Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 06, 2021
എല്‍ഐസി; 20 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചേക്കും
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ (എല്‍ഐസി) 20ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചേക്കും. ഇതിനായി നിയമ ഭേദഗതിക്കൊരുങ്ങുകാണ് സര്‍ക്കാര്‍. ഐപിഒവഴി പരമാവധി തുക സമാഹരിക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നില്‍. രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ ഇതോടെ വിദേശ നിക്ഷേപകര്‍ക്കാകും. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെതന്നെ നിക്ഷേപം നടത്താന്‍ കഴിയുന്നതരത്തിലാകും എഫ്ഡിഐ നിയമം ഭേദഗതിചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍; നടപടി കടുപ്പിക്കുന്നു
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാത്ത ഉത്പാദകസ്ഥാപനങ്ങള്‍ക്കും വിതരണക്കാര്‍ക്കുമെതിരേ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി. കാലാവധി കഴിഞ്ഞവ തിരിച്ചെടുത്ത് നശിപ്പിക്കുകയോ പരിസ്ഥിതിക്ക് ഹാനികരമല്ലാത്തരീതിയില്‍ സംസ്‌കരിക്കുകയോ വേണം. വീഴ്ചവരുത്തുന്നവരെ കണ്ടെത്താനുള്ള മിന്നല്‍ പരിശോധന ആരംഭിക്കാനും നടപടി കടുപ്പിക്കാനും തീരുമാനമായി.
ഏഴ് പുതിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍; ലിസ്റ്റില്‍ കേരളമില്ല
ഏഴ് പുതിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങുന്ന പദ്ധതിയില്‍ താല്‍പര്യം അറിയിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ല. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിക്ഷേപസൗഹൃദ സംസ്ഥാനങ്ങള്‍ക്കാണ് ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ അനുവദിക്കുക. 4,445 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും.
ക്ലീന്‍ എനര്‍ജി; 70 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി
ക്ലീന്‍ എനര്‍ജിയിലേക്ക് വന്‍ കുതിപ്പിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ഊര്‍ജ ഉപവിഭാഗത്തിന്റെ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ഗ്രൂപ്പ് 50 മുതല്‍ 70 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്.
റോസ് വാലി ഗ്രൂപ്പിന്റെ കോടികളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി
റോസ് വാലി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 26.98 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. മണി ലേണ്ടറിംഗ് ആക്റ്റ് പ്രകാരം സ്ഥലം, ഹോട്ടലുകള്‍,ഡിഡികള്‍, ബാങ്ക് ബാലന്‍സ് എന്നിവ മരവിപ്പിച്ചു. പോണ്‍സി സ്‌കീം വഴി ലക്ഷക്കണക്കിന് പേരുടെ പണം തട്ടിയെടുത്തതാണ് കേസ്.
കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപ താഴ്ന്ന് 34,880 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,360 ലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണി ദുര്‍ബലം, ലാഭമെടുപ്പും; കുത്തനെ ഇടിഞ്ഞ് സൂചികകള്‍
ആഗോള വിപണി ദുര്‍ബലമായതും ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും ഓഹരി സൂചികകളെ ബാധിച്ചു. സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 555.15 പോയ്ന്റ് ഇടിഞ്ഞ് 59189.73 പോയ്ന്റിലും നിഫ്റ്റി 176.30 പോയ്ന്റ് ഇടിഞ്ഞ് 17646 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വണ്ടര്‍ലാ ഹോളിഡേയ്സ് (2.47 ശതമാനം), വെര്‍ട്ടെക്സ് സെക്യുരിറ്റീസ് (1.68 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.85 ശതമാനം), നിറ്റ ജലാറ്റിന്‍ (0.71 ശതമാനം), എവിറ്റി (0.42 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.25 ശതമാനം), കെഎസ്ഇ (0.13 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos