ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 09, 2022

ഫോക്‌സ്‌കോണ്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഏഥര്‍ എനര്‍ജി
ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് കമ്പനിയായ ഭാരത് എഫ്‌ഐഎച്ചുമായി കൈകോര്‍ക്കുന്നു. സ്‌കൂട്ടറുകളുടെ നിര്‍മാണത്തിനായി പ്രധാന ഘടകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഈ പങ്കാളിത്തത്തിലൂടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍, ഡാഷ്‌ബോര്‍ഡ് അസംബ്ലി, പെരിഫറല്‍ കണ്‍ട്രോളിംഗ് യൂണിറ്റുകള്‍, ഡ്രൈവ് കണ്‍ട്രോള്‍ മൊഡ്യൂളുകള്‍ എന്നിവയ്ക്കായി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പിസിബി) അസംബ്ലികള്‍ ഉള്‍പ്പെടുന്ന നിരവധി നിര്‍മാണ സേവനങ്ങള്‍ ഭാരത് എഫ്‌ഐഎച്ച് വാഗ്ദാനം ചെയ്യും.
എന്‍ എല്‍ എം സിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പറേഷന് (എന്‍എല്‍എംസി)കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കോര്‍പറേഷന്‍ സ്ഥാപിക്കുന്നതിന് 5,000 കോടി രൂപയുടെ പ്രാരംഭ ഓഹരി മൂലധനം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും മിച്ചഭൂമിയും കെട്ടിടങ്ങളും വരുമാനമാക്കിമാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഭൂമിയും കെട്ടിടങ്ങളും കോര്‍പറേഷന്‍ ഏറ്റെടുക്കും. 2021 ബജറ്റിലാണ് ഇതുസംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദ്യമായി പ്രഖ്യാപനം നടത്തിയത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ബിപിസിഎല്‍, ബിഇഎംഎല്‍, എച്ച്എംടി എന്നിവ ഉള്‍പ്പടെയുള്ള കമ്പനികളുടെ 3,400 ഏക്കര്‍ ഭൂമി പ്രാരംഭഘട്ടത്തില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
ഇക്വിറ്റി ഫണ്ടുകളിലെത്തിയത് 19,705.27 കോടി രൂപ
ജനുവരിയിലെ 14,887.77 കോടി രൂപയെ അപേക്ഷിച്ച് നിക്ഷേപകര്‍ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 19,705.27 കോടി രൂപ നിക്ഷേപിച്ചതായി ബുധനാഴ്ച പുറത്തിറക്കിയ ആംഫി ഡാറ്റ കാണിക്കുന്നു. സെക്ടറല്‍ ഫണ്ട്, ഫ്‌ളെക്‌സി ക്യാപ് ഫണ്ട് എന്നിവയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതായി ഡേറ്റ കാണിക്കുന്നു.
ഒന്നരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 130 രൂപ വര്‍ധിച്ച് 5070 രൂപയായി. പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 40560 രൂപയായി. ജനുവരിയില്‍ ഇത് 36720 രൂപയായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 3840 രൂപയാണ് വര്‍ധനവുണ്ടായിട്ടുള്ളത്.
ദേശീയ തലത്തില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 53,890 രൂപയായി. വെള്ളി കിലോയ്ക്ക് 70,000 രൂപയുമായി. എംസിഎക്‌സില്‍, ബുധനാഴ്ച രാവിലെ 10 ഗ്രാമിന് 1.64 ശതമാനം ഉയര്‍ന്ന് 55,111 രൂപയിലെത്തി. അതുപോലെ, ആഗോള സൂചികകളെ തുടര്‍ന്ന് വെള്ളി വിലയും കുതിച്ചുയര്‍ന്നു.
സെന്‍സെക്സ് 2.29 ശതമാനം കയറി
അഞ്ച് ദിവസങ്ങള്‍ക്കൊടുവിലെ നഷ്ടത്തിനൊടുവില്‍ ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് സാക്ഷ്യം വഹിച്ചത് കുതിച്ചുചാട്ടത്തിന്. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സ് 2.29 ശതമാനവും നിഫ്റ്റി 2.07 ശതമാനവുമാണ് തിരിച്ചുകയറിയത്. രാവിലെ 53,424 പോയ്ന്റുമായി വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 1,223 പോയ്ന്റ് ഉയര്‍ന്ന് 54,647 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 331 പോയ്ന്റ് ഉയര്‍ച്ചയോടെ 16,345 പോയ്ന്റിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിലും സൂചികകള്‍ ചുവപ്പ് തൊട്ടില്ല. രാവിലെ ചാഞ്ചാടിയ സൂചികകള്‍ ഉച്ചയോടെയാണ് മുന്നേറിയത്.
ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍. ഈ ഓഹരികള്‍ 5-6 ശതമാനം ഉയര്‍ന്നു. കൂടാതെ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എംആന്‍ഡ്എം, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ടെക് എം എന്നിവ 3-4 ശതമാനം വരെ നേട്ടമുണ്ടാക്കി. കമ്മോഡിറ്റി-ലിങ്ക്ഡ് സ്റ്റോക്കുകളിലെ ലാഭമെടുപ്പ് രണ്ടാം ദിവസവും തുടര്‍ന്നതോടെ ശ്രീ സിമന്റ്, ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. വിശാലമായ വിപണിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇയില്‍ മൊത്തത്തില്‍ 700-ല്‍ താഴെ ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 2,600-ലധികം ഓഹരികള്‍ പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മേഖലകളില്‍ മെറ്റല്‍ സൂചികയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും 0.4 ശതമാനം ഇടിവ് നേരിട്ടത്. അതേസമയം, റിയല്‍റ്റി, ഓട്ടോ സൂചികകള്‍ 3 ശതമാനം വീതം നേട്ടമുണ്ടാക്കി. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക്, പിഎസ്ബി സൂചികകള്‍ 2 ശതമാനം വീതം ഉയര്‍ന്നു. ഐടി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇന്ന് മുന്നേറിയപ്പോള്‍ കേരള കമ്പനികളില്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ് ഒഴികെയുള്ള 28 കമ്പനികളും നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡി എം (5.88 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (19.97 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.97 ശതമാനം), കെഎസ്ഇ (4.72 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.12 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (4.99 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.74 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വിലയില്‍ 1.42 ശതമാനം ഇടിവാണുണ്ടായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it