ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 07, 2022

കെ-റെയ്‌ലിനായി 40 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു
കെറെയില്‍ അതിവേഗ റെയില്‍ പദ്ധതിക്കായി 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിച്ചതായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍). 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പാതയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നത്. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്.
എന്‍എസ്ഇ തിരിമറിയില്‍ മുന്‍ എം ഡി ചിത്ര രാമകൃഷണ അറസ്റ്റില്‍
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (NSE) തിരുമറി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിലേക്ക് വിട്ടു. ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സിബിഐ അറസ്റ്റിലേക്ക് നീങ്ങിയത്. ചോദ്യം ചെയ്യലില്‍, ഒരു യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ഇവരുടെ മറുപടി.
എന്‍എസ്ഇയില്‍ കോ-ലൊക്കേഷന്‍ അനുവദിച്ചതിലെ തിരിമറിയുമായി ബന്ധപ്പെട്ട് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ നടപടി. എക്സ്ചേഞ്ചിന്റെ പരിസരത്തുതന്നെ ബ്രോക്കര്‍മാര്‍ക്ക് അവരുടെ സിസ്റ്റം/സെര്‍വര്‍ സ്ഥാപിക്കാന്‍ സൗകര്യം നല്‍കുന്നതാണു കോലൊക്കേഷന്‍ സമ്പ്രദായം. ഡല്‍ഹി ആസ്ഥാനമായ ഒപിജി സെക്യൂരിറ്റീസിനാണ് ക്രമക്കേടിലൂടെ നേട്ടമുണ്ടാക്കി കൊടുത്തത്. 2013-2016 കാലയളവിലാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇ തലപ്പത്ത് പ്രവര്‍ത്തിച്ചത്.
സച്ചിന്‍ ബന്‍സാലിന്റെ നവി ടെക്‌നോളജീസും ഓഹരി വിപണിയിലേക്ക്
പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങി നവി ടെക്‌നോളജീസ്. 4,000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ഐസിഐസിഐ സെക്യൂരിറ്റീസ്, ബോഫ, ആക്‌സിസ് ക്യാപിറ്റല്‍ എന്നിവയെ ബാങ്കര്‍മാരായി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
2021 ല്‍ ജര്‍മനി അനുവദിച്ചത് 60,000 വിസകള്‍
2021ല്‍ ജര്‍മനിയുടെ സ്‌കില്‍ഡ് വര്‍ക്കേഴ്സ് ഇമിഗ്രേഷന്‍ ആക്ട് പ്രകാരം 60,000 വിസകള്‍ വിദേശ പൗരന്മാര്‍ക്ക് അനുവദിച്ചതായി SchengenVisaInfo.com റിപ്പോര്‍ട്ട് ചെയ്തു. 2020 മാര്‍ച്ചില്‍ ജര്‍മന്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ഇമിഗ്രേഷന്‍ ആക്ട് നിലവില്‍ വന്നപ്പോള്‍ ഇത് 30,000 ആയിരുന്നു. ആ കാലയളവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,197 വിസകള്‍ അനുവദിച്ചു.
13 ശതമാനം ഇടിഞ്ഞ് ബിറ്റ്കോയ്ന്‍
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പണപ്പെരുപ്പ ആശങ്കകള്‍ കാരണം ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ചയും ഇടിവ് തുടര്‍ന്നു. ആള്‍ട്ട്കോയിനാണ് വലിയ നഷ്ടം നേരിട്ടത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ പരിഹാരത്തിന്റെ പ്രതീക്ഷകള്‍ ഇല്ലാത്തായതോടെയാണ് ക്രിപ്റ്റോകറന്‍സികളും ഇടിവിലേക്ക് വീണത്. എല്ലാ മുന്‍നിര ഡിജിറ്റല്‍ ടോക്കണുകളും താഴേക്ക് പതിച്ചു. ടെറ 10 ശതമാനത്തിലധികം ഇടിഞ്ഞു. സോളാന, അവലാഞ്ചെ എന്നിവ എട്ട് ശതമാനവും കാര്‍ഡാനോ, എക്സ്ആര്‍പി, എഥേറിയം എന്നിവ ആറ് ശതമാനവും ഇടിവ് രേഖപ്പെടുത്തി.
സ്വര്‍ണവില നാല്‍പ്പതിനായിരത്തിലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് സ്വര്‍ണവില പവന് 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കൂടിയതോടെ 4940 രൂപയായി. റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. നിലവില്‍ ഒണ്‍സിന് 1,987 ഡോളര്‍ എന്ന തോതിലാണ് അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടക്കുന്നത്. അതേസമയം, യുദ്ധം നീളുകയാണെങ്കില്‍ സ്വര്‍ണവില പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തല്‍.
തകര്‍ന്നടിഞ്ഞ് ഓഹരി വിപണി
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നതിനിടെ തകര്‍ന്നടിഞ്ഞ്് ഓഹരി വിപണി. ക്രൂഡ് ഓയ്ല്‍ വില 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ, വിലക്കയറ്റവും പണപ്പെരുപ്പവും രുക്ഷമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇതേതുടര്‍ന്ന് വില്‍പ്പന സമ്മര്‍ദം ശക്തമായി. സെന്‍സെക്സ് സൂചിക 2.74 ശതമാനം, അതായത് 1,491 പോയ്ന്റ് ഇടിഞ്ഞ് 52,842 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 2.35 ശതമാനം ഇടിഞ്ഞു (83 പോയ്ന്റ് നഷ്ടം). 15,863 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് വിപണി ഇടിവിലേക്ക് വീഴാന്‍ തുടങ്ങിയതോടെ, സെന്‍സെക്സും നിഫ്റ്റിയും അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 62,245 പോയ്ന്റും നിഫ്റ്റിയുടേത് 18,604 പോയ്ന്റുമായിരുന്നു. 2021 ഒക്ടോബറിലായിരുന്നു ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഈ നിലയിലെത്തിയത്.
അതേസമയം, നിലക്കാത്ത സംഘര്‍ഷഭീതിയില്‍ വിപണി ഇടിഞ്ഞപ്പോള്‍ ഇന്ന് ഏറെ നഷ്ടം നേരിടേണ്ടി വന്നത് ബാങ്കുകളാണ്. 4.47 ശതമാനം വരെ ഇടിവാണ് ഈ മേഖല നേടിയത്. മെറ്റല്‍ സൂചിക 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, പിഎസ്യു ബാങ്ക്, റിയല്‍റ്റി എന്നിവ 2-5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
കേരള കമ്പനികളുടെ പ്രകടനം
വിപണി താഴ്ചയിലേക്ക് വീണപ്പോള്‍ കേരള കമ്പനികളില്‍ 26 കമ്പനികളും നഷ്ടം നേരിട്ടു. അപ്പോളോ ടയേഴ്‌സ്, കെഎസ്ഇ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (6.54 ശതമാനം), ഫെഡറല്‍ ബാങ്ക് (6.22 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.95 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.93 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (5.14 ശതമാനം) എന്നിവയാണ് കനത്ത ഇടിവുണ്ടായ ഓഹരികള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it