Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 22, 2021
പേടിഎം ഐപിഓയ്ക്ക് സെബിയുടെ അനുമതി
പേടിഎം ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബി അനുമതി ലഭിച്ചു. 16,600 കോടി രൂപ വരെ കരട് പ്രോസ്പെക്ടസ് ആണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്‍ഓഡി നല്‍കിയത്. പേടിഎമ്മിന്റെ ഐപിഒയില്‍ 8,300 കോടി ഡോളര്‍ വരെ പുതിയ ഇഷ്യു, 8,300 കോടി രൂപ യുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ എന്നിവയായിരിക്കും ഉള്‍പ്പെടുക. സെബിയുടെ അപ്രൂവല്‍ കിട്ടിയതോടെ പേടിഎമ്മിന് തുടര്‍ നടപടികളിലേക്ക് പ്രവേശിക്കാം.
റിലയന്‍സ്-ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഡീല്‍ നിര്‍ത്തിവെച്ച് സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ പാനല്‍
റിലയന്‍സ്-ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഡീലിന് വീണ്ടും താല്‍ക്കാലിക നിര്‍ത്തിവയ്ക്കല്‍. റിലയന്‍സുമായുള്ള 3.4 ബില്യണ്‍ ഡോളറിന്റെ ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഓര്‍ഡര്‍ റദ്ദാക്കാനുള്ള ഫ്യൂച്ചര്‍ റീറ്റെയിലിന്റെ അപേക്ഷ സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ പാനല്‍ നിരസിച്ചു. തങ്ങളുമായുള്ള കരാര്‍ തെറ്റിച്ചു എന്നാരോപിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പിന് എതിരെ ഐമസോണ്‍ സിംഗപ്പൂരിലെ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്ററില്‍ നിയമ നടപടി തുടരുകയാണ്.
അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധന നേടി ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്കിന് ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 488 കോടി രൂപ അറ്റലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 315.70 കോടി രൂപയായിരുന്നു. അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മൊത്തവരുമാനത്തില്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.013.46 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ മൊത്തവരുമാനം. തൊട്ടുമുന്‍വര്‍ഷം ഇതേ കാലയളവില്‍ 4,071.35 കോടി രൂപയായിരുന്നു.
മിന്ത്ര സിഇഒ അമര്‍ നാഗാറാം രാജിവച്ചു
പ്രമുഖ ഓണ്‍ലൈന്‍ ഫൈഷന്‍ റീറ്റെയ്‌ലറായ മിന്ത്രയുടെ സിഇഒ സ്ഥാനം അമര്‍ നാഗാറാം രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഏപ്രിലില്‍ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയ ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമായ ക്ലിയര്‍ട്രിപ്പിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിന് മിന്ത്ര ബിസിനസ് ഡെവലപ്മെന്റ് മേധാവി ആര്‍ അയ്യപ്പനെ ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നാഗാറാമിന്റെ രാജി.
വാട്‌സാപ്പിനെതിരെ കടുത്ത നിലപാടെടുത്ത് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയില്‍ ബിസിനസ് പ്ലേസ് ഇല്ലാത്ത കമ്പനിയെന്ന നിലയില്‍ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കമ്പനിക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ വാട്‌സ്ആപ്പാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ ഐടി നിയമം 2021 (IT Act 2021) ല്‍ പ്രദിപാദിച്ചിരിക്കുന്ന ട്രേസബിലിറ്റി ക്ലോസിനെതിരായാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇതിനെതിരായ കമ്പനിയുടെ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രാജ്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
അഡിഡാസിന്റെ ബ്രാന്‍ഡ് അംബാസഡറായി ദീപിക പദുക്കോണ്‍
ജര്‍മന്‍ സ്‌പോര്‍ട്‌സ്വെയര്‍ ബ്രാന്‍ഡായ അഡിഡസിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍.
തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇടിവോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് സൂചികകളില്‍ ഇടിവുണ്ടാകുന്നത്. സെന്‍സെക്സ് 101.88 പോയ്ന്റ് ഇടിഞ്ഞ് 60821.62 പോയ്ന്റിലും നിഫ്റ്റി 63.20 പോയ്ന്റ് ഇടിഞ്ഞ് 18114.90 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമായതിനെ തുടര്‍ന്ന് രാവിലെ വിപണി മുന്നേറിയെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഇടിയാന്‍ തുടങ്ങി. ബാങ്ക്, റിയല്‍റ്റി അടക്കമുള്ള പ്രമുഖ മേഖലകളെല്ലാം നിരാശപ്പെടുത്തി. രണ്ടാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രകടനം നടത്തിയതും ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 7.77 ശതമാനം നേട്ടവുമായി ഫെഡറല്‍ ബാങ്ക് മുന്നില്‍ നില്‍്ക്കുന്നു. റബ്ഫില ഇന്റര്‍നാഷണല്‍ (3.28 ശതമാനം), ഹാരിസണ്‍സ് മലയാളം (1.17 ശതമാനം), സിഎസ്ബി ബാങ്ക് (1.13 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos