ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 22, 2021

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വേഗത്തില്‍ കുറയാത്ത സാഹചര്യത്തില്‍ പെട്ടെന്ന് ഇളവ് നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. ഒരാഴ്ച കൂടി നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും. എന്നാല്‍ ടിആര്‍പി 16 ല്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ മാത്രമാണ് തുറക്കാന്‍ അനുമതി.പരമാവധി 15 പേര്‍ക്ക് മാത്രമാണ് ഒരു സമയം പ്രവേശനാനുമതി.
ജനുവരിക്ക് ശേഷം ആദ്യമായി ബിറ്റ്‌കോയിന്‍ 30,000 ഡോളറില്‍ താഴ്ന്നു
ക്രിപ്റ്റോകറന്‍സികള്‍ക്കെതിരായ ചൈനയുടെ ഏറ്റവും പുതിയ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് അഞ്ചുമാസത്തിനിടെ ഇതാദ്യമായി ബിറ്റ്കോയിന്‍ 30,000 ഡോളറില്‍ താഴെയായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി 6.4 ശതമാനം ഇടിഞ്ഞ് 29,614 ഡോളറിലെത്തി. ജനുവരി 27 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇന്ത്യ പെസ്റ്റിസൈഡ്‌സ് ഐപിഒ ജൂണ്‍ 23 ന്; പ്രൈസ് ബാന്‍ഡ് 290-296 രൂപ വരെ
ഇന്ത്യ പെസ്റ്റിസൈഡ്‌സ് ഐപിഒ ജൂണ്‍ 23 മുതല്‍ 25 വരെ നടക്കും. 290 രൂപ മുതല്‍ 296 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡിലാകും ലഭ്യമാകക. 800 കോടി രൂപ ആകെ ലക്ഷ്യമിട്ടിരിക്കുന്ന ഈ ഐപിഒയില്‍ കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കുമാണ് അപേക്ഷിക്കാനാകുക.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍നിന്ന് ബാങ്കുകള്‍ ഇരട്ടി ടിഡിഎസ് പിടിക്കും
ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യാത്തവരില്‍നിന്ന് ബാങ്കുകള്‍ ഇരട്ടി ടിഡിഎസ് പിടിക്കുന്നു. 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യാത്തവരില്‍ നിന്നാണ് കൂടിയ തുക ഈടാക്കുക. 2021ലെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും 2021 ജൂലായ് ഒന്നുമുതല്‍ ഇതു പ്രാബല്യത്തില്‍ വന്നേക്കും. ഓരോ സാമ്പത്തിക വര്‍ഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവര്‍ക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആര്‍ഡിയില്‍നിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്‌സിന്‍
പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്ന തീരുമാനവുമായി അബുദാബി. സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്‌സിനെടുക്കാം. അബുദാബിയില്‍ ഇഷ്യു ചെയ്ത സന്ദര്‍ശക വിസയുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. 800 50 എന്ന നമ്പറില്‍ വിളിച്ചും വാക്‌സിനേഷന്‍ ബുക്ക് ചെയ്യാം.
പ്രതിസന്ധി നീങ്ങി; ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് തീരുമാനമായി
യുകെയിലെ കാള്‍റോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാല്‍ ജലാനും മുന്നോട്ടുവെച്ച ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കല്‍ പദ്ധതിക്ക് അംഗീകാരം്. 1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനംതുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 വിമാനങ്ങളാകും സര്‍വീസ് നടത്തുക.
കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ ഉടന്‍; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 ന് ക്ലാസ് തുടങ്ങും
കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കി ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനം. 18-23 വയസുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ക്ലാസ് ആരംഭിക്കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് വാക്സിന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കും. കോവാക്സിന്റെ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്വാര്‍ എഫ്-പേസ് എസ്വിആര്‍ ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചു
ആഡംബര വാഹനങ്ങളില്‍ എസ് യു വി വിഭാഗത്തില്‍ കരുത്ത് തെളിയിക്കാനെത്തുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ എഫ്-പേസ് എസ്വിആറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 540 എച്ച്പി കരുത്തിലെത്തുന്ന എഫ്-പേസ് എസ്വിആര്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.24ശതമാനം വര്‍ധിച്ച് 47,185 രൂപയായി.
നേരിയ നേട്ടത്തോടെ ഓഹരി വിപണി
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്‌സ് 14.25 പോയ്ന്റ് ഉയര്‍ന്ന് 52588.71 പോയ്ന്റിലും നിഫ്റ്റി 26.30 പോയ്ന്റ് ഉയര്‍ന്ന് 15772.80 പോയ്ന്റിലും ക്ലോസ് ചെയ്തു. 1839 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1136 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 19.99 ശതമാനം നേട്ടവുമായി ധനലക്ഷ്മി ബാങ്ക് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 14.38 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡും മികച്ചു നിന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.83 ശതമാനം), കെഎസ്ഇ (3.68 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.66 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.51 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.35 ശതമാനം) തുടങ്ങി 18 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it