ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 05, 2021

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് പുതിയ ജിഎസ്ടി നിയമങ്ങള്‍

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് കേന്ദ്രം പുതിയ ജിഎസ്ടി നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടിപ്‌സ്, സര്‍ജ് ചാര്‍ജ് എന്നിവ ഈടാക്കുന്നതിന് പ്രത്യേക ജിഎസ്ടി നിയമങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സെബിയുടെ അനുമതിയായി, പോപ്പുലര്‍ വെഹിക്ക്ള്‍സ് ഐപിഒ ഉടന്‍
പ്രമുഖ ഓട്ടോമൊബീല്‍ ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്ക്ള്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഉടനുണ്ടായേക്കും. ഇതിന്റെ മുന്നോടിയായി, ഐപിഒയ്ക്കുള്ള അനുമതി സെബി നല്‍കി. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 7,00 കോടി രൂപ സമാഹരിക്കാനാണ് പോപ്പുലര്‍ വെഹിക്ക്ള്‍സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജുലൈയിലാണ് ഇത് സംബന്ധിച്ച രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചത്. ഡിആര്‍എച്ച്പി അനുസരിച്ച് 150 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും ബന്യന്‍ട്രീ ഗ്രോത്ത് ക്യാപിറ്റല്‍ കക ഉടമസ്ഥതയിലുള്ള 4,266,666 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ലുമായിരിക്കും ഐപിഒ.
എച്ച്ഡിഎഫ്‌സി ബാങ്ക് മികച്ച വായ്പാ വളര്‍ച്ച രേഖപ്പെടുത്തി
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പാ വളര്‍ച്ചയില്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പാദത്തിന്റെ അവസാനത്തില്‍ അതിന്റെ അഡ്വാന്‍സസ് ബുക്ക് ഏകദേശം 15.4% വളര്‍ച്ച പ്രകടമാക്കിയതായി ബാങ്ക് പറഞ്ഞു. ബാങ്കിന്റെ മൊത്തം വായ്പകള്‍ 11.98 ലക്ഷം കോടി രൂപയായതായും തുടര്‍ച്ചയായി 4.4% വളര്‍ച്ച കൈവരിക്കുകയും ചെയ്തതായി പ്രൊഫോമ റിപ്പോര്‍ട്ട് പറയുന്നു. റീറ്റെയ്ല്‍ ലോണുകള്‍ 13 ശതമാനം വളര്‍ന്നപ്പോള്‍ വ്യാവസായിക വായ്പകള്‍ 27.5 ശതമാനവും വളര്‍ന്നു.
ഇന്നവേഷന്‍ ഹബുമായി ബൈജൂസ്

രാജ്യത്തെ പ്രമുഖ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് ബൈജൂസ് ലാബ് എന്ന പേരില്‍ പുതിയ ഇന്നവേഷന്‍ ഹബ് അവതരിപ്പിച്ചു. യുകെ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി ഇതിനായി നിയമനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ബൈജൂസ് അറിയിച്ചു. മെഷിന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാകും ഈ ഇന്നവേഷന്‍ ഹബ്ബ്.
18 വയസ്സിന് മുകളിലുള്ളവരില്‍ 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം
സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരില്‍ 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. വാക്‌സിനേഷനില്‍ കേരളം മുന്നേറിയതിന്റെ പ്രതിഫലനവുമായി സെറോ സര്‍വേ ഫലം. വാക്‌സിനേഷന്‍ സ്വീകരിക്കാത്ത 18 വയസ്സിന് താഴെയുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് മാത്രമേ ഇപ്പോഴും രോഗം വന്നുപോയിട്ടുള്ളൂ. സെറോ സര്‍വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരില്‍ നിന്നെടുത്ത സാപിളുകള്‍ പരിശോധിച്ചപ്പോള്‍ 82 ശതമാനത്തിലധികമാണ് പ്രതിരോധ ആന്റിബോഡിയെന്നാണ് വിവരം. മേയ് മാസത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ ഇത് 42.7 ശതമാനമായിരുന്നു.
സ്വര്‍ണവില വീണ്ടും 35000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില 35000 രൂപയായി. 200 രൂപയാണ് പവന് വര്‍ധിച്ചത്. പവന് ഇതോടെ 34800 രൂപയില്‍ നിന്നും 35000 രൂപയായി. ഗ്രാമിന് 4375 രൂപയുമായി. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,286 ആയി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലായിരുന്നു ഇന്ന് വ്യാപാരം നടന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 446 പോയിന്റ് ഉയര്‍ന്ന് 59,745 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 131 പോയിന്റ് ഉയര്‍ന്ന് 17,822ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികകളുടെ നേട്ടങ്ങള്‍ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. രണ്ട് ശതമാനം ഉയര്‍ന്ന് 2,609 രൂപയിലാണ് ഓഹരി വില എത്തിനില്‍ക്കുന്നത്. ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ഐഒസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണമാണ് ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കിയത്. ഓഹരി വിലയില്‍ 5.05 ശതമാനം നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ മികച്ച മുന്നേറ്റം നടത്തി. ആസ്റ്റര്‍ ഡി എം (0.95 ശതമാനം), എവിറ്റി (1.15 ശതമാനം), എഫ്എസിടി ( 1.5 ശതമാനം), ഫെഡറല്‍ ബാങ്ക് (0.82 ശതമാനം), കേരള ആയുര്‍വേദ (2.23 ശതമാനം), കിറ്റെക്സ് (2.21 ശതമാനം), മണപ്പുറം (0.96 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (1.47 ശതമാനം) തുടങ്ങിയവയാണ് ഇന്ന നേട്ടമുണ്ടാക്കിയ കമ്പനികള്‍




Related Articles
Next Story
Videos
Share it