Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 14, 2021
വിദേശ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; അദാനി ഗ്രൂപ്പിന് നഷ്ടം ഒരു ലക്ഷം കോടി രൂപയിലേറെ!
ഓഹരി വിപണിയില്‍ കാളക്കൂറ്റന്മാരെ പോലെ പാഞ്ഞ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികള്‍ക്കും അതിന്റെ പിന്‍ബലത്തില്‍ കുതിച്ചുയര്‍ന്ന ഗൗതം അദാനിയുടെ സമ്പത്തിനും തിരിച്ചടി. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, എന്‍എസ്ഡിഎല്‍, അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപ നിക്ഷേപിച്ചിരിക്കുന്ന മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ എക്കൗണ്ട് മരവിപ്പിച്ചതോടെ ഇന്ന് അദാനി ഗ്രൂപ്പിന്റെ ആറ് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനത്തില്‍ വന്‍ ശോഷണമാണ് സംഭവിച്ചിരിക്കുന്നത്.
ഓഹരി വിപണി പുതിയൊരു തട്ടിപ്പിന് വേദിയാകുന്നതായി സുചേത ദലാലിന്റെ ട്വീറ്റ്
സാമ്പത്തിക രംഗത്ത് ആശയക്കുഴപ്പം വിതച്ച് സാമ്പത്തികകാര്യ മാധ്യമപ്രവര്‍ത്തക സുചേത ദലാലിന്റെ ട്വീറ്റ്. ഓഹരി വിപണി പുതിയൊരു തട്ടിപ്പിന് വേദിയാകുന്നുവെന്നതാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സുചേത ദലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പേരോ മറ്റൊരു സൂചനയോ ഒന്നും ട്വീറ്റിലില്ലെങ്കിലും സംശയമുന നീളുന്നത് അദാനി ഗ്രൂപ്പിലേക്കും അതിന്റെ സാരഥി ഗൗതം അദാനിയിലേക്കുമാണ്. ''ഓഹരി വിപണി മറ്റൊരു കുംഭകോണത്തിന് സാക്ഷിയാകുന്നു. ഓഹരി വിപണിയിലെ കൃത്രിമത്വം തെളിയിക്കാന്‍ പ്രയാസമാണെങ്കിലും സെബി ഈ ഓഹരികള്‍ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു ഗ്രൂപ്പിന്റെ മാത്രം ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. അതും വിദേശ സ്ഥാപനങ്ങളിലൂടെ. അതിന്റെ പ്രത്യേകത എന്തെന്നാല്‍ 'ഒന്നും മാറുന്നില്ല' എന്നതാണ്'' ഇതാണ് സുചേത ദലാലിന്റെ ട്വീറ്റ്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ രീതികളില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ലോക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15 ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടി.പി.ആറില്‍ ഉണ്ടായതായി കാണാന്‍ സാധിച്ചതായും അദ്ദേഹം വിശദമാക്കി.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്‌സ് 90 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ വികസിപ്പിച്ചെടുക്കുന്ന നോവാ വാക്‌സ് 90 ശതമാനത്തിലേറെ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ - എന്‍വിഎക്‌സ്-കോവി 2373- രോഗങ്ങളില്‍ നിന്ന് 100% സംരക്ഷണം പ്രകടിപ്പിച്ചതായി നോവാവാക്‌സ് സിഇഒ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മൂന്നാംഘട്ട ട്രയലില്‍ 90.4 ശതമാനം ഫലപ്രാപ്തി നേടിയതായാണ് കമ്പനി അറിയിച്ചത്. വാക്‌സിന്‍ അംഗീകാരത്തിനടുത്തെത്തിയതായും കമ്പനി അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകളില്‍ ഏറ്റവും പ്രചാരമുള്ളവയില്‍ ഒന്ന്.
എഡ്യൂടെക്കിനായി തയ്യാറെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇന്ത്യയുടെ വിശാലമായ എഡ്‌ടെക് മാര്‍ക്കറ്റിനായി വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ പഠന സ്യൂട്ട് നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. എംബൈബ് എന്ന എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പിന്റെ 73 ശതമാനം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കിയിരുന്നു. സാവന്‍ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോം ജിയോ സാവന്‍ ആക്കിയിരുന്നു. ഇത് അക്കാദമിക് പോഡ്കാസ്റ്റ് പ്ലാറ്റ് ഫോം ആക്കിയേക്കും. മറ്റ് ചില ഏറ്റെടുക്കലുകള്‍ കൂടെ ചാനലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലേക്കുള്ള പാമോയില്‍ ഇറക്കുമതി ഇരട്ടിയായി
മെയ് മാസത്തില്‍ രാജ്യത്തേക്കുള്ള പാമോയില്‍ ഇറക്കുമതി ഇരട്ടിയായി കഴിഞ്ഞ നാല് മാസത്തെ ഏറ്റഴും ഉയര്‍ന്ന നിരക്കിലെത്തി. സോള്‍വന്റ് എക്സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) കണക്കുകള്‍ പ്രകാരം ഇറക്കുമതി 92 ശതമാനം ഉയര്‍ന്ന് 769,602 ടണ്ണായി. സോയ 43 ശതമാനം ഉയര്‍ന്ന് 267,781 ടണ്ണായി.
മത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ്; ഈ മാസം 30 വരെ രജ്‌സ്‌ട്രേഷന്‍
മത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവു ലഭിക്കാനായി ആദായ നികുതി നിയമത്തിന്‍ കീഴില്‍ രജിസ്ട്രേഷന്‍ എടുത്തിരിക്കണം. നിലവില്‍ രജിസ്ട്രേഷന്‍ ഉള്ള എല്ലാ മത ജീവകാരുണ്യ സ്ഥാപനങ്ങളും ജൂണ്‍ 30 ന് മുമ്പായി പുതുക്കാനുള്ള അപേക്ഷ കൊടുത്തിരിക്കണം. അല്ലാത്തപക്ഷം ഇവയ്ക്ക് നികുതിയിളവിനായുള്ള രജിസ്ട്രേഷന്‍ സ്വമേധയാ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ട്രസ്റ്റ്, സൊസൈറ്റി, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ എല്ലാ മത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
ഫോര്‍ട്ട് കൊച്ചി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് ന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോര്‍ട്ട് കൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ ഇതിനാവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ച് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിയ നേട്ടത്തില്‍ ഓഹരി വിപണി
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്സ് 76.77 പോയ്ന്റ് ഉയര്‍ന്ന് 52551.53 പോയ്ന്റിലും നിഫ്റ്റി 12.50 പോയ്ന്റ് ഉയര്‍ന്ന് 15811.90 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1624 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1625 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 5.95 ശതമാനം നേട്ടവുമായി റബ്ഫില ഇന്റര്‍നാഷണല്‍ മുന്നില്‍ നിന്ന് നയിക്കുന്നു. പാറ്റസ്്പിന്‍ ഇന്ത്യ (4.89 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.24 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍(1.93 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് ( 1.92 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ( 1.39 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (1.36 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.15 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos