ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 30, 2021
5 ജിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ച് ട്രായ്
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 5ജിയെക്കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കി. 5ജി സ്പെക്ട്രം ലേലം, സ്പെക്ട്രം ബാന്‍ഡിന്റെ കരുതല്‍ വില, ലേലം ചെയ്യേണ്ട സ്പെക്ട്രത്തിന്റെ അളവ്, മറ്റ് പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സിനോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ഡിസംബര്‍ 28 ന് മുമ്പ് വിശദാംശങ്ങള്‍ നല്‍കാന്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് തയ്യാറാകണമെന്നാണ് ആവശ്യം.
മ്യൂച്വല്‍ ഫണ്ടുകള്‍; മൊത്ത ആസ്തിയില്‍ 70 ശതമാനവും ഒരുകോടി രൂപയ്ക്കുതാഴെ വരുമാനക്കാരുടേത്
മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്ത ആസ്തിയില്‍ ഒരുകോടി രൂപയ്ക്കുതാഴെ വാര്‍ഷിക വരുമാനമുള്ളവരുടെ ആസ്തി 70 ശതമാനത്തോളം. 31 ശതമാനം ഒരുകോടി രൂപയ്ക്കുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടേത്. അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29 ശതമാനവുമാണ്. പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിപ്റ്റോ ബില്‍, ക്യാബിനറ്റ് അനുമതി ലഭിച്ചതിന് ശേഷം; പരസ്യങ്ങള്‍ നിരോധിക്കില്ല
ക്യാബിനറ്റ് അംഗീകാരം ലഭിച്ചതിന് ശേഷം ക്രിപ്റ്റോ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൂര്‍ണമായും നിയന്ത്രണത്തിലുള്ള ഒരു മേഖലയല്ല, റിസ്‌കുണ്ട്. ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നില്ല. എന്നാല്‍ ആര്‍ബിഐയും സെബിയും വഴി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചുവരികയാണ്. അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും ധനമന്ത്രി രാജ്യസഭയെ അറിയിച്ചു.
സ്വര്‍ണവില ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ 4495 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില. ഇന്നത് വീണ്ടും താഴ്ന്നു. ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വര്‍ണ വില 4485 രൂപയാണ്. 10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്.
സംസ്ഥാനത്തെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെയര്‍മാന്‍മാരായി
വ്യവസായ വകുപ്പിന് കീഴിലുള്ള ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളാ ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു. കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാനായി സാബു ജോര്‍ജ്ജിനേയും ആട്ടോ കാസ്റ്റ് ചെയര്‍മാനായി അലക്‌സ് കണ്ണമലയേയും നിശ്ചയിച്ചു. ബിനോയ് ജോസഫ് ആണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍.
ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി പി.രാമഭദ്രനേയും കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെ.എസ്.ഐ. ഇ) ചെയര്‍മാനായി പീലിപ്പോസ് തോമസിനേയും നിശ്ചയിച്ചു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി പി.ജയരാജന്‍ നേരത്തെ ചുമതലയേറ്റിരുന്നു.
ഒമിക്രോണ്‍ ഭീതിയില്‍ വിപണി; ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ താഴ്ന്ന് ഓഹരി സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം ഓഹരി വിപണി ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 195.71 പോയ്ന്റ് ഇടിഞ്ഞ് 57064.87 പോയ്ന്റിലും നിഫ്റ്റി 81.40 പോയ്ന്റ് ഇടിഞ്ഞ് 16972.60 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലും സാമ്പത്തിക ലോക്ക് ഡൗണ്‍ ഉടനുണ്ടാവില്ലെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം യുഎസ്, യുറോപ്യന്‍ അടക്കമുള്ള ആഗോള വിപണിയില്‍ മുന്നേറ്റത്തിന് വഴി തെളിച്ചത് തുടക്കത്തില്‍ ഇന്ത്യന്‍ വിപണിക്കും പ്രതീക്ഷയേകി. എന്നാല്‍ രോഗ വ്യാപനത്തിനെതിരെ വിദഗ്ധര്‍ കടുത്ത മുന്നറിയിപ്പുമായി എത്തിയതോടെ വിപണിയില്‍ പരിഭ്രാന്ത്രി നിറയുകയും വ്യാപകമായ വിറ്റഴിക്കലിലേക്ക് നയിക്കുകയും ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 17 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 4.66 ശതമാനവും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 4.29 ശതമാനവും നേട്ടമുണ്ടാക്കി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.14 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (3.77 ശതമാനം), എഫ്എസിടി (3.04 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, അപ്പോളോ ടയേഴ്സ് തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.
Exchange Rate, November 30, 2021