ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 10, 2021

വ്യാവസായിക ഉല്‍പ്പാദനം 11.5% വര്‍ധിച്ചു

ജൂലൈയില്‍ രാജ്യത്തെ വ്യാവസായിക ഉല്‍പാദനം 11.5% വര്‍ധിച്ചതായി വ്യാവസായിക ഉല്‍പ്പാദന സൂചിക(ഐഐപി). ഖനന ഉല്‍പാദനം 19.5 ശതമാനവും വൈദ്യുതി ഉല്‍പാദനം 11.1 ശതമാനവുമാണ് ജൂലൈയില്‍ ഉയര്‍ന്നത്. ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള നിരക്കില്‍, പ്രാഥമിക ചരക്കുല്‍പ്പാദനത്തില്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മൂലധന വസ്തുക്കളുടെ ഉല്‍പ്പാദനം 29.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇന്റര്‍ മീഡിയറ്റ് ചരക്കുല്‍പ്പാദനത്തില്‍ 14.1 ശതമാനം വര്‍ധനയും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനത്തിലും 11.6 ശതമാനം വര്‍ധനവാണുണ്ടായത്.

ഫോറെക്‌സ് റിസര്‍വില്‍ വര്‍ധനവ് രേഖപ്പെടുത്തി

2021 സെപ്റ്റംബര്‍ 3 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വ് അഥവാ വിദേശനാണ്യ കരുതല്‍ ധനം 8.895 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 642.453 ബില്യണ്‍ ഡോളറിലെത്തി. വിദേശ കറന്‍സി ആസ്തികള്‍ (എഫ്സിഎ) ഈ ആഴ്ച 8.213 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 579.813 ബില്യണ്‍ ഡോളറിലെത്തി.

15000 ഹോംസ്‌റ്റേകളെക്കൂടി ചേര്‍ക്കാനൊരുങ്ങി മേക്ക്‌മൈട്രിപ്പ്

വരുന്ന 18 മാസത്തിനുള്ളില്‍ 15000 ഹോംസ്‌റ്റേകളെ രാജ്യത്തിന്റെ പലഭാഗത്തുനിന്നായി തങ്ങളിലേക്ക് ചേര്‍ക്കുമെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ആന്‍ഡ് സ്‌റ്റേ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ മേക്ക്‌മൈട്രിപ്പ്. 2020 മുതല്‍ അത്തരം ഹോം സ്‌റ്റേകളുടെ ഇന്‍വെന്ററികളുടെ അളവ് 90 ശതമാനത്തോളമായതായും കമ്പനി പറയുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും ഇനിയും ഹോം സ്‌റ്റേകളെ പുതുതായി ചേര്‍ക്കാനുള്ള പദ്ധതികളിലാണ് കമ്പനി.

ഹോള്‍സെയില്‍ വാഹന വില്‍പ്പന 11 ശതമാനം ഇടിഞ്ഞു

ചിപ്‌ഷോര്‍ട്ടേജ് മൂലം രാജ്യത്തെ ഹോള്‍സെയില്‍ വാഹനവില്‍പ്പന 11 ശതമാനം ഇടിഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) റിപ്പോര്‍ട്ട്. വാണിജ്യ വാഹനങ്ങള്‍ ഒഴികെയുള്ള വിഭാഗങ്ങളിലെ ഹോള്‍സെയില്‍ കച്ചവടങ്ങള്‍ കഴിഞ്ഞ മാസം 15,86,873 യൂണിറ്റായി കുറഞ്ഞു. 2020 ഓഗസ്റ്റില്‍ ഇത് 17,90,115 യൂണിറ്റായിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബോണ്ട് വില്‍പ്പനയിലൂടെയുള്ള ധനസമാഹരണത്തിന് പിഎന്‍ബി

ബോണ്ട് വില്‍പ്പനയിലൂടെയുള്ള ധനസമാഹരണത്തിനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). വെള്ളിയാഴ്ച ചേര്‍ന്ന പിഎന്‍ബി ബോര്‍ഡ് യോഗമാണ് ബേസല്‍ -3 കംപ്ലയിന്റ് അഡീഷണല്‍ ടയര്‍ -1 (എടി-1) ബോണ്ടുകളും അഡീഷണല്‍ ടയര്‍- II ബോണ്ടുകളും അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള ഇഷ്യുവിലൂടെ മൂലധന സമാഹരണത്തിനുള്ള നിര്‍ദ്ദേശം പരിഗണിച്ചത്. 6000 കോടി രൂപവരെ ഇത്തരത്തില്‍ സമാഹരിക്കാനാണ് തീരുമാനം.

ഡിജിറ്റല്‍ ഗോള്‍ഡ് സൗകര്യമൊരുക്കി കല്യാണ്‍ ജൂവലേഴ്‌സ്

ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് ജൂവല്‍റി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്‌സ്. പ്രിഷ്യസ് മെറ്റല്‍ മാനേജ്‌മെന്റ് കമ്പനിയായ ഓഗ്മോണ്ടുമായി ചേര്‍ന്നാണ് ലോകത്തെവിടെയിരുന്നും ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള കല്യാണ്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്ന സംരംഭം കല്യാണ്‍ ജൂവലേഴ്‌സ് ആരംഭിക്കുന്നത്. ഡിജിറ്റലായി വാങ്ങുന്ന സ്വര്‍ണം അഞ്ച് വര്‍ഷം വരെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി സൂക്ഷിക്കാനാകും.

ചാഞ്ചാടി സ്വര്‍ണവില; ഇന്നുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കൂടി 35,280 ആയി. ഗ്രാമിനാകട്ടെ 10 രൂപ വര്‍ധിച്ച് 4410 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി!

ആദായ നികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കേണ്ട തീയതി വീണ്ടും നീട്ടി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട കാലാവധി സെപ്റ്റംബര്‍ 30 വരെ എന്നത് ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ജൂലൈ 31 ആയിരുന്ന ആദയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയായി തീരുമാനിച്ചിരുന്നത്. അത് പിന്നീട് ഈ മാസം 30 വരെ നീട്ടിയിരുന്നു. അതാണ് ഡിസംബര്‍ 31 വരെ കേന്ദ്രം നീട്ടിവെച്ചിരിക്കുന്നതായി അറിയിച്ചിരുക്കുന്നത്.

കമ്പനികള്‍ക്കുള്ള ഐടിആര്‍ ഫയലിംഗ് സമയപരിധി 2021 നവംബര്‍ 30 മുതല്‍ 2022 ഫെബ്രുവരി 15 വരെ സിബിഡിടി നീട്ടി. ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതികള്‍ ഒക്ടോബര്‍ 31, നവംബര്‍ 30 എന്നീ സമയപരിധികളില്‍ നിന്ന് യഥാക്രമം ജനുവരി 15, 2022, ജനുവരി 31, 2022 വരെ നീട്ടി.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it