ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 03, 2021
റീറ്റെയ്ല്‍, ഹോള്‍സെയില്‍ മേഖലകളും ഇനി എംഎസ്എംഇയ്ക്ക് കീഴില്‍
രാജ്യത്തെ മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസില്‍ (എംഎസ്എംഇ) റീറ്റെയ്ല്‍, ഹോള്‍സെയില്‍ മേഖലയെ കൂടി ഉള്‍പ്പെടുത്തിയ പുതിയ നിര്‍ദേശത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. കോടിക്കണക്കിന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം കണ്ടെത്താന്‍ സാധിക്കുമെന്നും അതിലൂടെ വ്യാപാരം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി ശനിയാഴ്ച വ്യക്തമാക്കി. രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്ക് നാഴികക്കല്ലാവുന്ന തീരുമാനമെന്നാണ് നീക്കത്തെ പ്രധാനമന്ത്രി നിരീക്ഷിക്കുന്നത്.
യുകെയുടെ മോറിസണ്‍ സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങാനൊരുങ്ങി ഫോര്‍ട്ടീസ് ഗ്രൂപ്പ്
യുകെ യിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍ സൂപ്പര്‍മാര്‍ക്കറ്റ് പിഎല്‍സിയെ ഏറ്റെടുക്കാനൊരുങ്ങി ഫോര്‍ട്ടീസ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്. 8.7 ബില്യണ്‍ ഡോളര്‍ അഥവാ 6.3 ബില്യണ്‍ പൗണ്ട് ആണ് ഇവര്‍ ഇതിനായി ചെലവഴിക്കുക. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും ചിട്ടിലേലം
ചിട്ടിലേലം വീണ്ടും ആരംഭിക്കാനൊരുങ്ങി സഹകരണ ബാങ്കും കെഎസ്എഫ്ഇയും
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രണ്ട് മാസം നിര്‍ത്തിവെച്ചിരുന്ന ചിട്ടിലേലം വീണ്ടും ആരംഭിക്കാനൊരുങ്ങി സഹകരണ ബാങ്കും കെഎസ്എഫ്ഇയും. കെഎസ്എഫ്ഇയില്‍ നാല്‍പ്പതിനായിരത്തോളം ചിട്ടികളുടെ ലേലമാണ് മുടങ്ങിയിരിക്കുന്നത്. സഹകരണ ബാങ്കുകളുടെ 100 കണക്കിന് ചിട്ടികളാണ് മുടങ്ങിയത്. ലേലം നടക്കാത്തതിനാല്‍ ചിട്ടി അടവ് സംഖ്യ കൂടും. പണം അടയ്ക്കാതിരിക്കുന്ന ചിട്ടികളെല്ലാം നിശ്ചയിച്ചതിലും രണ്ട് മാസം കൂടി കഴിഞ്ഞേ കലാവധി പൂര്‍ത്തിയാക്കുകയൊള്ളൂ.
സാമ്പത്തിക സേവന രംഗത്തെ ടെക് ഭീമന്മാരുടെ വളര്‍ച്ച വെല്ലുവിളിയെന്ന് റിസര്‍വ് ബാങ്ക്
ഡിജിറ്റല്‍ സാമ്പത്തിക സേവന രംഗത്ത് ടെക് ഭീമന്മാര്‍ വലിയ വളര്‍ച്ച നേടുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തിരക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. സാമ്പത്തിക സേവന രംഗത്ത് ഈ കമ്പനികള്‍ക്ക് മേധാവിത്വം ഉണ്ടാകുന്നതിലാണ് റിസര്‍വ് ബാങ്ക് ആശങ്ക പുറപ്പെടുവിച്ചത്. ഇന്ത്യന്‍ വിപണിയില്‍ വന്‍കിട ടെക് കമ്പനികള്‍ സമീപ കാലത്ത് കാഴ്ചവെച്ച താത്പര്യവും സ്വാധീനവും വെല്ലുവിളിയാണ്. ആമസോണ്‍, ആല്‍ഫബെറ്റ് (ഗൂഗിള്‍), തുടങ്ങിയ ഭീമന്മാര്‍ കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നത്.
ക്രിപ്‌റ്റോകറന്‍സി ബ്രോക്കിംഗ് കമ്പനിയായ കോയ്ന്‍ ബേയ്‌സ് ഇന്ത്യയിലേക്ക്
ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ ബിസിനസ് സാന്നിധ്യം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യുഎസ് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് കോയിന്‍ ബേസ്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ബ്രയാന്‍ ആംസ്‌ട്രോംഗ് ആണ് രാജ്യത്ത് ഒരു ഓഫീസ് നിര്‍മിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിത്.
ഡെല്‍റ്റ വകഭേദം; 'ലോകം വളരെയേറെ അപകടത്തിലെ'ന്ന് ലോകാരോഗ്യ സംഘടന മേധാവി
കോവിഡ് തരംഗത്തിന്റെ ആക്കം കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ലോകം''വളരെ അപകടകരമായ ഒരു കാലഘട്ടത്തിലാണ്'' എന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രേഷ്യസ്. ഡെല്‍റ്റ വേരിയന്റ് ഇപ്പോള്‍ നൂറോളം രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റ് വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതു തുടരുകയാണെന്നും ഇത് പല രാജ്യങ്ങളിലും പ്രബലമായ കോവിഡ് വൈറസായി മാറുകയാണെന്നും ഒരു പത്രസമ്മേളനത്തില്‍ ടെഡ്രോസ് അദാനോം ഗബ്രേഷ്യസ് പറഞ്ഞു.
പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍ റാഡ്
ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബിഎംഡബ്ല്യു സിഇ -04 ജുലൈ ഏഴിന് അവതരിപ്പിക്കും. ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ ഇലക്ട്രിക് ശ്രേണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ബിഎംഡബ്ല്യു സിഇ -04 പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ട്വിറ്ററില്‍ ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.