ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 16, 2021

3000 രൂപവരെ വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്
രാജ്യത്തെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021 സെപ്റ്റംബര്‍ 20 ഓടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. എക്‌സ്‌ഷോറൂം വില 3000 രൂപവരെയാകും വര്‍ധിപ്പിക്കുക എന്ന് ഔദ്യോഗിക അറിയിപ്പ്.
രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ് ആന്ധ്രാപ്രദേശില്‍
ആന്ധാപ്രദേശില്‍ നൂറേക്കറില്‍ വെള്ളിത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പോട്ടോവോള്‍ട്ടിക് പ്ലാന്റ് വരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ആണ് പദ്ധതി നടപ്പാക്കുന്നത്.
എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ കുറച്ചു
ഭവനവായ്പാ നിരക്കുകള്‍ 6.7 ശതമാനം പലിശ നിരക്കിലേക്ക് കുറച്ച് എസ്ബിഐ. നേരത്തെ 75 ലക്ഷം രൂപയ്ക്ക് മുകളില്‍ ലോണ്‍ എടുക്കുന്നവര്‍ക്ക് 7.15 ശതമാനമായിരുന്നു പലിശ നിരക്കെങ്കില്‍ ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇത് 6.7 ശതമാനത്തിന് ലഭ്യമാകുമെന്ന് സെപ്റ്റംബര്‍ 16 ന് പുറത്തിറക്കിയ അറിയിപ്പ് പറയുന്നു. 45 ബിപിഎസ് ആണ് കുറവ് വരുത്തിയത്.
വോഡഫോണും റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിച്ച് സുനില്‍ ഭാര്‍തി മിത്തല്‍
ഭാര്‍തി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ വോഡഫോണ്‍ ഗ്രൂപ്പ് സിഇഒ നിക്ക് റെഡുമായി ചില പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഉടന്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി മിത്തല്‍ ചര്‍ച്ച നടത്തിയേക്കും. ഫൈബര്‍, ഡേറ്റ സെന്റര്‍ തുടങ്ങി അടിസ്ഥാന സൗകര്യം പങ്കിടലിന് താല്‍പര്യം പ്രകടമാക്കിയതായാണ് ദേശീയ വാര്‍ത്തകള്‍.
69,900 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒക്കായ
പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ ഒക്കായ പുതിയ ഇല്ക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് വിപണിയിലിറക്കി. ഫ്രീഡം എന്ന പേരിലുള്ള സ്‌കൂട്ടറുകള്‍ 69,900 രൂപയ്ക്ക് ലഭ്യമാകും. ഏവിയോണ്‍ ഐക്യു, ക്ലാസ് ഐക്യു സിരീസുകളില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്.
സ്‌പെക്ട്രം കാലാവധി 20ല്‍ നിന്ന് 30 വര്‍ഷമാക്കി
ടെലികോം മേഖലയില്‍ നിലവിലുള്ള സ്‌പെക്ട്രം കാലാവധി 20ല്‍ നിന്ന് 30 വര്‍ഷമാക്കി ഉയര്‍ത്താന്‍ തീരുമാനമായി. എന്തെങ്കിലും കാരണവശാല്‍ നടത്തിക്കൊണ്ടു പോകാനാവില്ലെങ്കില്‍ 10 വര്‍ഷത്തിനു ശേഷം നിശ്ചിത ഫീസടച്ച് സ്‌പെക്ട്രം സറണ്ടര്‍ ചെയ്യാം.
സ്വര്‍ണവില ഉയര്‍ന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച് 35,440 രൂപയായി. ഒരു ഗ്രാമിന് 4,430 രൂപയുമായി. തുടര്‍ച്ചയായ നാലു ദിവസം ഒരേ നിരക്കില്‍ സ്വര്‍ണ വില തുടര്‍ന്നതിന് ശേഷമാണ് വില ഉയര്‍ന്നത്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. പവന് 35,200 രൂപയായിരുന്നു വില.
ബാങ്കിംഗ് ഓഹരികള്‍ കരുത്തുകാട്ടി, പുതിയ ഉയരങ്ങളില്‍ സൂചികകള്‍
ഇന്ത്യന്‍ ഓഹരി സൂചികകള്‍ പുതിയ ഉയരത്തില്‍. ബാങ്കിംഗ് ഓഹരികളുടെ കരുത്തിലാണ് ഇന്ന് സൂചികകള്‍ കുതിച്ചത്. സെന്‍സെക്സ് 418 പോയ്ന്റ് ഉയര്‍ന്ന് 59141.16 പോയ്ന്റിലും നിഫ്റ്റി 110 പോയ്ന്റ് ഉയര്‍ന്ന് 17629.50 പോയ്ന്റിലും ക്ലോസ് ചെയ്തു. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികള്‍ മികവ് കാട്ടിയപ്പോള്‍ ബിഎസ്ഇ മിഡ്കാപ് സൂചിക 25384.22 പോയന്റും സ്മോള്‍കാപ് സൂചിക 28456.77 പോയ്ന്റ്ും എന്ന റെക്കോര്‍ഡ് ഉയരം കൈവരിച്ചു. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 5.43 ശതമാനം നേട്ടം രേഖപ്പെടുത്തി. പ്രൈവറ്റ് ബാങ്ക് സൂചികയാവട്ടെ 2.67 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ സൂചിക 1.71 ശതമാനവും മെറ്റല്‍, ഐറ്റി സൂചികകള്‍ 0.62 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ദേശീയ തലത്തിലെ പ്രവണതയുടെ ചുവടുപിടിച്ച് കേരളത്തിലെ ബാങ്കുകളെല്ലാം ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കി. 9.01 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് ആണ് കേരള കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it