ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 19, 2021
ഏഷ്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് രാജ്യാന്തര നാണയ നിധി
ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് രാജ്യാന്തര നാണയ നിധി(ഐഎംഎഫ്). കോവിഡിന്റെ പുതിയ തരംഗം, വിതരണ ശൃംഖലയില്‍ വരാവുന്ന തടസ്സങ്ങള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവ കാഴ്ചപ്പാടിന് വിപരീതമായി അപകടസാധ്യതയുണ്ടാക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു.
ഒല കമ്പനിയുടെ തലപ്പത്തുനിന്നും രണ്ട് ഉദ്യോഗസ്ഥര്‍ പുറത്തുപോയി
ഒല കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ രാജിവച്ചു. ഐപിഓയ്ക്കായി തയ്യാറെടുക്കും മുമ്പാണ് ഈ പിന്മാറ്റം. ഒലയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗൗരവ് പോര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്വയം സൗരഭ് എന്നിവര്‍ പുറത്തുപോയതായാണ് വാര്‍ത്ത.
പോളിസി ബസാര്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതി
പോളിസി ബസാര്‍, പൈസ ബസാര്‍ എന്നീ പ്ലാറ്റ്‌ഫോമുകളുടെ ഉടമകളായ പിബി ഫിന്‍ടെക്ക് ലിമിറ്റഡിന് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി സെബി. ഐപിഒയിലൂടെ 6017.50 കോടി രൂപയാണ് കമ്പനി സമാഹരിക്കുക. 3750 കോടിയുടെ പുതിയ ഓഹരികളും 2267 കോടിയുടെ സെക്കന്ററി ഓഹരികളുമാണ് കമ്പനി വില്‍ക്കുന്നത്. 70 കോടി രൂപ കണ്ടെത്തുക പ്രൈവറ്റ് പ്ലെയ്‌സമെന്റിലൂടെ ആയിരിക്കും. പോളിസി ബസാറില്‍ നിക്ഷേപമുള്ള എസ് വിഎഫ് പൈത്തോണ്‍ 11 1875കോടി രൂപയുടെ ഷെയറുകളാണ് വില്‍ക്കുക.
അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി യൂണിലിവര്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 9 ശതമാനം ഉയര്‍ന്ന് 2,187 കോടി രൂപയായതായി കമ്പനി അറിയിച്ചു. സോപ്പ്-ടു-ഷാമ്പൂ നിര്‍മ്മാതാക്കളായ എച്ച് യു എല്ലിന്റെ ത്രൈമാസ വരുമാനത്തില്‍ 11.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 12,724 കോടി രൂപയായിട്ടാണ് അറ്റലാഭം വര്‍ധിച്ചത്.
70 ബില്യണ്‍ ഡോളര്‍ വരെ ക്ലീന്‍ എനര്‍ജിയില്‍ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
വരുന്ന ദശകത്തില്‍ ക്ലീന്‍ എനര്‍ജിയില്‍ അദാനി ഗ്രൂപ്പ് 50-70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. 2030 വരെയുള്ള 70 ശതമാനം പ്ലാന്‍ഡ് ക്യാപെക്‌സ് പരിവര്‍ത്തനോര്‍ജത്തിനായി ഉപയോഗിക്കുമെന്നും ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമം, നേരിയ ഇടിവോടെ സൂചികകള്‍
തുടര്‍ച്ചയായി ഏഴു സെഷനുകളില്‍ മുന്നേറ്റം നടത്തിയ ഓഹരി സൂചികകളില്‍ ഇന്ന് നേരിയ ഇടിവ്. സെന്‍സെക്സ് 49.54 പോയ്ന്റ് ഇടിഞ്ഞ് 61716.05 പോയ്ന്റിലും നിഫ്റ്റി 58.20 പോയ്ന്റ് താഴ്ന്ന് 18418.80 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
ഏഴു ദിവസത്തിനിടയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സൂചികകള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് താഴ്ന്നു തുടങ്ങിയത്. 959 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2321 ഓഹരികളുടെ വിലിയിടിഞ്ഞു. 122 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കേരള ആയുര്‍വേദ (2.29 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.37 ശതമാനം), കെഎസ്ഇ (0.28 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.