ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 10, 2021

എടിഎം ഇടപാടുകളുടെ അഡീഷണല്‍ ചാര്‍ജ് വര്‍ധിപ്പിച്ച് ആര്‍ബിഐ

ഓരോ ബാങ്കില്‍ നിന്നും അനുവദനീയ സൗജന്യ ഇടപാടുകളില്‍ കവിഞ്ഞുള്ള ഓരോ ഇടപാടിനും 21 രൂപ ചാര്‍ജായി ഈടാക്കാന്‍ താരുമാനമായി. അടുത്ത വര്‍ഷം മുതലായിരിക്കും (2022 ജനുവരി 1 ) ഈ ചാര്‍ജുകള്‍ ബാധകമാകുക എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിമാസ അനുവദനീയ പരിധിക്കപ്പുറം പണത്തിനും പണമല്ലാത്ത എടിഎം ഇടപാടുകള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് വ്യാഴാഴ്ച ബാങ്കുകളെ ഔദ്യോഗിക രേഖയില്‍ അറിയിച്ചിട്ടുണ്ട്.
നികുതി അടയ്ക്കുന്നതിനു കൂടുതല്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു
നികുതി അടയ്ക്കുന്നതിനു കൂടുതല്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നവംബര്‍ 30 വരെ നീട്ടി. സ്റ്റേജ്, കോണ്‍ട്രാക്ട് വാഹന നികുതി, ടേണ്‍ ഓവര്‍ ടാക്‌സ് എന്നിവ അടയ്ക്കാനുള്ള തീയതിയും ദീര്‍ഘിപ്പിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ആംനസ്റ്റി പദ്ധതിക്ക് ഓപ്ഷന്‍ നല്‍കുന്നത് നവംബര്‍ 30 വരെ നീട്ടി. സ്റ്റേജ്, കോണ്‍ട്രാക്ട് വാഹന നികുതി അടയ്ക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയെന്നും ഇവര്‍ക്കു നികുതി ഇളവ് കാര്യത്തില്‍ പരിശോധിച്ചു വേണ്ടതു ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈൻ മരുന്നു വില്‍പ്പന രംഗത്തേക്ക് ടാറ്റയും; വണ്‍ എംജിയെ ഏറ്റെടുക്കുന്നു
ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ വണ്‍ എംജിയെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനാണ് പദ്ധതിയെന്ന് ദൈശീയ റിപ്പോര്‍ട്ടുകള്‍. ടാറ്റ ഡിജിറ്റല്‍ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സൂപ്പര്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാനുള്ള തന്ത്രങ്ങളുമായി ടാറ്റ മുന്നോട്ടു പോകുന്നതിനിടയിലാണ് നിര്‍ണായകമായ ഈ നിക്ഷേപം. ഇന്ത്യന്‍ ഇ-ഗ്രോസറി കമ്പനിയായ ബിഗ് ബാസ്‌ക്കറ്റ് ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ ക്യുര്‍ഫിറ്റില്‍ നിക്ഷേപം നടത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടാറ്റയുടെ പുതിയ നീക്കം.
മൊറട്ടോറിയം നീട്ടിനല്‍കുന്നത് പരിഗണിക്കുമെന്ന് ബാങ്കേഴ്‌സ് സമിതി
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടിനല്‍കുന്നത് അടുത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ജൂണ്‍ 30നും ഇടയില്‍ പുതുക്കേണ്ട ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ ഈ മാസം 30നു മുന്‍പു പുതുക്കണം. പുതുക്കുന്ന വായ്പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്നും ഇവയ്ക്കു സബ്‌സിഡി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റബര്‍ ഇറക്കുമതി കുറഞ്ഞു
റബറിന്റെ ഇറക്കുമതിയില്‍ ഇടിവ് തുടരുകയാണ്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് വിയറ്റ്‌നാമിലെ ഉല്‍പ്പാദനം ഇടിയുകയും ഇന്തോനേഷ്യ തുടങ്ങിയ മറ്റ് ഉല്‍പ്പാദന രംഗത്ത് മുന്നിലുളള രാജ്യങ്ങളില്‍ ഇലപ്പൊട്ട് രോഗം പടര്‍ന്നുപിടിച്ചതുമാണ് അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയാക്കിയതെന്ന് വിദഗ്ധര്‍.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും നഷ്ടമുണ്ടാക്കിയത് കെഎസ്ആര്‍ടിസി: സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഏറ്റവുമധികം നഷ്ടം വരുത്തിയത് കെഎസ്ആര്‍ടിസിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ 1431 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. കെഎസ്ഇബിയടക്കമുള്ള സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കിയതായി കണക്കുകളുണ്ടെങ്കിലും കെഎസ്ആര്‍ടിസിയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം നെല്ല് സംസ്‌കരണത്തിനായി അഞ്ച് മോഡേണ്‍ റൈസ് മില്ലുകള്‍ സ്ഥാപിച്ചെങ്കിലും സംസ്‌കരണ ശേഷി വിനിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 21.85 കോടി രൂപയാണ് വിനിയോഗ്ച്ചത്. എന്നാല്‍ ആവശ്യമായ നെല്ല് സംഭരിച്ചില്ല.
പ്രവാസികളുടെ യാത്രാവിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
പ്രവാസികളുടെ യാത്രാവിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നല്‍കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജിസിസി രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. പ്രവാസികള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സമൂഹമാണ്. യാത്രാ വിലക്ക് മൂലം വിദേശത്ത് ജോലി ചെയ്യുന്ന ആയിരിക്കണക്കിനു പേരാണ് കഷ്ടത അനുഭവിക്കുന്നത്. ഏറെപ്പേരുടെ ഉപജീവനം അവതാളത്തിലാക്കിയിരിക്കുകയാണ്. ഇത് കുടുംബങ്ങളേയും സമ്പദ്ഘടനയേയും ബാധിക്കും.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില.
വിപണിയില്‍ ഉണര്‍വ്, സൂചികകള്‍ ഉയര്‍ന്നു
രണ്ടു ദിവസം തുടര്‍ച്ചയായി താഴ്ച രേഖപ്പെടുത്തിയ ഓഹരി സൂചികകള്‍ ഇന്ന് ഉയരത്തില്‍ ക്ലോസ് ചെയ്തു. മുഖ്യ സൂചികകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിശാല വിപണിയും നിക്ഷേപകരുടെ വാങ്ങല്‍ താല്‍പ്പര്യത്തിന്റെ ആഴം വെളിപ്പെടുത്തി. സെന്‍സെക്സ് 359 പോയ്ന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 102 പോയ്ന്റ് അഥവാ 0.65 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. സെന്‍സെക്സ് 52,300 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 15,738ലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
കെഎസ്ഇ ഒഴികെ ബാക്കിയെല്ലാ കേരള കമ്പനികളുടെ ഓഹരികളും ഇന്ന് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്സ് ഒന്‍പത് ശതമാനത്തിലേറെ ഉയര്‍ന്നു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഓഹരി വില 5.78 ശതമാനം വര്‍ധിച്ചു. ഫെഡറല്‍ ബാങ്ക് ഓഹരി വില രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.





Related Articles
Next Story
Videos
Share it