ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 01, 2021

ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവ് തുടരുന്നു

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്കുമുകളില്‍ തുടരുന്നു. ഓഗസ്റ്റില്‍ 112020 കോടി രൂപയാണ് ജിഎസ്ടി വിഭാഗത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കേന്ദ്ര ജിഎസ്ടിയിനത്തില്‍ 20,522 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 26,605 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സായി 8,646 കോടിയും ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ലഭിച്ചതിന്റെ 30 ശതമാനം അധികമാണ് ഈ തുക. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓഗസ്റ്റില്‍ 98,202 കോടിയായിരുന്നു ലഭിച്ചത്.
ആമസോണും വോള്‍മാര്‍ട്ടും 75000 പേരെ നിയമിക്കുന്നു

ഇന്ത്യന്‍ ഇ- റീറ്റെയ്ല്‍ മാര്‍ക്കറ്റില്‍ ആമസോണും വോള്‍മാര്‍ട്ടും ഈ വര്‍ഷം നിയമിക്കാനൊരുങ്ങത് 75000 പേരെ. ആമസോണ്‍ 55000 തൊഴിലവസരങ്ങളാണ് ഈ വര്‍ഷം സൃഷ്ടിക്കുക. കോര്‍പ്പറേറ്റ് ആന്‍ഡ് ടെക്‌നിക്കല്‍ വിഭാഗത്തിലായിരിക്കും നിയമനങ്ങള്‍. 20000 പേരെയാണ് വോള്‍മാര്‍ട്ട് പുതുതായി നിയമിക്കുക. അവധി ദിവസങ്ങളിലും ഡെലിവറി ഉറപ്പാക്കാനായി സപ്ലൈ ചെയ്ന്‍ വിഭാഗത്തിലേക്കായിരിക്കും വോള്‍മാര്‍ട്ട് ജീവനക്കാരെ നിയമിക്കുക.
ഓഗസ്റ്റിലെ മൊത്തം വില്‍പ്പനയില്‍ 5% വര്‍ധനവ് രേഖപ്പെടുത്തി മാരുതി
ഓഗസ്റ്റിലെ മൊത്തം വില്‍പ്പനയില്‍ 5% വര്‍ധനവ് രേഖപ്പെടുത്തി മാരുതി 1,30,699 യൂണിറ്റുകളാണ് മാരുതി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പാസഞ്ചര്‍ വാഹനങ്ങളില്‍ ഓള്‍ട്ടോ കാറുകളുള്‍പ്പെടെയുള്ളവയുടെ മൂന്നാം ഘട്ട വിലവര്‍ധനവ് സെപ്റ്റംബര്‍ ഒന്നുമുതല്‍ മാരുതി നടത്തും.
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ന്നു
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 73.50 രൂപയുമാണ് കൂട്ടിയത്. പുതിയ നിരക്ക് പ്രകാരം ഗാര്‍ഹിക സിലിണ്ടറിന്റെ വില 892 രൂപയായി ഉയരും. വാണിജ്യ സിലിണ്ടറിന് 1692.50 രൂപയും ആകും. 15 ദിവസത്തിനിടയില്‍ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് വില വര്‍ധന. വാണിജ്യ സിലിണ്ടറുകള്‍ക്ക് കഴിഞ്ഞ മാസം നാല് രൂപ കുറച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്.
ഇന്ത്യയില്‍ ഇന്നലെ മാത്രം 1.33 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം
ഇന്ത്യയില്‍ ഇന്നലെ മാത്രം 1.33 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വാക്‌സിനേഷന്‍ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓഗസ്റ്റില്‍ മാത്രം 18.1 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ജൂലൈയില്‍ ഇത് 13.45 കോടി ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 65.41 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇതില്‍ 50 കോടിയോളം പേര്‍ ആദ്യ ഡോസ് ആമ് സ്വീകരിച്ചത്.
വിപിഎന്‍ നിരോധിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി
രാജ്യത്ത് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) സേവനങ്ങള്‍ നിരോധിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സൈബര്‍ ഭീഷണികള്‍ അടക്കമുള്ള ഹീനമായ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ ഒളിച്ചുകഴിയാനുള്ള അവസരം ഒരുക്കുകയാണ് വിപിഎന്‍ സേവനങ്ങള്‍ ചെയ്യുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കെയര്‍ റേറ്റിംഗിനു പിന്നാലെ മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് ഉയര്‍ത്തി ഇന്ത്യാ റേറ്റിംഗ്‌സും
കെയര്‍ റേറ്റിംഗ് നേട്ടത്തിനു പിന്നാലെ ഇന്ത്യാ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ചും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്ളായി ഉയര്‍ത്തി. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും സ്ഥിരതയുള്ള ആസ്തി ഗുണമേന്മ നിലനിര്‍ത്തിയതും മികച്ച പ്രവര്‍ത്തന ക്ഷമതയിലൂടെ ലാഭസാധ്യത വര്‍ധിപ്പിച്ചതും മതിയായ പണലഭ്യതയും മൂലധന പിന്‍ബലവും സ്വര്‍ണ പണയ രംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവുമാണ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
ഐ.സി.ഐ.സി.ഐയുടെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി പിന്നിട്ടു
ആദ്യമായി ഐ.സി.ഐ.സി.ഐയുടെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി പിന്നിട്ടു. ബാങ്ക് ഓഹരികള്‍ വിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതാണ് നേട്ടത്തിനു വഴിവച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബാങ്ക് ഓഹരികള്‍ 734.80 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതാണ് വിപണിമൂല്യം അഞ്ചുലക്ഷം കോടിയെന്ന റെക്കോര്‍ഡ് പിന്നിടാന്‍ സഹായകരമായത്.
ജിഡിപി വളര്‍ച്ച സംബന്ധിച്ച അനുകൂലമായ ഡാറ്റകള്‍ പുറത്തു വന്നതോടെ വിപണിയില്‍ മുന്നേറ്റം പ്രകടമായെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ സൂചികകള്‍ താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. ആസ്റ്റര്‍ ഡി എം (5.87 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.49 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.46 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.31 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.04 ശതമാനം), അപ്പോളോ ടയേഴ്സ് (2.70 ശതമാനം) തുടങ്ങി 15 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.




Related Articles
Next Story
Videos
Share it