Top

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 15, 2021

കോവിഡ് വാക്സിന് കോ-വിന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് കോവിഡ് വാക്‌സിനേഷനായി ഓണ്‍ലൈന്‍ പ്രീ-രജിസ്‌ട്രേഷനും കോവിന്നിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതും നിര്‍ബന്ധമല്ല. വാക്‌സിനേഷന്‍ സംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം. സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമല്ലാത്ത ആളുകള്‍ക്ക് സമയബന്ധിതമായി വാക്‌സിനേഷനില്‍ ചേരാനാകുമോ എന്ന ചോദ്യത്തിനായിരുന്നു വിശദീകരണം.
സ്വര്‍ണക്കടകളില്‍ ഹോള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍
ആഭരണ ശാലകളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ഹോള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചട്ടത്തിന്റെ ഇളവ് ഇന്നവസാനിച്ചു. നാളെ മുതല്‍ വില്‍ക്കുന്ന ആഭരണത്തില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാള്‍മാര്‍ക്കില്‍ ഉണ്ടാകണം. 14,18, 22 കാരറ്റ് സ്വര്‍ണം മാത്രമേ ആഭരണ ശാലകളില്‍ ഇനി വില്‍ക്കാവൂ എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്വര്‍ണ വിപണിയില്‍ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത്. നേരത്തെ ഇത് നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
എച്ച്ഡിഎഫ്സി മൊബൈല്‍ ആപ്പ് വീണ്ടും തകരാറിലായി
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പ് വീണ്ടും തകരാറിലായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കള്‍ നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് ട്വീറ്റ് ചെയ്തു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും ബാങ്ക് ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതികള്‍ ലഭിച്ചത്. അതേസമയം, തകരാര്‍ പരിഹരിക്കാനുള്ള ശ്രമംതുടരുകയാണെന്നാണ് ബാങ്ക് അധികൃതരുടെ അറിയിപ്പ്.
ഇന്ത്യയുടെ വ്യാപാരക്കമ്മി 6.28 ബില്യണ്‍ ഡോളറായി വര്‍ധിച്ചെന്ന് സര്‍ക്കാര്‍
മെയ് മാസത്തില്‍ രാജ്യത്തെ വ്യാപാരക്കമ്മി 6.28 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.15 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാര കയറ്റുമതി മെയ് മാസത്തില്‍ 69.35 ശതമാനം ഉയര്‍ന്ന് 32.27 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 73.64 ശതമാനം ഉയര്‍ന്ന് 38.55 ബില്യണ്‍ ഡോളറിലെത്തി.
ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കും
ആമസോണ്‍ ഡോട്ട് കോം, വാള്‍മാര്‍ട്ട് ഇങ്കിന്റെ ഫ്‌ളിപ്കാര്‍ട്ട് എന്നിവയുടെ മത്സരവിരുദ്ധ പെരുമാറ്റത്തെക്കുറിച്ച് പുനരാരംഭിച്ച അന്വേഷണം വേഗത്തിലാക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ തിരഞ്ഞെടുത്ത വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിച്ചതായും ഇത് ചെറുകിടക്കാരെ തകര്‍ക്കുന്നതായും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിസിഐ കഴിഞ്ഞ ജനുവരിയില്‍ അന്വേഷണം ആരംഭിച്ചത്.
25 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പ് വായ്പ; കെഎസ്‌ഐഡിസി അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സീഡ് ഫണ്ടായി 25 ലക്ഷം രൂപ വരെ വായ്പ നല്‍കാനുളള പദ്ധതിയിലേക്ക് കെഎസ്‌ഐഡിസി അപേക്ഷ ക്ഷണിച്ചു. 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ വര്‍ഷം സീഡ് ഫണ്ട് സഹായം നല്‍കാനാണ് കെഎസ്‌ഐഡിസിയുടെ ആലോചന. അപേക്ഷകള്‍ ജൂലൈ 15 ന് മുന്‍പ് സമര്‍പ്പിക്കണം. 4.25 ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തെ സോഫ്റ്റ് ലോണായാണ് വായ്പ നല്‍കുക. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ വരെ അധിക വായ്പയും നല്‍കും.
ഓഹരി വിപണി ഇന്നും കുതിച്ചു; മികച്ച പ്രകടനം കാഴ്ചവെച്ച് റബ്്ഫില, ജിയോജിത് ഓഹരി വിലകള്‍
ഇന്നും ഓഹരി സൂചികകള്‍ വ്യാപാരത്തിനിടെ സര്‍വകാല റെക്കോര്‍ഡുകള്‍ തൊട്ടു. സെന്‍സെക്സ് 52,869.5 പോയ്ന്റും നിഫ്റ്റി 15,900 പോയ്ന്റിലും എത്തി. എന്നാല്‍ സെന്‍സെക്സിന്റെ ക്ലോസിംഗ് 52,773 ആയിരുന്നു. 221 പോയ്ന്റ് അഥവാ 0.4 ശതമാനം നേട്ടം. നിഫ്റ്റി തലേന്നാളത്തേക്കാള്‍ 57 പോയ്ന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 15,869ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ജിയോജിതും റബ്്ഫിലയും ഇന്നും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജിയോജിത് ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ റബ്ഫില ഓഹരി വില 5.77 ശതമാനം കൂടി. സിഎസ്ബി ബാങ്ക് ഓഹരി വില 0.22 ശതമാനം കുറഞ്ഞപ്പോള്‍ ധനലക്ഷ്മി ബാങ്ക്് ഓഹരി വില 0.60 ശതമാനം കൂടി. ഫെഡറല്‍ ബാങ്ക് ഓഹരി വില 0.76 ശതമാനമാണ് ഇന്ന് കൂടിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക്് ഓഹരി വില 0.28 ശതമാനം കൂടി. കിറ്റക്സ് ഓഹരി വില രണ്ടുശതമാനത്തിലേറെയാണ് ഇന്ന് വര്‍ധിച്ചത്. കേരളം ആസ്ഥാനമായുള്ള എന്‍ ബി എഫ് സികളുടെ ഓഹരി വിലകളും ഇന്ന് കൂടി. ഇന്‍ഡിട്രേഡ് ഓഹരി വിലയും ഇന്ന് മൂന്നര ശതമാനത്തോളം കൂടി.
കോവിഡ് അപ്‌ഡേറ്റ്‌സ്
കേരളത്തില്‍ ഇന്ന്
രോഗികള്‍: 12,246
മരണം: 166
ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍:29,570,881
മരണം:377,031
ലോകത്ത് ഇതുവരെ :
രോഗികള്‍:176,207,960
മരണം:3,809,317

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it