ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 2, 2021

1. ഇതാദ്യമായി പ്രവര്‍ത്തന ലാഭം നേടി ഒല
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒല ഇതാദ്യമായി പ്രവര്‍ത്തന ലാഭം നേടി. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനി 2010 ലാണ് സ്ഥാപിച്ചത്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 89.82 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം നേടിയത്. തൊട്ടുമുന്‍വര്‍ഷം കമ്പനി 610 കോടി രൂപ നഷ്ടത്തിലായിരുന്നു.
2. ഭാരതി എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 13 ശതമാനം വര്‍ധന
സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ ഭാരതി എയര്‍ടെല്‍ 13 ശതമാനം വരുമാന വര്‍ധന നേടി. നിരക്ക് വര്‍ധനയും വരിക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമാണ് മികച്ച പ്രകടനത്തിന് കാരണം. രണ്ടാംപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തിലും വര്‍ധനയുണ്ട്.
3. ഡെല്‍ഹിവെറി സെബിയെ സമീപിച്ചു
മൂലധന വിപണിയില്‍ നിന്ന് 7,460 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി ന്യൂ ഏജ് ലോജിസ്റ്റിക് കമ്പനിയായ ഡെല്‍ഹിവെറി. ഇതിന്റെ ഭാഗമായി സെബിയില്‍ കമ്പനി അനുമതി തേടി രേഖകള്‍ സമര്‍പ്പിച്ചു.
4. സഫയര്‍ ഫുഡ്‌സ് ഐപിഒ നവംബര്‍ 9 മുതല്‍ 11 വരെ
സഫയര്‍ ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. കെഫ്‌സി, പിസ്സ ഹട്ട് ഔട്ട് ലെറ്റുകളുടെ ഓപ്പറേറ്ററും യം ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളില്‍ ഒന്നുമാണ് സഫയര്‍ ഫുഡ്‌സ്. 17,569,941 ഇക്വിറ്റി ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 1,120 1,180 രൂപയാണ് െ്രെപസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപര്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
5. 'സേഫ്കാര്‍ഡ്' ടോക്കനൈസേഷന്‍ അവതരിപ്പിച്ച് ഫോണ്‍പേ
രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സേവന ദാതാക്കളായ ഫോണ്‍പേ ടോക്കണൈസേഷന്‍ അവതരിപ്പിച്ചു. ഫോണ്‍പേ സേഫ്കാര്‍ഡ് എന്നാണ് സേവനത്തിന് നല്‍കിയിരിക്കുന്ന പേര്. മാസ്റ്റര്‍കാര്‍ഡ്, റുപെയ്, വിസ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സേഫ്കാര്‍ഡ് സേവനം ലഭ്യമാകും.

ടോക്കനൈസേഷന്‍ അവതരിപ്പിക്കുന്നതോടെ ഫോണ്‍പേ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ചെയ്യാന്‍ സാധിക്കും.
6. മൂന്ന് ലക്ഷംവരെ ഇരുചക്ര വാഹന വായ്പ, എസ്ബിഐ 'ഈസി റൈഡ്'
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പുതിയ ഇരുചക്ര വാഹന വായ്പാ പദ്ധതി പ്രഖ്യാപിച്ചു. എസ്ബിഐ ഈസി റൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്‌കീമിലൂടെ മൂന്ന് ലക്ഷം രൂപവരെ വായ്പ ലഭിക്കും.

യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ യോനോ ആപ്പിലൂടെ വായ്പയ്ക്ക് ആപേക്ഷിക്കാം. എസ്ബിഐ ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. 20000 രൂപ മുതലാണ് വായ്പ ലഭിക്കുന്നത്.
7. വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തോട്ടം മേഖലയ്ക്കും; പ്‌ളാന്റേഷന്‍ ഡയറക്ടറേറ്റ് ഉടന്‍
വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തോട്ടം മേഖലക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. പ്‌ളാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്‌ളാന്റേഷന്‍ വ്യവസായ വകുപ്പിനോട് കൂട്ടിച്ചേര്‍ത്തതിനെത്തുടര്‍ന്നാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്.
സെന്‍സെക്‌സ് 109 പോയ്ന്റ് ഇടിഞ്ഞു
ഇന്ന് ഓഹരി വിപണിയില്‍ മുഖ്യ ഓഹരി സൂചികയെ മറികടന്ന് വിശാല വിപണിയുടെ പ്രകടനം. സെന്‍സെക്‌സ് 109 പോയ്ന്റ് ഇടിഞ്ഞ് 60,029ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 41 പോയ്ന്റ് ഇടിഞ്ഞ് 17,889 ലും ക്ലോസ് ചെയ്തു. അതേസമയം ബിഎസ്ഇ മിഡ്കാപ് സൂചിക 0.6 ശതമാനം ഉയര്‍ന്നു. സ്‌മോള്‍ കാപ് സൂചിക 1.1 ശതമാനവും നേട്ടമുണ്ടാക്കി.





Related Articles
Next Story
Videos
Share it