Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 15, 2021
ഇന്ത്യയുടെ കയറ്റുമതി 43 ശതമാനം ഉയര്‍ന്നു
ഒക്ടോബറില്‍ ഇന്ത്യയുടെ കയറ്റുമതി 43 ശതമാനം ഉയര്‍ന്ന് 35.65 ബില്യണ്‍ ഡോളറിലെത്തി. വ്യാപാര കമ്മി മാസത്തില്‍ 19.73 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതി 62.51 ശതമാനം ഉയര്‍ന്ന് 55.37 ബില്യണ്‍ ഡോളറിലെത്തിയതാണ് വ്യാപാരക്കമ്മി വര്‍ധിക്കാനിടയാക്കിയത്.
ഒഎന്‍ജിസിക്ക് ത്രൈമാസ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന
പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ത്രൈമാസ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു ഇന്ത്യന്‍ കമ്പനി ഏതെങ്കിലും ഒരു പാദത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായമാണ് ഒഎന്‍ജിസി നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) 18,348 കോടി രൂപയാണ് ഒഎന്‍ജിസിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പദാത്തെ അപേക്ഷിച്ച് 565.3 ശതമാനത്തിന്റെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്.
ക്രിപ്‌റ്റോ ആസ്തികള്‍ക്കൊപ്പം ഡിജിറ്റല്‍ ഗോള്‍ഡിനും നിയന്ത്രണങ്ങള്‍
കോവിഡ് കാലത്താണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഡിജിറ്റല്‍ ഗോള്‍ഡും ക്രിപ്‌റ്റോകറന്‍സികളും ഉള്‍പ്പെടെ ഡിജിറ്റല്‍ ആസ്തികള്‍ക്കും ഇത്രമേല്‍ ഒരു വര്‍ധനവുണ്ടാകുന്നത്. എന്നാല്‍ അത്തരം നിക്ഷേപങ്ങളിലെ അനിയന്ത്രിതമായ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ ആസ്തികള്‍ക്കൊപ്പം ഡിജിറ്റല്‍ സ്വര്‍ണ്ണവും ചില നിയന്ത്രണ മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരാന്‍ ധനമന്ത്രാലയവും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡും (സെബി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇതിനായി നിയമക്രമങ്ങള്‍ സജ്ജമാക്കുകയാണ്.
സിഡ്ബി സ്വാവലംബന്‍ ചാലഞ്ച് ഫണ്ട് രണ്ടാം ഘട്ടം ആരംഭിച്ചു
സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്ന സിഡ്ബിയുടെ(sidbi) 'സ്വാവലംബന്‍ ചാലഞ്ച് ഫണ്ട'് രണ്ടാം ഘട്ടം ആരംഭിച്ചു. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രോജക്ടുകള്‍ക്ക് 20 ലക്ഷം മുതല്‍ 35 ലക്ഷം വരെ സഹായം ലഭിക്കും.
ഒല ബുക്കിംഗ് ഡിസംബറില്‍ പുനരാരംഭിക്കുമെന്ന് സിഎംഒ
ഒല ഇലക്ട്രിക് ടൂ വീലറുഖല്‍ക്കായുള്ള ബുക്കിംഗ് ഡിസംബറില്‍ പുനരാരംഭിക്കുമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദബേ. നവംബറില്‍ വാഹനങ്ങളുടെ വിതരണം ആരംഭിക്കുമെന്നും ടെസ്റ്റ് റൈഡുകള്‍ നടക്കുകയാണെന്നും സിഎംഒ വ്യക്തമാക്കി.
