ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 21, 2021

തമിഴ്‌നാടിന്റെ സാമ്പത്തിക ഉപദേശകസമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും
തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനത്തിനായുള്ള ഉപദേശക സമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെയും നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ എസ്‌തേര്‍ ഡുഫ്ലോയെയും ഉള്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഈ അഞ്ചംഗ സമിതിയുടെ ലക്ഷ്യം. തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നു ചേര്‍ന്നപ്പോഴാണ് ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യം, ക്ഷേമകാര്യ സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാന്‍ ഡ്രെസ്സെ, 200304 കാലഘട്ടത്തില്‍ കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണന്‍ എന്നിവരാണ് സമിതിയിലെ മറ്റുള്ളവര്‍.
14,000 കോടി രൂപ മൂലധനസമാഹരണം നടത്താനൊരുങ്ങി എസ്ബിഐ
ബേസല്‍ ത്രി കംപ്ലയന്റ് ഡെറ്റ് വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 14,000 കോടി രൂപ വരെ മൂലധനം സമാഹരണം നടത്താന്‍ ഒരുങ്ങുന്നു. തീരുമാനത്തിന് ബോര്‍ഡ് അനുമതി നല്‍കിയതായി ബാങ്ക് അറിയിച്ചു.
എന്‍സിഡി വഴി 5000 കോടി സമാഹരിക്കാനൊരുങ്ങി ഐഐഎഫ്എല്‍
ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍(എന്‍സിഡി) വഴി 5000 കോടിയോളം സമാഹരിക്കാനൊരുങ്ങി ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ്. എന്‍എസ്ഇ, ബിഎസ്ഇ എന്നിവിടങ്ങളില്‍ പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു.
352 കോടി രൂപയുടെ റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം നേടി ഫാക്ട്
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 352 കോടി രൂപയുടെ റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം നേടി എഫ്എസിടി (ഫാക്ട്). 3,259 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷം 2,770 കോടിയായിരുന്നു.202021ല്‍ ഫാക്ടംഫോസിന്റെ (20:20:0:13) ഉല്‍പാദനം 8.61 ലക്ഷം ടണ്‍ (മുന്‍വര്‍ഷം 8.45 ലക്ഷം ടണ്‍) കൈവരിച്ചു. ഇതും റെക്കോര്‍ഡ് ആണ്. അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പാദനവും (2.46 ലക്ഷം ടണ്‍) റെക്കോര്‍ഡാണ്. മുന്‍വര്‍ഷം 2.38 ലക്ഷം ടണ്‍ ആയിരുന്നു. ഫാക്ടംഫോസ് വില്‍പന 9.23 ലക്ഷം ടണ്ണും അമോണിയം സള്‍ഫേറ്റിന്റേത് 2.51 ലക്ഷം ടണ്ണും ആണ്.കാപ്രോലാക്ടം പ്ലാന്റില്‍ ഓഗസ്റ്റില്‍ ഉല്‍പാദനം പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
2035 ഓടെ സീറോ കാര്‍ബണ്‍ എമിഷന്‍ കമ്പനിയാകാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നതായി അംബാനി
റിലയന്‍സ് 2035 ഓടെ സീറോ കാര്‍ബണ്‍ എമിഷന്‍ കമ്പനിയാകാന്‍ ലക്ഷ്യമിടുന്നതായി മുകേഷ് അംബാനി. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് അംബാനി ഇക്കാര്യത്തിലേക്കുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കിയത്.
കര്‍ഷകര്‍ക്ക് കോവിഡ് വായ്പ; കേരളത്തിന് 1870 കോടി രൂപ
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേക ഹ്രസ്വകാല വായ്പാ പദ്ധതി എസ്എല്‍എഫ് 2(സ്‌പെഷല്‍ ലിക്വിഡിറ്റി ഫെസിലിറ്റി) നടപ്പാക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ് മുഖേന നടപ്പാക്കന്നതാണു പദ്ധതി. സംസ്ഥാനത്തിന് 1870 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് കേരള ഗ്രാമീണ്‍ ബാങ്കിന് 1000 കോടി രൂപയും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 870 കോടി രൂപയും. ഇതില്‍ 1200 കോടി രൂപ ചെറുകിട നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു നീക്കിവച്ചിരിക്കുന്നു. പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മുഖേന കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാകും.
ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളില്‍ ഫെഡറല്‍ ബാങ്കും
ഫെഡറല്‍ ബാങ്കിനെ ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളില്‍ ഒന്നായി 'ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തു. വിശ്വാസ്യത, ബഹുമാനം, ന്യായബോധം, അഭിമാനം, സഹവര്‍ത്തിത്വം എന്നീ അഞ്ചു മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ബാങ്കിന് ഈ നേട്ടം ലഭ്യമായത്. ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവര്‍ത്തന സംസ്‌ക്കാരവുമുള്ള കമ്പനികളെ കണ്ടെത്തി ബിസിനസ് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്.
പിഎസ് യു ബാങ്ക്, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി
പിഎസ് യു ബാങ്ക്, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി സൂചികകള്‍. സെന്‍സെക്സ് 230.01 പോയ്ന്റ് ഉയര്‍ന്ന് 52574.46 പോയ്ന്റിലും നിഫ്റ്റി 63.15 പോയ്ന്റ് ഉയര്‍ന്ന് 15746.50 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 2049 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1258 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. പിഎസ് യു ബാങ്ക് സൂചികയില്‍ 4.11 ശതമാനവും റിയല്‍റ്റിയില്‍ 2.33 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ഐറ്റി സൂചികകള്‍ നഷ്ടമുണ്ടാക്കി. ബിഎസ്ഇ സ്മോള്‍കാപ്, മിഡ്കാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 19 കേരള ഓഹരികളുടെ വിലയുയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.98 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4 ശതമാനം), സിഎസ്ബി ബാങ്ക് (3.72 ശതമാനം), ഹാരിസണ്‍സ് മലയാളം (3.45 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.44 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.63 ശതമാനം), കേരള ആയുര്‍വേദ(2.37 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍, കെഎസ്ഇ, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി പത്ത് കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
Exchange Rates: June 18, 2021

ഡോളര്‍ 73.91

പൗണ്ട് 102.74

യുറോ 88.05

സ്വിസ് ഫ്രാങ്ക് 80.39

കാനഡ ഡോളര്‍ 59.73

ഓസി ഡോളര്‍ 55.67

സിംഗപ്പൂര്‍ ഡോളര്‍ 55.09

ബഹ്‌റൈന്‍ ദിനാര്‍ 196.57

കുവൈറ്റ് ദിനാര്‍ 245.22

ഒമാന്‍ റിയാല്‍ 192.22

സൗദി റിയാല്‍ 19.71

യുഎഇ ദിര്‍ഹം 20.12


Related Articles
Next Story
Videos
Share it