ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 10, 2022

അന്താരാഷ്ട്ര ഫ്‌ളൈറ്റ് സര്‍വീസില്‍ 40 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം

മാര്‍ച്ച് 27 മുതല്‍ പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഇന്നലെ ഗവണ്‍മെന്റ് പുറത്തുവിട്ടു. ഫ്‌ളൈറ്റുകളുടെ എണ്ണത്തില്‍ 40% വര്‍ധനവ് പ്രതീക്ഷിക്കുന്നതായി വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് രാജ്യാന്തര യാത്രകള്‍ പൂര്‍ണതോതില്‍ ആക്കിയിട്ടുള്ളത്.

നീറ്റ് യുജി പരീക്ഷയുടെ പ്രായപരിധി ഒഴിവാക്കി

നീറ്റ്-അണ്ടര്‍ ഗ്രാജുവേറ്റ് 2022 പരീക്ഷയില്‍ പങ്കെടുക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 2017-ല്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി റിസര്‍വ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25 ഉം സംവരണമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 വയസുമാണ്.

എസ്ബിഐ എംഡി അശ്വിനി ഭാട്ടിയയെ സെബി മെമ്പറാക്കി

എസ്ബിഐ എംഡി അശ്വിനി ഭാട്ടിയയെ സെബി മെമ്പറാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. Whole Time Member(WTM)ആയിട്ടാണ് നിയമനം. 2020 ല്‍ ആണ് ഭാട്ടിയ എസ്ബിഐ എംഡി സ്ഥാനത്തേക്കെത്തിയത്. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന് അതുവരെ.

നാല്‍പ്പതിനായിരത്തിലേക്ക് കുതിച്ച സ്വര്‍ണവില താഴേക്കിറങ്ങുന്നു

ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്ക് കുതിച്ച സ്വര്‍ണം വ്യാഴാഴ്ച ഇടിവില്‍. പവന് ഇന്ന് മാത്രം 1,280 രൂപയാണ് താഴ്ന്നത്. ഇതോടെ പവന്റെ വില 38,560 രൂപയായി. കേരളത്തില്‍ പവന് 38,560 രൂപയായി വില ഇടിഞ്ഞു. ഇന്നലെ രാവിലത്തെ 40,560 രൂപയില്‍ നിന്നു ഇന്നലെ വൈകിട്ടും ഇന്നുമായി 2000 രൂപ ആണ് കുറഞ്ഞത്. ഗ്രാമിന് 160 രൂപ താഴ്ന്ന് 4820 രൂപയുമായി.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് സ്വര്‍ണത്തെ ബാധിച്ചതെന്ന് വിപണി റിപ്പോര്‍ട്ടുകള്‍. ലോക വിപണിയില്‍ സ്വര്‍ണ വില 1978 ഡോളറിലേക്കു താണു. ലോകവിപണിയില്‍ വില ഇനിയും കുറഞ്ഞേക്കും.

സെന്‍സെക്സ് 817 പോയ്ന്റ് ഉയര്‍ന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് ഫലത്തിലെ വിജയാഹ്ലാദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും. കഴിഞ്ഞ രണ്ടുദിവസങ്ങളുടെ തുടര്‍ച്ചയായി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പച്ചയിലാണ് ഇന്നുടനീളം വ്യാപാരം നടത്തിയത്. 54,647 പോയ്ന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് സൂചിക രാവിലെ മൂന്ന് ശതമാനത്തോളം കുതിച്ചുയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മുന്നേറ്റത്തിന്റെ ശക്തി കുറഞ്ഞു.

817 പോയ്ന്റ്, അഥവാ 1.5 ശതമാനം നേട്ടത്തോടെയാണ് സെന്‍സെക്സ് സൂചിക ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 249 പോയ്ന്റ് (1.53 ശതമാനം) ഉയര്‍ന്ന് 16,594 ലാണ് ക്ലോസ് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നാലിടത്തും കേന്ദ്രഭരണ പാര്‍ട്ടിയായ ബിജെപിക്ക് അനുകൂലമായതാണ് വിപണിയെ പോസിറ്റീവില്‍ നിലനിര്‍ത്തിയത്. എഫ്എംസിജി, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി മേഖലകള്‍ എന്നിവവയാണ് ഇന്ന് വിപണിയെ മുന്നോട്ടുനയിച്ചത്.

5 ശതമാനം ഉയര്‍ന്ന് എച്ച് യു എല്‍ മികച്ച നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 3 മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു.

കോള്‍ ഇന്ത്യ (4.4 ശതമാനം ഇടിവ്), ടെക് എം, ഒഎന്‍ജിസി, ഡോ റെഡ്ഡീസ് ലാബ്സ്, യുപിഎല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം ഉയര്‍ന്നു. മൊത്തത്തില്‍, ആയിരത്തില്‍ താഴെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 2,400-ലധികം ഓഹരികള്‍ മുന്നേറി.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി മുന്നേറിയപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ് (3.78 ശതമാനം), എവിറ്റി (4.62 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.70 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.52 ശതമാനം), കിറ്റെക്സ് (3.81 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.03 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.

ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്സ്പിന്‍ ഇന്ത്യ തുടങ്ങിയ പതിനൊന്ന് കമ്പനികളുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it