ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 24, 2021

ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിച്ചേക്കും
അധികവരുമാനം കണ്ടെത്തുന്നതിന് ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തില്‍ മൂന്നു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം. നിലവുലുള്ള അഞ്ച് ശതമാനത്തിന്റെ സ്ലാബ് ഏഴ് ശതമാനമായും 18ശതമാനത്തിന്റേത് 20ശതമാനമായും ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍. സംസ്ഥാന മന്ത്രിമാരുടെ സമിതിയാണ് ഇതിന്റെ സാധ്യത വിലയിരുത്തുക.
സില്‍വര്‍ ഇടിഎഫുകള്‍ക്ക് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സെബി
സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ സില്‍വര്‍ ഇടിഎഫുകള്‍ക്ക് പുതിയ നിയമാവലി അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). മ്യൂച്വല്‍ ഫണ്ടുകളുടെ സില്‍വര്‍ ഇടിഎഫ് സ്‌കീമിന് അറ്റ ആസ്തിയുടെ 95% എങ്കിലും വെള്ളിയിലും വെള്ളിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കണമെന്ന് സെബി ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു.
നഗരപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യം; 300 മില്യണ്‍ ഡോളര്‍ വായ്പാ പദ്ധതിക്ക് ഒപ്പുവച്ച് ഇന്ത്യ
രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ പരിചരണ പരിപാടികളും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും (എഡിബി) ചേര്‍ന്ന് 300 മില്യണ്‍ ഡോളര്‍ വായ്പാ പദ്ധതിയില്‍ ഒപ്പുവച്ചു.
ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് ജെഎം ഫിനാന്‍സ്
ബാങ്കിംഗ് ഇതര സേവനങ്ങള്‍ നല്‍കുന്ന ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ജെഎംഎഫ്പിഎല്‍) ഡിജിറ്റല്‍ ഇന്‍നെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. Bondskart.com എന്ന പേരിലെത്തുന്ന പ്ലാറ്റ്‌ഫോമില്‍ വിവധ റേറ്റിംഗുകളിലുള്ള ഫിക്‌സഡ് ഇന്‍കം ഇന്‍വെസ്റ്റ്‌മെന്റ്, വിവിധ ബോണ്ടുകളിലുള്ള നിക്ഷേപങ്ങള്‍ അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങള്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും. ബോണ്ട്‌സ്‌കാര്‍ട്ടിന്റെ മൊബൈല്‍ ആപ്പും ജെഎംഎഫ്പിഎല്‍ പുറത്തിറക്കി.
സിംഗപ്പൂരിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ
2021 നവംബര്‍ 29 മുതല്‍ വാക്‌സിനേറ്റഡ് ട്രാവല്‍ ലെയ്‌നിന് (വിടിഎല്‍) കീഴില്‍ സിംഗപ്പൂരിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് പ്രമുഖ എയര്‍ലൈന്‍സായ ഇന്‍ഡിഗോ.
സ്വര്‍ണവില ഇടിഞ്ഞു
സ്വര്‍ണവില ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4470 രൂപയെന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ സ്വര്‍ണ വില പവന് 35,760 രൂപയാണ്. ഇതേ വിഭാഗത്തില്‍ ഇന്നത്തെ സ്വര്‍ണ വില 10 ഗ്രാമിന് 44,700 രൂപയാണ്.
ഓട്ടോ, ഐറ്റി, എഫ്എംസിജി ഓഹരികള്‍ നിറം മങ്ങി; നേട്ടം നിലനിര്‍ത്താനാവാതെ സൂചികകള്‍
ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി ഇന്ന് വീണ്ടും വീണു. സെന്‍സെക്സ് 323.34 പോയ്ന്റ് ഇടിഞ്ഞ് 58340.99 പോയ്ന്റിലും നിഫ്റ്റി 88.30 പോയ്ന്റ് ഇടിഞ്ഞ് 17415 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1950 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായി. 1249 ഓഹരികളുടെ വിലിയിടിഞ്ഞു. 142 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. അതേസമയം ഒഎന്‍ജിസി, അദാനി പോര്‍ട്ട്സ്, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍ എന്നിവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 20 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ 8.96 ശതമാനം നേട്ടവുമായി കുതിപ്പ് തുടരുകയാണ്. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (6.68 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.82 ശതമാനം), കിറ്റെക്സ് (2.06 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (1.93 ശതമാനം), കെഎസ്ഇ (1.92 ശതമാനം), ഇന്‍ഡിട്രേഡ് (1.67 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.64 ശതമാനം), എവിറ്റി (1.53 ശതമാനം), നിറ്റ ജലാറ്റിന്‍ (1.39 ശതമാനം) തുടങ്ങിയ കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it