ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 22, 2021

ഒരു ബില്യണ്‍ ഡോളര്‍ ഐപിഒയ്ക്കായി ഡിആര്‍എച്ച്പി ഫയല്‍ ചെയ്ത് സ്റ്റാര്‍ ഹെല്‍ത്ത്
സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഒരു ബില്യണ്‍ ഡോളറിന്റെ ഐപിഓയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തു. രാകേഷ് ജുന്‍ജുന്‍വാല, വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി പുതിയ 2,000 കോടി രൂപയുടെ പുതിയ ഇഷ്യുവിനൊപ്പം നിലവിലുള്ള പ്രൊമോട്ടര്‍മാരും ഷെയര്‍ഹോള്‍ഡര്‍മാരും 60.10 ദശലക്ഷം ഷെയറുകളുടെ വില്‍പ്പനയും ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധനവ്
സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 61 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനവും തൊട്ടു മുന്‍പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് 42 ശതമാനവും വര്‍ധനവാണിത്. സ്വര്‍ണം ഒഴികെ ഒരു ദിവസമെങ്കിലും കുടിശികയുള്ള സമ്മര്‍ദ്ദ ആസ്തികള്‍ക്കായി 25 ശതമാനം മാറ്റി വെച്ചതിനു ശേഷമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39 ശതമാനം വര്‍ധനവോടെ 179.78 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 45 ശതമാനം വര്‍ധിച്ച് 267.75 കോടി രൂപയിലും പലിശ ഇതര വരുമാനം മൂന്നു ശതമാനം വര്‍ധിച്ച് 76.28 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 3.21 ശതമാനമാണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും സ്വര്‍ണ പണയം ഒഴികെയുള്ള മേഖലകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായി.
കേരളത്തില്‍ 120 കോടിയുടെ പദ്ധതി ആരംഭിക്കാനൊരുങ്ങി വി-ഗാര്‍ഡ്
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഇന്നൊവേഷന്‍ ക്യാമ്പസ് പദ്ധതിക്ക് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 120 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പദ്ധതി എറണാകുളത്ത്, കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാകും ആരംഭിക്കുക. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാകും ഈ ഇന്നൊവേഷന്‍ ക്യാമ്പസ്. വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് എന്നിവയടങ്ങുന്ന ഇന്നൊവേഷന്‍ ക്യാമ്പസ് കേന്ദ്ര സര്‍ക്കാറും കിന്‍ഫ്രയുമായി സഹകരിച്ചാകും തുടങ്ങുക. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ 800 ഓളം വരുന്ന വിവിധ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക.
വോഡഫോണ്‍ ഐഡിയക്ക് നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി
15,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ)വഴി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയക്ക് (വി)സര്‍ക്കാര്‍ അനുമതി. വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ ആറുശതമാനം കുതിപ്പുണ്ടായി. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നിരുന്നാലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിഇപ്പോഴാണ് ലഭിച്ചത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് 9.56% അറ്റലാഭം രേഖപ്പെടുത്തി
ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് 9.56 ശതമാനം അറ്റലാഭം. റിന്‍ ഡിറ്റര്‍ജന്റ്, ലക്‌സ് സോപ്പ് എന്നിവയുടെ മാത്രം വരുമാനം 12.83 ശതമാനം വര്‍ധിച്ചു. ഇവയുടെ മൂന്ന് വിഭാഗങ്ങളിലുടനീളം ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി. കോവിഡ് അണുബാധകളുടെ രണ്ടാമത്തെ രണ്ടാം തരംഗ സമയത്ത് ആവശ്യം.
കേരളത്തില്‍ എം.എസ്.എം. ഇ യൂണിറ്റുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി
സംസ്ഥാനത്തെ എം.എസ്.എം.ഇ വ്യവസായ യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. 2016 മുതലുള്ള കാലയളവില്‍ 100 ശതമാനം വര്‍ധനയാണ് എം.എസ്.എം.ഇ യൂണിറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സംരംഭകരെ പിന്തിരിപ്പിക്കുന്നതാണെന്ന തരത്തില്‍ തെറ്റായ പ്രചരണം ബോധപൂര്‍വ്വം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വ്യവസായ സൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ നയമായി ഏറ്റെടുത്തിട്ടുണ്ട്. നിക്ഷേപകരുടെ ബുദ്ധിമുട്ടുകള്‍ പരിഗരിക്കുന്നതിന് സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണവില വീണ്ടും 36000 രൂപയില്‍ താഴ്ന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. രണ്ടു ദിവസം കൊണ്ട് പവന് 560 രൂപ കുറഞ്ഞു. വ്യാഴാഴ്ച്ച സ്വര്‍ണം പവന് 35,640 രൂപയാണ് നിരക്ക്. ഗ്രാമിന് നിരക്ക് 4,455 രൂപയും. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
സൂചികകളില്‍ മുന്നേറ്റം, സെന്‍സെക്സ് 638 പോയ്ന്റ് ഉയര്‍ന്നു
ആഗോള വിപണിയില്‍ നിന്നുള്ള മികച്ച സൂചനകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചു. സെന്‍സെക്സ് 638.70 പോയ്ന്റ് ഉയര്‍ന്ന് 52837.21 പോയ്ന്റിലും നിഫ്റ്റി 191.90 പോയ്ന്റ് ഉയര്‍ന്ന് 15824 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2131 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1054 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തിലെ കമ്പനികളുടെ മികച്ച ഫലങ്ങളുമാണ് വിപണിക്ക് താങ്ങായത്.
കേരള കമ്പനികളുടെ പ്രകടനം
മികച്ച പ്രകടനമാണ് ഇന്ന് കേരള കമ്പനികള്‍ കാഴ്ചവെച്ചത്. 13.58 ശതമാനം നേട്ടവുമായി മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് നേട്ടത്തില്‍ മുമ്പിലുണ്ട്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (8.96 ശതമാനം), മണപ്പുറം ഫിനാന്‍സ് (7.58 ശതമാനം), ധനലക്ഷ്മി ബാങ്ക് (6.69 ശതമാനം), എവിറ്റി (5.92 ശതമാനം), ഹാരിസണ്‍സ് മലയാളം (5.32 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (5.04 ശതമാനം) തുടങ്ങി 23 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it