ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 29, 2021

ലിസ്റ്റഡ് കമ്പനികള്‍ക്കുള്ള ഭേദഗതികള്‍ക്ക് സെബി അംഗീകാരം നല്‍കി
ലിസ്റ്റഡ് കമ്പനികള്‍ക്കുള്ള ഭേദഗതികള്‍ക്ക് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചൊവ്വാഴ്ച അംഗീകാരം നല്‍കി. പുതിയ നിയമങ്ങള്‍ അനുസരിച്ച്, നിയമനവും സ്വതന്ത്ര ഡയറക്ടര്‍മാരെ നീക്കംചെയ്യുന്നതും ഷെയര്‍ഹോള്‍ഡര്‍മാര്‍ അംഗീകരിച്ച പ്രത്യേക പ്രമേയത്തിലൂടെ ആയിരിക്കും.
വണ്‍വെബ്ബില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഭാരതി ഗ്രൂപ്പ്
ശതകോടീശ്വരന്‍ സുനില്‍ മിത്തലിന്റെ ഭാരതി ഗ്രൂപ്പ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ വണ്‍ വെബ്ബില്‍ 500 മില്യണ്‍ യുഎസ് ഡോളര്‍ (3,700 കോടിയിലധികം ഡോളര്‍) കൂടി നിക്ഷേപിക്കുന്നു. ഭാരതി ഗ്രൂപ്പും യുകെ സര്‍ക്കാരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം പാപ്പരത്തത്തില്‍ നിന്ന് മോചിപ്പിച്ച കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായി മാറുന്നതിനാണ് നിക്ഷേപമെന്നാണ് വാര്‍ത്ത.
അബുദാബി പെട്രോകെമിക്കല്‍ ഫെസിലിറ്റീസില്‍ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ്
മിഡില്‍ ഈസ്റ്റുമായുള്ള ഊര്‍ജ വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അബുദാബിയിലെ പെട്രോകെമിക്കല്‍ ഫെസിലിറ്റീസില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. നിക്ഷേപം 1.5 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് പ്രാഥമിക നിഗമനം.
പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധനയുണ്ടായിട്ടുള്ളത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2020 വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 14 ശതമാനമാണ് വര്‍ധന.
ഡിജിറ്റല്‍ സബ്‌സിഡിയറിയായ കി മൊബിലിറ്റി അവതരിപ്പിച്ച് ടിവിഎസ് ഓട്ടോമൊബൈല്‍
ടിവിഎസ് ഓട്ടോമൊബൈല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ പുതിയ അനുബന്ധ കമ്പനിയായ കി മൊബിലിറ്റി സൊല്യൂഷന്‍ ഓണ്‍ലൈന്‍ ടു ഓഫ്ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. കമ്പനിയുടെ പുതിയ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംരംഭം രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഉടമകള്‍ക്ക് ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യും.
ഡെല്‍റ്റ വകഭേദത്തില്‍ പകച്ച് ഓഹരി വിപണി
വീണ്ടും കൊറോണാപ്പേടിയില്‍ ഓഹരി വിപണി. സെന്‍സെക്സ് 185.93 പോയ്ന്റ് ഇടിഞ്ഞ് 52549.66 പോയ്ന്റിലും നിഫ്റ്റി 66.20 പോയ്ന്റ് ഇടിഞ്ഞ് 15748.50 പോയ്ന്റിലും ക്ലോസ് ചെയ്തു. ഏഷ്യ, യൂറോപ്പ്, സൗത്ത് ആഫ്രിക്ക, സൗത്ത് അമേരിക്ക പ്രദേശങ്ങളിലെല്ലാം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നത് വിപണിയെ ദുര്‍ബലമാക്കി. ചൈന അതിര്‍ത്തിയില്‍ വീണ്ടും അസ്വസ്ഥതകള്‍ പടരുന്നുണ്ടെന്ന വാര്‍ത്തകളും ഇന്ത്യന്‍ വിപണിയെ ബാധിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 14 ശതമാനം നേട്ടവുമായി എവിറ്റി മുന്നില്‍ നില്‍ക്കുന്നു. എഫ്എസിടി (6.36 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.35 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.90 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.73 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.17 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.




Related Articles
Next Story
Videos
Share it