Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 02, 2021
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായി ഐഓബി
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ മൂല്യമുള്ള രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി. 50,000 കോടി രൂപയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ പിന്തള്ളിയാണ് സ്ഥാനമുറപ്പിച്ചത്.
ഫാസ്റ്റ് ടാഗ് വഴിയുള്ള പ്രതിദിന ടോള്‍ ശേഖരണം രണ്ടാം തരംഗത്തിന് മുമ്പുള്ള നിലയിലേക്ക്
ഫാസ്റ്റ് ടാഗ് വഴിയുള്ള പ്രതിദിന ടോള്‍ ശേഖരണം കോവിഡ് രണ്ടാം തരംഗം ഏപ്രിലില്‍ ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പ് രേഖപ്പെടുത്തിയ നിലയിലെത്തിയെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. 6.3 ദശലക്ഷം ട്രാന്‍സാക്ഷനുമായി ഫാസ്റ്റ് ടാഗ് വഴി രാജ്യത്തുടനീളമുള്ള ടോള്‍ പിരിവ് 2021 ജൂലൈ ഒന്ന് വരെ 103.54 കോടി രൂപ രേഖപ്പെടുത്തി.
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന് അനുമതി
ഇന്ത്യയിലെ ഗര്‍ഭിണികള്‍ക്കും കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ അര്‍ഹതയുണ്ടെന്ന് വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിനില്‍ രജിസ്റ്റര്‍ ചെയ്യാം അല്ലെങ്കില്‍ കുത്തിവയ്പ് എടുക്കുന്നതിന് നേരിട്ട് അടുത്തുള്ള കോവിഡ് വാക്‌സിനേഷന്‍ സെന്ററിലേക്ക് എത്താം.
എസ്ബിഐയില്‍ പ്രത്യേക കറന്റ് അക്കൗണ്ട് സേവന പോയിന്റുകള്‍ പ്രവര്‍ത്തനം തുടങ്ങി
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്തുവാനും ഈ കൗണ്ടര്‍ ലക്ഷ്യമിടുന്നു.
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കും; വന്‍ പദ്ധതിയുമായി നിസ്സാന്‍ മോട്ടോര്‍
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇലക്ട്രിക് കാറുകളിലുപയോഗിക്കുന്ന ബാറ്ററികളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തിനായി ഒരു 'ഗിഗാഫാക്ടറി' സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വന്‍ പദ്ധതിയാകും ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് മാസം മുമ്പ് ഇതിനായി കമ്പനി ഒരു പഠന വിഭാഗത്തെ നിയമിച്ചിരുന്നുവെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി ഗുപ്ത ഒരു കൂട്ടം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിക്കും. ഈ പഠന റിപ്പോര്‍ട്ട് നിര്‍മാണത്തിനായുള്ള പച്ചക്കൊടി നല്‍കിയാല്‍ പ്രാദേശിക, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വിശദമാക്കി.
രാജ്യത്ത് കാര്‍ വില്‍പ്പന കൂടുന്നു
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഓട്ടോമൊബീല്‍ മേഖല കരകയറുകയാണോ? ജൂണിലെ യാത്രാ വാഹനങ്ങളുടെ വില്‍പ്പന ഇത് ശരി വെക്കുന്നു. മാരുതി സുസുകി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര& മഹീന്ദ്ര, കിയ, ടൊയോട്ട, ഹോണ്ട തുടങ്ങിയ പ്രധാന കാര്‍ നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പന വര്‍ധിച്ചതായാണ് കണക്ക്.
പെട്രോള്‍ , സ്വര്‍ണവില വര്‍ധിച്ചു
കേരളത്തിലെ സ്വര്‍ണ വിലയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360 രൂപയുമായി.
രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല.
നാലു ദിവസത്തെ ഇടിവിന് ശേഷം തിരിച്ചു കയറി ഓഹരി സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്സ് 166.07 പോയ്ന്‍്റ് ഉയര്‍ന്ന് 52484.67 പോയ്ന്റിലും നിഫ്റ്റി 42.20 പോയ്ന്റ് ഉയര്‍ന്ന് 15722.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1874 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1279 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഗ്ലാന്‍ഡ് ഫാര്‍മ, ഡിവിസ് ലാബ്സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 18 കേരള ഓഹരികളുട വിലയില്‍ വര്‍ധനവുണ്ടായി. അഞ്ചു ശതമാനം വര്‍ധനയോടെ കെഎസ്ഇയും 4.54 ശതമാനം വര്‍ധനയോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സും മുന്നിലുണ്ട്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.43 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.59 ശതമാനം), കേരള ആയുര്‍വേദ (2.95 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.71 ശതമാനം), സിഎസ്ബി ബാങ്ക് (2.61 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
Next Story
Videos