അപ്പോളോ ടയേഴ്‌സ് വീണ്ടും വിലവര്‍ധിപ്പിക്കുന്നു
ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആഭ്യന്തര വിപണിയില്‍ അപ്പോളോ ടയേഴ്സ് 3-5% വില വര്‍ധന നടപ്പാക്കും. സെപ്റ്റംബര്‍ പാദം വരെ ടയര്‍ വിലയില്‍ കമ്പനി ശരാശരി 9% വര്‍ധനവ് വരുത്തിയതായി അപ്പോളോ ടയേഴ്സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കാ പറഞ്ഞു. കമ്മോഡിറ്റി വില ഉയരുന്നതിന്റെ ആഘാതം നികത്താനാണ് നാലാം പാദത്തിലും ഒരു നിശ്ചിത ശതമാനം വില ഉയര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതരാകുന്നതെന്നും അദ്ദേഹം വിശദമാക്കി.
ക്വാറന്റീന്‍ എടുത്തു കളയാനൊരുങ്ങി സിംഗപ്പൂര്‍
നവംബര്‍ 29 മുതല്‍ ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ രഹിത യാത്ര അനുവദിക്കാന്‍ സിംഗപ്പൂര്‍. ആഗോള കണക്റ്റിവിറ്റിയുള്ള രാജ്യാന്തര വ്യോമയാന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പദവി 'വീണ്ടെടുക്കാനും പുനര്‍നിര്‍മ്മാണം നടത്താനും' പ്രതീക്ഷിക്കുന്നതിനാല്‍ അടുത്ത മാസം ആദ്യം മൂന്ന് രാജ്യങ്ങളെ കൂടി ക്വാറന്റീന്‍ രഹിത പട്ടികയിലേക്ക് സംഗപ്പൂര്‍ കൂട്ടിച്ചേര്‍ത്തേക്കും.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
സെന്‍സെക്സ് 32 പോയ്ന്റ് ഉയര്‍ന്ന് 60,719ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 15.47 പോയ്ന്റ് അഥവാ 1.6 ശതമാനം ഉയര്‍ന്ന് 18,109ലും ക്ലോസ് ചെയ്തു. വിശാല വിപണി സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍ കാപ് സൂചിക 0.2 ശതമാനം താഴ്ന്നു.
പുതു കമ്പനികളുടെ പ്രകടനം
പോളിസി ബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക്, ഇഷ്യു പ്രൈസിനേക്കാള്‍ 17.3 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 980 രൂപയ്ക്ക് ഇഷ്യു ചെയ്ത കമ്പനിയുടെ ഓഹരി വില 1,201 രൂപയാണ്. 22.5 ശതമാനം നേട്ടം.
163 രൂപ ഇഷ്യു പ്രൈസ് ആയിരുന്ന സിഗാച്ചി ഇന്‍ഡസ്ട്രീസിന്റെ ഓഹരി അപ്പര്‍ ലിമിറ്റായ 604 രൂപയില്‍ തൊട്ടു. 270.5 ശതമാനത്തിന്റെ വര്‍ധന. എസ്ജെഎസ് എന്റര്‍പ്രൈസസിന്റേത് തണുപ്പന്‍ ലിസ്റ്റിംഗായിരുന്നു. ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വില ഇഷ്യു പ്രൈസിനേക്കാള്‍ അഞ്ചു ശതമാനം ഇടിഞ്ഞ് 512 രൂപയിലുമെത്തി.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് 9.66 ശതമാനത്തോളം ഇടിഞ്ഞു. കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെ ഓഹരി വിലകളും ഇന്ന് താഴ്ന്നു.
Exchange Rates : November 15, 2021
ഡോളര്‍ 74.47
പൗണ്ട് 99.94
യുറോ 85.24
സ്വിസ് ഫ്രാങ്ക് 80.91
കാനഡ ഡോളര്‍ 59.45
ഓസി ഡോളര്‍ 54.88
സിംഗപ്പൂര്‍ ഡോളര്‍ 55.13
ബഹ്‌റൈന്‍ ദിനാര്‍ 197.52
കുവൈറ്റ് ദിനാര്‍ 246.46
ഒമാന്‍ റിയാല്‍ 193.43
സൗദി റിയാല്‍ 19.86
യുഎഇ ദിര്‍ഹം 20.27
Next Story
Videos