Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 07, 2021
കല്യാണ്‍ ജൂവലേഴ്‌സ്; പ്രവര്‍ത്തന വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച
ഇന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തന വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച കൈവരിച്ചതായി കല്യാണ്‍ ജൂവലേഴ്‌സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈയിടെ അവസാനിച്ച പാദത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തന വരുമാനം 60% വളര്‍ച്ച കൈവരിച്ചു. പ്രധാന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ ഷോറൂം പ്രവര്‍ത്തനങ്ങളില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇത് കൈവരിക്കാനായത് നേട്ടമെന്ന് ജൂവറി ഗ്രൂപ്പ് പറഞ്ഞു. കേരളത്തിലെ തങ്ങളുടെ ഷോറൂമുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ പൂര്‍ണമായും പ്രവര്‍ത്തനം പുനരാരംഭിച്ചതായും കല്യാണ്‍ ജൂവലേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ വാഹന വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇടിവ്
സെപ്റ്റംബറില്‍ രാജ്യത്ത് മൊത്ത വാഹന വില്‍പ്പന അഞ്ചു ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2019 സെപ്തംബറിനെ അപേക്ഷിച്ചുള്ള കണക്കാണിത്. വാഹനങ്ങളുടെ റീറ്റെയല്‍ വില്‍പ്പനയില്‍ 13.5 ശതമാനം കുറവുണ്ടായെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ 12,96,257 യൂണിറ്റാണ് വിറ്റുപോയത്. അതേസമയം കഴിഞ്ഞ വര്‍ഷം 13,68307 യൂണിറ്റ് വിറ്റുപോയിരുന്നു. 5.27 ശതമാനം ഇടിവ്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 8.7 ശതമാനമായി വെട്ടിക്കുറച്ച് ഫിച്ച്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 8.7 ശതമാനമായി വെട്ടിക്കുറച്ച് ഫിച്ച് റേറ്റിംഗ്‌സ്. എന്നിരുന്നാലും 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 10 ശതമാനമാകുമെന്നും ഫിച്ച് പ്രവചിക്കുന്നു.
ട്വിറ്റര്‍ ഇന്‍ക്് മൊബൈല്‍ പരസ്യ കമ്പനിയെ വില്‍ക്കുന്നു
ട്വിറ്റര്‍ ഇന്‍ക്് തങ്ങളുടെ മൊബൈല്‍ പരസ്യ കമ്പനിയായ മോപബ് ആപ്പ്‌ലോവിന്‍ കോര്‍പ്പറേഷന് വില്‍ക്കുന്നതായി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു. 1.05 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്.
'മെയ്ഡ് ഇന്‍ ഇന്ത്യ' എസ്-ക്ലാസ് പുറത്തിറക്കി മെഴ്‌സിഡസ് ബെന്‍സ്
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് തങ്ങളുടെ പുതിയ എസ്-ക്ലാസ് ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.57 കോടി രൂപ മുതല്‍ വിലവരുന്ന കാറുകള്‍ പൂര്‍ണമായും പുനെയില്‍ ആണ് നിര്‍മിക്കുന്നത്.
സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപ കൂടി 35,040 ആയി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു 4380 ലുമാണ് വ്യാപാരം നടന്നത്.
ബി ആര്‍ ഷെട്ടിയുടെ പേരും പാന്‍ഡോറ പേപ്പേഴ്‌സില്‍
ബി ആര്‍ ഷെട്ടിക്ക് ജേഴ്‌സി ദ്വീപിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലും രഹസ്യ നിക്ഷേപമെന്ന് പാന്‍ഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തല്‍. 6 ബില്യണ്‍ ഡോളറിലധികം കടബാധ്യത നിലനില്‍ക്കേയാണ് ഷെട്ടിയുടെ നിക്ഷേപം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഷെട്ടിക്ക് വിദേശത്ത് 80 ലധികം കമ്പനികളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സാഹിത്യ നൊബേല്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും അബ്ദുൽ റസാഖിന്റെ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
റിസര്‍വ് ബാങ്ക് നാളെ പണനയം പ്രഖ്യാപിക്കാനിരിക്കേ ഓട്ടോ, റിയല്‍റ്റി ഓഹരികളുടെ ചുമലിലേറി സൂചികകള്‍ കുതിച്ചു. സെന്‍സെക്സ് 488.10 പോയ്ന്റ് ഉയര്‍ന്ന് 59677.83 പോയ്ന്റിലും നിഫ്റ്റി 144.30 പോയ്ന്റ് ഉയര്‍ന്ന് 17790.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
ഉത്സവ സീസണ്‍ ആയതോടെ ടെക്സ്റ്റൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഓഹരികളിലും ഉണര്‍വ് പ്രകടമായിട്ടുണ്ട്
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. 22 കേരള കമ്പനികളും നേട്ടമുണ്ടാക്കി. കല്യാണ്‍ ജൂവലേഴ്സ് 13.07 ശതമാനം നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചു. ധനലക്ഷ്മി ബാങ്ക് (5.63 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.35 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.48 ശതമാനം), ഇന്‍ഡിട്രേഡ് (2.97 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.72 ശതമാനം), അപ്പോളോ ടയേഴ്സ് (2.65 ശതമാനം) തുടങ്ങിയ കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
Next Story
Videos