ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 04, 2021

കെ റെയില്‍ പദ്ധതി; ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം
സംസ്ഥാന വികസന പദ്ധതികളില്‍ പ്രധാനമായ കെ റെയില്‍ പദ്ധതി നടത്തിപ്പ് ദ്രുതഗതിയിലാക്കാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥലമേറ്റെടുക്കാന്‍ മാത്രം 13,362 കോടി ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.
പാന്‍ഡോറ പേപ്പര്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; സച്ചിനുള്‍പ്പെടെയുള്ളവരുടെ പേരുകള്‍
ഉന്നതരുടെ നികുതി വെട്ടിപ്പിന്റെ വിശദാംശങ്ങളടങ്ങുന്ന 'പാന്‍ഡോറ പേപ്പര്‍' വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇഡി, റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകും. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടെ പേരുകളുണ്ട്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇതിനു പിന്നില്‍.
ഊര്‍ജ മേഖലയില്‍ വീണ്ടും വന്‍ നിക്ഷേപമിറക്കി ഗൗതം അദാനി
വീണ്ടും ഊര്‍ജ മേഖലയില്‍ വന്‍ നിക്ഷേപമിറക്കി ഗൗതം അദാനി. എസ്ബി എനര്‍ജി ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന വമ്പന്‍ കമ്പനിയെ അദാനിയുടെ ഉടമസ്ഥതിയിലുള്ള ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്വന്തമാക്കി 26000 കോടി രൂപ മുടക്കി സ്വന്തമാക്കി. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജിക്ക് പൂര്‍ണ ഉടമസ്ഥതയുള്ള സഹോദര സ്ഥാപനമായി എസ്ബി എനര്‍ജി ഹോള്‍ഡിങ്‌സ് മാറും. ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ്ബാങ്കിന് 80 ശതമാനവും ഭാരതി ഗ്രൂപ്പിന് 20 ശതമാനവും ഉടമസ്ഥതയുണ്ടായിരുന്നതാണ് ഈ കമ്പനി.
സിറിഞ്ചുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ
സൂചി ഉപയോഗിച്ചോ അല്ലാതെയോയുള്ള സിറിഞ്ചുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. തിങ്കളാഴ്ചയാണ് അറിയിപ്പ് പുറത്തുവിട്ടത്. കയറ്റുമതിക്ക് ഇനിമുതല്‍ എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് ആവശ്യമാണ്. സൂചികള്‍ ഉപയോഗിച്ചോ അല്ലാതെയോ സിറിഞ്ചുകള്‍ക്കുള്ള കയറ്റുമതി നയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ഫ്രീ' ല്‍ നിന്നും 'നിയന്ത്രിതമായി' ഭേദഗതി ചെയ്തു.
യുണിടെക് സ്ഥാപകനും കുടുംബവും അറസ്റ്റില്‍
കമ്പനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് യൂണിടെക് സ്ഥാപകന്‍ രമേശ് ചന്ദ്ര, മരുമകള്‍ പ്രീതി ചന്ദ്ര, സഞ്ജയ് ചന്ദ്രയുടെ ഭാര്യ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍
ശ്രീലങ്ക സമീപകാലത്തെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്ന ഈ അവസരത്തില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല നാലു ദിവസത്തെ സന്ദര്‍ശനത്തിന് (ഒക്ടോബര്‍ 02-05) ശ്രീലങ്കയിലെത്തി. ഉഭയകക്ഷി ബന്ധം, ഇരുരാഷ്ട്രങ്ങളുടെയും നിലവിലുള്ള സംയുക്തപദ്ധതികളുടെ പുരോഗതി, കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തുടര്‍ സഹകരണം എന്നിവയാണ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ അവലോകനം ചെയ്യുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ജാഫ്നയുടെ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുകയും പാലാലി വിമാനത്താവളത്തിന്റെ വികസനത്തിന്റെയും പുനരധിവാസത്തിന്റെയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. തമിഴ് പ്രാമുഖ്യതയുള്ള വടക്കന്‍ പ്രവിശ്യയുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിന് ഈ പദ്ധതി പ്രധാനമാണ്.
വിപണി തിരിച്ചുകയറുന്നു, സെന്‍സെക്സ് 534 പോയ്ന്റ് ഉയര്‍ന്നു
നാല് ദിവസത്തെ തിരുത്തലിനൊടുവില്‍ ഓഹരി വിപണി തിരിച്ചുകയറുന്നു. നിഫ്റ്റി 159 പോയിന്റ് ഉയര്‍ന്ന് 17,691 ലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 534 പോയിന്റ് നേട്ടത്തില്‍ 59,299 ല്‍ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.51 ശതമാനവും 1.71 ശതമാനവും ഉയര്‍ന്നു. സ്മോള്‍ ക്യാപ് ഇന്‍ഡെക്സ് ഏറ്റവും ഉയര്‍ന്ന നിലയായ 28,715 ലെത്തി. നിഫ്റ്റി മെറ്റല്‍, മീഡിയ, റിയല്‍റ്റി, പിഎസ്യു ബാങ്ക് സൂചികകള്‍ രണ്ട് ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സിഎസ്ബി ബാങ്ക് (2.56 ശതമാനം), അപ്പോളോ ടയേഴ്സ് (1.67 ശതമാനം), ഫെഡറല്‍ ബാങ്ക് (2.22 ശതമാനം), ജിയോജിത്ത് (2.51 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ് (2.30 ശതമാനം) മണപ്പുറം ഫിനാന്‍സ് (1.67 ശതമാനം), നിറ്റ ജെലാറ്റിന്‍ (2.29 ശതമാനം) തുടങ്ങിയവാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. അതേസമയം, റബ്ഫില, പാറ്റ്‌സ്പിന്‍ ഇന്ത്യ, കെഎസ്ഇ, കല്യാണ്‍ ജുവലേഴ്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ആസ്റ്റര്‍ ഡി എം തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.





Related Articles
Next Story
Videos
Share it