Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 24, 2021
റിലയന്‍സ് എനര്‍ജി ബിസിനസിലേയ്ക്ക് കടക്കുന്നു; വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എനര്‍ജി ബിസിനസിലേക്ക് കടക്കുന്നതായി 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി. സൗദി ആരാംകോയുടെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ യാസിര്‍ അല്‍ റുമയ്യാനെ റിലയന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതായും അംബാനി പ്രഖ്യാപിച്ചു. കോവിഡ് കാലത്തും റെക്കോഡ് വരുമാനംനേടാന്‍ കമ്പനിക്കായതായി ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. 5,40,000 കോടി രൂപയാണ് വരുമാനയിനത്തില്‍ കമ്പനിക്ക് ലഭിച്ചത്. കണ്‍സ്യൂമര്‍ ബിസിനസില്‍നിന്നുള്ള വരുമാനത്തിലാണ് മികച്ചനേട്ടമുണ്ടാക്കിയത്.
'ജിയോഫോണ്‍ നെക്സ്റ്റ്' സെപ്റ്റംബറില്‍ പുറത്തിറക്കും
44 ാമത് ആന്വല്‍ ജനറല്‍ മീറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറക്കുമെന്നതടക്കമുള്ള തങ്ങളുടെ ബിസിനസ് വിപുലീകരണ - നിക്ഷേപ പദ്ധതികളുമാണ് മുകേഷ് അംബാനി എജിഎമ്മില്‍ പ്രഖ്യാപിച്ചത്. റിലയന്‍സിന്റെ അന്താരാഷ്ട്രതലത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ പ്രഖ്യാപനത്തിന് കൂടിയാണ് 44 ാമത് എജിഎം വേദിയായത്.
44 ാമത് ആന്വല്‍ ജനറല്‍ മീറ്റിലാണ് മുകേഷ് അംബാനിയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ അറിയാം.
വ്യവസായ ഇടനാഴി; സ്ഥലം ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും
കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനമുണ്ടായത്. സംസ്ഥാന സര്‍ക്കാരിനാണ് സ്ഥലമേറ്റെടുപ്പ് ചുമതല. പാലക്കാട്, എറണാകുളം ജില്ലകളിലായിപദ്ധതിക്കു വേണ്ടി കണ്ടെത്തിയ 2220 ഏക്കര്‍ ഭൂമി നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്ത് പദ്ധതിയ്ക്കായുള്ള നടത്തിപ്പിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കൈമാറും.
വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി ഹൈനക്കെന്‍
ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യക്കമ്പനിയായ ഹൈനക്കെന്‍, യുണൈറ്റഡ് ബ്രുവറീസിലെ വിജയ് മല്യയുടെ 14.99 ശതമാനം ഓഹരികള്‍ വാങ്ങി. ഇതോടെ കമ്പനിയില്‍ ഹൈനക്കെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥതയായി. 5825 കോടിയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലൂടെയാണ് ഓഹരികള്‍ ഹൈനക്കെന്‍ വാങ്ങിയത്. ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്പനി വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിയര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ പക്കലാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയാല്‍ ഹൈനകെന് 72 ശതമാനം ഓഹരികള്‍ സ്വന്തമാകും.
ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി നാളെ തുടങ്ങുന്നു
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി നാളെ തുടങ്ങും. 9200 കോടി രൂപയുടെ ഓഹരികളാണ് ഒന്നിന് പരമാവധി 1,750 രൂപ വീതം നല്‍കി തിരികെ വാങ്ങുക. ഡിസംബര്‍ 24 വരെയോ, ലക്ഷ്യമിട്ട ഓഹരി സ്വന്തമാക്കുന്നതു വരെയോ ആണ് തിരികെ വാങ്ങല്‍ പദ്ധതി കാലാവധി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഹരിവില്‍പ്പനയിലൂടെ 132 കോടി രൂപ സമാഹരിച്ചത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സ്വന്തം കമ്പനിയിലെ ഓഹരികള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിറ്റഴിച്ചു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ അദ്ദേഹത്തിന്റെ വിഹിതത്തിലുള്ള 50 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചതായാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു 90 കോടി രൂപ സമാഹരിച്ചിരുന്നു. 5 മാസത്തിനിടെ, 90 ലക്ഷം ഓഹരികളുടെ വില്‍പനയിലൂടെ അദ്ദേഹം സമാഹരിച്ചത് 222 കോടി രൂപ. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരികള്‍ വിറ്റു സമാഹരിച്ച തുക വിനിയോഗിക്കുക.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച കേരളത്തില്‍ ഗ്രാമിന് 10 രൂപയും പവന് 200 രൂപയും കുറഞ്ഞു. 35,200 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് വില 4,400 രൂപ. ജൂണ്‍ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,120 രൂപയാണ് (ജൂണ്‍ 21). ഏറ്റവും ഉയര്‍ന്ന നിരക്ക് 36,960 രൂപയുമാണ് (ജൂണ്‍ 3).
ഐറ്റി, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി വിപണി
ഐറ്റി, മെറ്റല്‍, ബാങ്ക് ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി നടക്കുന്ന പശ്ചാത്തലത്തില്‍ സെന്‍സെക്സ് 393.92 പോയ്ന്റ് ഉയര്‍ന്ന് 52699 പോയ്ന്റിലും നിഫ്റ്റി 103.50 പോയ്ന്റ് ഉയര്‍ന്ന് 15790.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1415 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1717 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 135 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ കണ്ട മുന്നേറ്റം കേരള കമ്പനികളെ സംബന്ധിച്ച് വലിയ നേട്ടമായില്ല. 12 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (5 ശതമാനം), സിഎസ്ബി ബാങ്ക് (3.67 ശതമാനം), ആസ്റ്റര്‍ ഡിഎം (2.48 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.30 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.40 ശതമാനം), കെഎസ്ഇ (1.38 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
Next Story
Videos