ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 29, 2021

ഡിജിറ്റല്‍ കറന്‍സി; മറുപടി നല്‍കി ധനമന്ത്രാലയം
ആര്‍ബിഐ ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവചരിപ്പിക്കുമെന്ന് ധനമന്ത്രാലയം. ലോക്‌സഭയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇതുവരെ സമാഹരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബിറ്റ്‌കോയിനെ അംഗീകരിക്കാനുള്ള ഒരു നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊട്ടക് മഹീന്ദ്രയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍ഐസി
സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍ഐസിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. ഓഹരി പങ്കാളിത്തം 9.99 ശതമാനം ആയി ഉയര്‍ത്താനാണ് എല്‍ഐസിയുടെ പദ്ധതി. നിലവില്‍ കൊട്ടക് മഹീന്ദ്രയില്‍ 4.96 ശതമാനം ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്.
യുകെ ടെലികോം കമ്പനി ബിടിയില്‍ നിക്ഷേപം നടത്തില്ലെന്ന് റിലയന്‍സ്
യുകെ ടെലികോം കമ്പനിയായ ബിടിയില്‍ നിക്ഷേപം നടത്തില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ബിടിയുടെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരികള്‍ ഉയര്‍ന്നിരുന്നു.
ഒമിക്രോണ്‍; അപകട സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ഏറ്റവും പുതി കൊവിഡ് വകഭേദം ഒമിക്രോണിന്റെ വ്യാപന ശേഷി ഡെല്‍റ്റ വകഭേദത്തക്കാള്‍ കൂടുതലാകാമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ സംബന്ധിച്ച പഠനങ്ങള്‍ക്ക് സമയം എടുക്കും. പഠനത്തിലൂടെ മാത്രമെ തീവ്രതയെക്കുറിച്ച് കൃത്യമായി ധാരണ ലഭിക്കൂ എന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണ്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍
കാപ്രി ഗ്ലോബല്‍ ക്യാപിറ്റലുമായി സഹകരിക്കാന്‍ എസ്ബിഐ
എംഎസ്എംഇകള്‍ക്ക് വായ്പ നല്‍കാന്‍ കാപ്രി ഗ്ലോബലുമായി സഹകരിക്കാന്‍ എസ്ബിഐ. ചെറുകിട വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകളും എന്‍ബിഎഫ്‌സികളുമായി സഹകരിച്ച് നല്‍കാവുന്ന കോ-ലെന്‍ഡിംഗ് സ്‌കീമുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വായ്പകള്‍ എത്തിക്കുകയാണ് ലക്ഷ്യം.
ഒമ്രികോണ്‍ ആശങ്കകള്‍ക്കിടയിലും ചെറിയ മുന്നേറ്റവുമായി സൂചികകള്‍
കോവിഡിന്റെ പുതിയ വകഭേദം പടരുന്നതിന്റെ ആശങ്കകള്‍ മറികടന്ന് ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 153.43 പോയ്ന്റ് ഉയര്‍ന്ന് 57260.58 പോയ്ന്റിലും നിഫ്റ്റി 27.50 പോയന്റ് ഉയര്‍ന്ന് 17054 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് തുടക്കം ഇടിവോടെയായിരുന്നെങ്കിലും പിന്നീട് വിപണി തിരിച്ചുകയറുകയായിരുന്നു. ആഗോള വിപണിയില്‍ നിലവിലെ ഇടിവ് മുതലെടുത്ത് നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഒമിക്രോണ്‍ ഉണ്ടാക്കിയ അനിശ്ചിതത്വം നിക്ഷേപകരെ പിന്നോക്കം വലിക്കുകയും ചെയ്തു. ഐറ്റി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്ന് കരുത്തുകാട്ടി.
875 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2337 ഓഹരികളുടെ വിലയിടിഞ്ഞു. 142 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ബിപിസിഎല്‍, സണ്‍ഫാര്‍മ, യുപിഎല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഐറ്റി ഒഴികെയുള്ള സെക്ടറര്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ഫാര്‍മ, പവര്‍, റിയല്‍റ്റി, ഓയ്ല്‍ & ഗ്യാസ്, പിഎസ്‌യു ബാങ്ക് എന്നിവ 1-2 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1-2 ശതമാനമാണ് ഇടിഞ്ഞത്.
കേരള കമ്പനികളുടെ പ്രകടനം
രണ്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1.42 ശതമാനം നേട്ടവുമായി ഈസ്റ്റേണ്‍ ട്രെഡ്‌സും 0.81 ശതമാനം നേട്ടവുമായി എവിറ്റിയുമാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. 27 കേരള കമ്പനികള്‍ക്കാണ് ഇന്ന് വിപണിയില്‍ തിരിച്ചടിയേറ്റത്. എഫ്എസിടി, എഫ്എസിടി, ആസ്റ്റര്‍ ഡി എം,
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, ഹാരിസണ്‍സ് മലയാളം തുടങ്ങിയ കേരള കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it