്റ് ഇന്ത്യ'യുടെ മീറ്റിംഗിലാണ് ഇരു കമ്പനികളും തങ്ങളുടെ ആശങ്ക അറിയിച്ചത്. പുതിയ നിയമങ്ങള്‍ പലതും വ്യക്തമായി നിര്‍വചിക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും നയം നടപ്പാക്കുന്നതിന്റെ തിയതി നീട്ടിവയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ജൂണ്‍ 21 നായിരുന്നു രാജ്യത്തെ പുതിയ ഇകൊമേഴ്സ് നിയമങ്ങളുടെ കരട് പുറത്തിറക്കിയത്.
യെസ് ബാങ്ക് നിക്ഷേപം 39 ശതമാനം ഉയര്‍ന്ന് 163,295 കോടി രൂപയായി
2021 ജൂണില്‍ അവസാനിച്ച പാദത്തില്‍ യെസ് ബാങ്ക് നിക്ഷേപം 39 ശതമാനം ഉയര്‍ന്ന് 163,295 കോടി രൂപയായി. അതേ സമയം ബാങ്കിന്റെ വായ്പയും അഡ്വാന്‍സും 163,914 കോടി രൂപയായി. 2021 മാര്‍ച്ചില്‍ ഇത് 166,893 കോടി രൂപയായിരുന്നു. 2020 ജൂണില്‍ 164,510 കോടി രൂപയായിരുന്നു ഇത്. ബാങ്കിന്റെ നിക്ഷേപം 39 ശതമാനം വര്‍ധിച്ച് 163,295 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 117360 കോടിയായിരുന്നു.
റിലയന്‍സിന്റെ സോളാര്‍ ബിസിനസ് നേതൃത്വത്തില്‍ അനന്ത് അംബാനിയും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍എല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെ ഡയറക്റ്ററായി നിയമിച്ചു. ഇഷ അംബാനി, ആകാശ് അംബാനി എന്നിവരടങ്ങുന്ന ജിയോ പ്ലാറ്റ്‌ഫോമിലും അനന്ത് അടുത്തിടെ ചേര്‍ക്കപ്പെട്ടിരുന്നു. അംബാനി കുടുംബത്തിലെ കുടുംബ ബിസിനസ് കണ്ണിയിലേക്ക് ചേര്‍ക്കപ്പെട്ട ഏറ്റവുമൊടുവിലത്തെയാളാണ് അനന്ത്.
മാരുതിക്ക് പിന്നാലെ ഹോണ്ടയും വിലവര്‍ധിപ്പിക്കുന്നു
മാരുതി സുസൂക്കിക്കും ടാറ്റയ്ക്കും ശേഷം വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോണ്ട. എല്ലാ വാഹനങ്ങളുടെ വിലയും ഓഗസ്റ്റ് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഓണത്തിന് കാര്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വിലക്കയറ്റം വെല്ലുവിളിയായേക്കാം.
പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതായി ഹൈക്കോടതിയോട് കേന്ദ്രം
ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ ഇങ്ക് പരാജയപ്പെട്ടുവെന്ന് കേന്ദ്രം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇത് രാജ്യത്തിന്റെ നിയമമാണ്, അത് നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ട്വിറ്റര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.
പോസ്റ്റ് പെയ്ഡ് മിനി പുറത്തിറക്കി പേടിഎം
ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌പോമായ പേടിഎം പുതിയ സര്‍വീസായ പോസ്റ്റ് പെയ്ഡ് മിനി പുറത്തിറക്കി. ബയ് നൗ, പേ ലേറ്റര്‍ ഓപ്ഷന് പുറമേ ക്രെഡിറ്റ് നല്‍കുന്നതാണ് പോസ്റ്റ് പെയ്ഡ് മിനി. കൊവിഡ് പ്രതിസന്ധിക്കിടെ ഉപയോക്താക്കള്‍ക്ക് ഈ ഇന്‍സ്റ്റന്റ് ലോണ്‍ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാന്‍ സാധിക്കും. ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡുമായ ചേര്‍ന്നാണ് പേടിഎം ഈ സേവനം നടപ്പിലാക്കിയിട്ടുള്ളത്.
പരിശോധന കുറച്ചു: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളും കുറഞ്ഞു
സംസ്ഥാനത്ത് കോവിഡ് പരിശോധന കുറച്ചതോടെ പ്രതിദിന കോവിഡ് കേസുകളും കുറഞ്ഞു. 24 മണിക്കൂറിനിടെ 80,134 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 8,037 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനെയാണ് ഇന്ന് പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്.
ഈ ആഴ്ച രണ്ട് കമ്പനികള്‍ ഐപിഒയ്ക്ക്
ജൂലൈയില്‍ ഐപിഒ മാമാങ്കമാണെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുന്നത്. 2,500 കോടി രൂപ സമാഹരിക്കുന്നതിനായി രണ്ട് കമ്പനികളാണ് ഈ ആഴ്ച തന്നെ പ്രാഥമിക ഓഹരി വില്‍പ്പനയുമായി (ഐപിഒ) വിപണിയിലേക്ക് എത്തുന്നത്. ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഒന്ന്. 890-900 രൂപയായിരിക്കും ഇവരുടെ പ്രൈസ് ബാന്‍ഡ്. ജൂലൈ 7 നാണ് ആരംഭിക്കുക. ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് ആണ് മറ്റൊരു കമ്പനി. 828 മുതല്‍ 837 വരെയായിരിക്കും പ്രൈസ് ബാന്‍ഡ്.
നെഗറ്റീവ് വാര്‍ത്തകള്‍ക്ക് ചെവികൊടുക്കാതെ ഓഹരി വിപണി മുന്നോട്ട്
വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരികള്‍ പുതിയ വാരത്തില്‍ അതിന്റെ തുടര്‍ച്ച തന്നെ പ്രകടിപ്പിച്ചു. ബാങ്കിംഗ്, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യം ഏറെ പ്രകടമായപ്പോള്‍ സൂചികകള്‍ മുന്നേറി. ചുരുങ്ങല്‍ പ്രകടമാക്കി കൊണ്ട് പുറത്തുവന്ന ചില മാക്രോഇക്കണോമിക് ഡാറ്റകളെ കൂടി കാര്യമാക്കാതെയാണ് വിപണി മുന്നേറിയത്. രാജ്യത്തിന്റെ മാനുഫാക്ചറിംഗ് പിഎംഐ ചുരുങ്ങിയതും സര്‍വീസ് പിഎംഐ തൊട്ടുമുന്‍മാസത്തേക്കാള്‍ ജൂണില്‍ കുറഞ്ഞതും വിപണിയെ അലട്ടുന്നതേയില്ല.
കേരള കമ്പനികളുടെ പ്രകടനം
അഞ്ച് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് താഴ്ച രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ്, ഇന്‍ഡിട്രേഡ്, റബ്ഫില ഓഹരി വിലകള്‍ ആറു ശതമാനത്തിലേറെ ഉയര്‍ന്നു. സിഎസ്ബി ബാങ്ക് , ഈസ്ട്രഡ് ഓഹരി വിലകള്‍ മൂന്ന് ശതമാനത്തിലേറെ കൂടി. കേരള ആയുര്‍വേദയുടെ ഓഹരി വില അഞ്ചുശതമാനത്തിലേറെ കൂടിയപ്പോള്‍ ജിയോജിത് ഓഹരി വില നാല് ശതമാനത്തോളവും വര്‍ധിച്ചു.